തിങ്കളാഴ്ച വിപണിയില്‍ ഈ ഓഹരികളിലൊരു കണ്ണുവേണം
- ത്രൈമാസഫലം പുറത്തുവിട്ട് ടാറ്റാ മോട്ടോഴ്‌സ്
- മികച്ച അറ്റാദായം നേടി അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സ്
- അംബുജയുടെ ഓഹരികള്‍ മുന്നേറിയേക്കും
വിപണി തുടങ്ങുന്ന തിങ്കളാഴ്ച എന്തൊക്കെ സംഭവിക്കുമെന്ന മുന്‍ധാരണ നല്ലൊരു നിക്ഷേപകന് വേണം. സൂചികയില്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്യുമ്പോഴുള്ള ട്രെന്‍ഡും വരാനിരിക്കുന്ന ദിവസം നേട്ടം കൊയ്യാന്‍ സാധ്യതയുള്ള ഓഹരികളെയുമൊക്കെ തിരിച്ചറിഞ്ഞിരിക്കുന്നതാണ് നിക്ഷേപകന്റെ വിജയം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 0.20 ശതമാനം കയറി 62,027ലും നിഫ്റ്റി -50 സൂചിക 0.1 ശതമാനം ഉയര്‍ന്ന് 18314.80 എന്ന പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.33 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.08 ശതമാനവും താഴോട്ട് പോയി. എന്നാല്‍ സെക്ടര്‍ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ബിഎസ്ഇ ഓട്ടോ സൂചികയും ബിഎസ്ഇ യൂട്ടിലിറ്റിയും വലിയ നേട്ടം കൊയ്തിട്ടുണ്ട്. തിങ്കളാഴ്ച വിപണിയില്‍ നിക്ഷേപകന്‍ ശ്രദ്ധിക്കേണ്ട ചില ലാര്‍ജ് ക്യാപ് ഓഹരികള്‍ താഴെ പറയാം.
ടാറ്റാ മോട്ടോഴ്‌സ്
കമ്പനിയുടെ പാദഫലം പുറത്തുവിട്ടത് വെള്ളിയാഴ്ചവൈകീട്ടാണ്. കമ്പനി മികച്ച വളര്‍ച്ചയാണ് നേടിയത്. വെള്ളിയാഴ്ച വൈകീട്ട് വിപണിയില്‍ ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും വലിയ നിലവാരമാണ് നേടിയത്. 520.40 രൂപയായിരുന്നു വില. ടാറ്റാ മോട്ടോഴ്‌സിന്റെ ത്രൈമാസ ഫലം കൂടി പോസിറ്റീവായ സാഹചര്യത്തില്‍ തിങ്കളാഴ്ച ഈ ഓഹരിയില്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍ നോക്കിവെക്കുന്നത് നല്ലതാണ്.
അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സ് ലിമിറ്റഡ്
ശനിയാഴ്ചയാണ് യൂട്ടിലിറ്റി ഓഹരികളിലൊന്നായ അവന്യൂവിന്റെ ത്രൈമാസഫലവും വാര്‍ഷിക റിപ്പോര്‍ട്ടും പുറത്തുവിട്ടത്. മികച്ച അറ്റാദായവും വരുമാനവും നേടിയ കമ്പനിയുടെ ഓഹരികളില്‍ തിങ്കളാഴ്ച മുന്നേറ്റം പ്രതീക്ഷിക്കാം. 25.80 ശതമാനം ലാഭവളര്‍ച്ചയാണ് നേടിയത്. അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും വലിയ നേട്ടമാണ് ഇത്തവണ കൊയ്തത്. 3680.25 രൂപയാണ് നിലവിലെ ഓഹരി വില. 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 4606 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 3185 രൂപയുമാണ്. 10 രൂപയാണ് മുഖവില. 17056075 രൂപയാണ് വിറ്റുവരവ്.
അംബുജ സിമന്റ്‌സ്
നിര്‍മാണ മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ വന്‍കിട ബിസിസനുകാരായ ഈ കമ്പനിയുടെ ഓഹരിക്ക് തിങ്കളാഴ്ച വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. 14 എംഎംടി സിമന്റ്‌സ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനായി കമ്പനി ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. വരുന്ന അഞ്ച് വര്‍ഷത്തിനകം ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ വിപുലീകരണം. അതായത് കമ്പനി വളര്‍ച്ചയുടെ പാതയിലാണെന്ന് ചുരുക്കം.ഇക്കഴിഞ്ഞ ദിവസമാണ് പുതിയ തീരുമാനം കമ്പനി പ്രഖ്യാപിച്ചത്. നിലവില്‍ 410 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 598.15 രൂപയാണ്. ഏറ്റവും കുറഞ്ഞ നിലവാരം 315.30 രൂപയാണ്.