മേയില്‍ ഇതുവരെ എഫ്‍പിഐ-കള്‍ നടത്തിയത് 23,152 കോടി രൂപയുടെ നിക്ഷേപം

  • 2023 ലെ ഇതുവരെയുള്ള മൊത്തം കണക്കിലും അറ്റവാങ്ങല്‍
  • മികച്ച വരുമാന സീസണ്‍ എഫ്‍പിഐകളെ ആകര്‍ഷിച്ചു
  • മേയില്‍ ഡെറ്റ് വിപണിയിലും അറ്റ നിക്ഷേപം

Update: 2023-05-14 10:17 GMT

വിദേശ നിക്ഷേപകർ മെയ് മാസത്തിൽ ഇന്ത്യൻ ഇക്വിറ്റികളിലെ തങ്ങളുടെ വാങ്ങൽ താൽപ്പര്യം കൂടുതല്‍ കരുത്തുറ്റതാക്കി. മേയ് 2 മുതല്‍ 12 വരെയുള്ള വ്യാപാര ദിനങ്ങളിലായി 23,152 കോടി രൂപയിൽ കൂടുതൽ എഫ്‍പിഐ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരികളില്‍ എത്തിയത്. ആഭ്യന്തര സമ്പദ് ഘടനയിലെ ബൃഹദ് ഘടകങ്ങളെ കുറിച്ചുള്ള ശക്തമായ വീക്ഷണവും യുഎസ് ഫെഡറൽ റിസർവ് കൂടുതൽ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത മങ്ങിയതും മികച്ച വരുമാന സീസണും എഫ്‍പിഐകളെ ഇന്ത്യന്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നു.

മേയിലെ കനത്ത വാങ്ങലിനെ തുടര്‍ന്ന്, 2023ല്‍ ഇതുവരെയുള്ള മൊത്തം കാലയളവില്‍ അറ്റവാങ്ങലുകാരായി മാറാന്‍ എഫ്‍പിഐകള്‍ക്കായി. 2023 ൽ ഇതുവരെ 8,572 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരികളില്‍ എഫ്‍പിഐകള്‍ നടത്തിയത് എന്ന് ഡിപ്പോസിറ്ററികളിൽ ലഭ്യമായ ഡാറ്റ കാണിക്കുന്നു.

"തൊഴിലില്ലായ്മ നിരക്ക്, പണപ്പെരുപ്പം എന്നിങ്ങനെ യുഎസ് സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള പ്രധാന മാക്രോ ഡാറ്റകളെല്ലാം മിക്കവാറും വിപണി വിലയിരുത്തലുകള്‍ക്ക് അനുസൃതമാണ്. അതിനാല്‍ ആഗോള തലത്തിലെ വെല്ലുവിളികള്‍ ഹ്രസ്വകാലത്തേക്ക് നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വരുന്ന മാസങ്ങളിലും എഫ്‍പിഐ നിക്ഷേപ വരവ് ശക്തമായി തുടരുമെന്നാണ് വിലയിരുത്തുന്നത്, സാന്‍ക്റ്റം വെൽത്ത് പ്രോഡക്‌ട്‌സ് ആൻഡ് സൊല്യൂഷൻസ് കോ-ഹെഡ് മനീഷ് ജെലോക പറഞ്ഞു.

"ഡോളറിന്റെ മൂല്യം അടുത്ത കാലയളവിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, എഫ്പിഐകൾ ഇന്ത്യയിൽ വാങ്ങൽ തുടരാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ ബൃഹത് സാമ്പത്തിക ഘടകങ്ങളുടെ പുരോഗതിയും ഇന്ത്യയിലേക്കുള്ള തുടർച്ചയായ ഒഴുക്കിനെ അനുകൂലിക്കുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ , പറഞ്ഞു.

ഓഹരികളില്‍ ഏപ്രിലിൽ 11,630 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയും എഫ്‍പിഐ നിക്ഷേപം എത്തിയതിനു പിന്നാലെയാണ് മേയിലെ ആദ്യ രണ്ട് ആഴ്ചകളില്‍ 23,152 കോടി രൂപയുടെ നിക്ഷേപമെത്തിയത്. അമേരിക്ക ആസ്ഥാനമായുള്ള ജിക്യുജി പാർട്ണേഴ്‌സ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ നടത്തിയ മൊത്തത്തിലുള്ള നിക്ഷേപമാണ് മാർച്ചിലെ എഫ്‍പിഐ നിക്ഷേപത്തെ പോസിറ്റിവാക്കി മാറ്റിയത്. ഇത് മാറ്റിനിർത്തിയാല്‍ നെഗറ്റിവ് ഇന്‍ഫ്ലോ ആണ് മാര്‍ച്ചില്‍ നടന്നത്. 2023ലെ ആദ്യ രണ്ട് മാസങ്ങളിൽ എഫ്‍പിഐകൾ 34,000 കോടി രൂപയുടെ പിന്‍വലിക്കലാണ് ഇന്ത്യന്‍ ഓഹരികളില്‍ നടത്തിയിരുന്നത്.

ആഗോളതലത്തിൽ ഗവൺമെന്റുകളുടെ ഇടപെടൽ യുഎസ് റീജിയണൽ ബാങ്കുകൾക്ക് സ്ഥിരത കൈവരിച്ചതായി തോന്നുന്നു, ഇത് മാർച്ചിലെ പ്രക്ഷുബ്ധമായ കാലയളവിനുശേഷം അപകടസാധ്യതയുള്ള അന്തരീക്ഷത്തിലേക്ക് നയിച്ചു, ഇത് ഏപ്രിലിലും തുടർന്നുള്ള മെയ് മാസത്തിലും എഫ്പിഐകളുടെ ഒഴുക്ക് മെച്ചപ്പെടാൻ ഇടയാക്കി.

മേയിലെ ആദ്യ രണ്ട് ആഴ്ചകളില്‍ രാജ്യത്തെ ഡെറ്റ് വിപണിയില്‍ 68 കോടി രൂപയുടെ നിക്ഷേപവും എഫ്‍പിഐകള്‍ നടത്തി. എഫ്‍പിഐകളുടെ പ്രിയപ്പെട്ട മേഖലയായി ധനകാര്യം തുടരുകയാണ്.. കൂടാതെ, അവർ മൂലധന ഉല്‍പ്പന്നങ്ങള്‍, ഓട്ടോമൊബൈല്‍ എന്നീ മേഖലകളിലെ ഓഹരികളിലും ശക്തമായ എഫ്‍പിഐ നിക്ഷേപം നടന്നു. 

Tags:    

Similar News