21 രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിന് ഇനി ഏഞ്ചല്‍ നികുതിയില്ല

  • ഈ നിക്ഷേപങ്ങള്‍ ഏഞ്ചല്‍ നികുതി പരിധിയിലെത്തിയത് ബജറ്റ് പ്രഖ്യാപനത്തിലൂടെ
  • പുതിയ വിജ്ഞാപനത്തിന് ഏപ്രില്‍ 1 മുതല്‍ പ്രാബല്യം
  • നിക്ഷേപങ്ങളുടെ മൂല്യനിർണ്ണയ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള വിജ്ഞാപനം ഉടന്‍

Update: 2023-05-25 15:37 GMT

ലിസ്റ്റ് ചെയ്യപ്പെടാത്ത ഇന്ത്യൻ സ്റ്റാർട്ടപ്പുകളില്‍ യുഎസ്, യുകെ, ഫ്രാൻസ് എന്നിവയുൾപ്പെടെ 21 രാജ്യങ്ങളില്‍ നിന്നെത്തുന്ന നിക്ഷേപത്തെ ഏഞ്ചല്‍ നികുതിയില്‍ നിന്ന് ഒഴിവാക്കിതായി ധനമന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്‍മാരല്ലത്ത നിക്ഷേപകര്‍ നടത്തുന്ന നിക്ഷേപത്തിന് നികുതി ബാധകമാകില്ലെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാൽ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് വലിയ തോതില്‍ നിക്ഷേപമെത്തുന്ന സിംഗപ്പൂർ, നെതർലൻഡ്‌സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളെ നികുതി ഒഴിവാക്കുന്നതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നേരത്തേ ബജറ്റ് പ്രഖ്യാപനത്തിലൂടെയാണ് ഡിപിഐഐടി അംഗീകൃത സ്റ്റാർട്ടപ്പുകൾ ഒഴികെയുള്ള ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളിലെ വിദേശ നിക്ഷേപത്തെ ഏഞ്ചൽ നികുതി പരിധിക്ക് കീഴില്‍ കൊണ്ടുവന്നത്. അതേത്തുടര്‍ന്ന് സ്റ്റാർട്ടപ്പ്, വെഞ്ച്വർ ക്യാപിറ്റൽ വ്യവസായങ്ങള്‍ ചില വിദേശ നിക്ഷേപക വിഭാഗങ്ങൾക്ക് ഇളവ് നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) മേയ് 24-ന് ഏഞ്ചൽ നികുതി ബാധകമല്ലാത്ത നിക്ഷേപ വിഭാഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സെബിയിൽ കാറ്റഗറി-1 എഫ്‌പിഐ, എൻഡോവ്‌മെന്റ് ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, ബ്രോഡ്-ബേസ്ഡ് പൂൾഡ് ഇൻവെസ്റ്റ്‌മെന്റ് വെഹിക്കിളുകൾ എന്നിവയായി രജിസ്റ്റർ ചെയ്തിട്ടുള്ളതും യുഎസ്, യുകെ, ഓസ്‌ട്രേലിയ, ജർമ്മനി, സ്‌പെയിൻ എന്നിവയുൾപ്പെടെ 21 നിർദ്ദിഷ്‌ട രാജ്യങ്ങളിലെ താമസക്കാരില്‍ നിന്നുള്ളതുമായ സ്ഥാപനങ്ങളെയാണ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

ഓസ്ട്രിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, ഇസ്രായേൽ, ഇറ്റലി, ഐസ്‍ലാൻഡ്, ജപ്പാൻ, കൊറിയ, റഷ്യ, നോർവേ, ന്യൂസിലൻഡ്, സ്വീഡൻ എന്നിവയാണ് വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന മറ്റ് രാജ്യങ്ങൾ. സിബിഡിടി വിജ്ഞാപനം ഏപ്രിൽ 1 മുതലുള്ള പ്രാബല്യത്തിലാണ് നടപ്പാക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകളിലെ വിദേശ നിക്ഷേപങ്ങളുടെ മൂല്യനിർണ്ണയ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള ഔപചാരിക വിജ്ഞാപനവും സിബിഡിടി ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ ഇപ്പോള്‍ അഭിപ്രായ സമാഹരണം നടത്തുകയാണ്.

Tags:    

Similar News