ഐപിഒ-യിലെ 10% സംവരണം; ജീവനക്കാർ ഉയർത്തുന്ന ചോദ്യങ്ങൾ പ്രസക്തമോ?

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിലവില്‍ വന്നത് 1956 ലാണ്. സര്‍ക്കാരി​ന്റെ 5 കോടി രൂപ മൂലധനം ഉപയോഗിച്ച് 'ജനങ്ങളുടെ ക്ഷേമത്തിനായി ജനങ്ങളുടെ പണം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഐസി അതിന്റെ യാത്ര ആരംഭിച്ചത്. ഇപ്പോൾ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഏകദേശം 5 ശതമാനം (31.6 കോടി ഓഹരികള്‍) ഓഹരി വിപണിയിലൂടെ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് 75,000 കോടി രൂപ വരെ സമാഹരിക്കാനും. എല്‍ഐസിയുടെ എംബഡഡ് മൂല്യം 5.4 ലക്ഷം കോടി […]

Update: 2022-03-16 23:23 GMT
trueasdfstory

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിലവില്‍ വന്നത് 1956 ലാണ്. സര്‍ക്കാരി​ന്റെ 5 കോടി രൂപ മൂലധനം ഉപയോഗിച്ച് 'ജനങ്ങളുടെ ക്ഷേമത്തിനായി...


ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിലവില്‍ വന്നത് 1956 ലാണ്. സര്‍ക്കാരി​ന്റെ 5 കോടി രൂപ മൂലധനം ഉപയോഗിച്ച് 'ജനങ്ങളുടെ ക്ഷേമത്തിനായി ജനങ്ങളുടെ പണം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഐസി അതിന്റെ യാത്ര ആരംഭിച്ചത്.

ഇപ്പോൾ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഏകദേശം 5 ശതമാനം (31.6 കോടി ഓഹരികള്‍) ഓഹരി വിപണിയിലൂടെ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് 75,000 കോടി രൂപ വരെ സമാഹരിക്കാനും. എല്‍ഐസിയുടെ എംബഡഡ് മൂല്യം 5.4 ലക്ഷം കോടി രൂപയായാണ് മില്ലിമാന്‍ അഡൈ്വസേഴ്‌സ് കണക്കാക്കിയത്. കമ്പനിയുടെ വിപണിമൂല്യം ഇതി​ന്റെ മൂന്നുമടങ്ങ് വരും. 2015 ലാണ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ള നിയമം പ്രാബല്യത്തില്‍ വന്നത്. പരമാവധി 49 ശതമാനം ഓഹരി മാത്രമേ വില്‍ക്കൂ എന്നും, 51 ശതമാനം സര്‍ക്കാരിന്റെ കൈവശം വെക്കുമെന്നുമായിരുന്നു അന്ന് പറഞ്ഞത്.

എന്നാല്‍ എല്‍ഐസി ജീവനക്കാരും, സംഘടനകളും ഇതിനെതിരെ പരസ്യമായി പ്രതിഷേധിക്കുകയാണ്. എല്‍ഐസി യിൽ കേന്ദ്ര സര്‍ക്കാരിന്റെ 100 കോടി രൂപയുടെ ഷെയര്‍ മാത്രമേ ഉള്ളുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

പോളിസി ഹോള്‍ഡർക്ക് ലാഭമോ, നഷ്ടമോ?
പാര്‍ട്ടിസിപ്പേറ്ററി പോളിസി, നോണ്‍-പാര്‍ട്ടിസിപ്പേറ്ററി പോളിസി എന്നിങ്ങനെ രണ്ടുതരം പോളിസികളാണ് ഒരു ഇന്‍ഷുറന്‍സ് കമ്പനിക്ക് ഉണ്ടാവുക. പാര്‍ട്ടിസിപ്പേറ്ററി പോളിസികള്‍ ബോണസ് ലഭിക്കാന്‍ അര്‍ഹതയുള്ളവയാണ്. നോണ്‍-പാര്‍ട്ടിസിപ്പേറ്ററി പോളിസികള്‍ക്ക് നിരക്ക് വളരെ കുറവായിരിക്കും. അതിനാല്‍ ഇവയ്ക്ക് ബോണസില്‍ പങ്കാളിത്തം ഉണ്ടാവില്ല. എല്‍ഐസിയെ ഒരു ബിസിനസ് ആയെടുത്താല്‍ 82:18 എന്നതാണ് പാര്‍ട്ടിസിപ്പേറ്ററി പോളിസികളും, നോണ്‍-പാര്‍ട്ടിസിപ്പേറ്ററി പോളിസികളും തമ്മിലുള്ള അനുപാതം.

എല്‍ഐസിയുടെ ലാഭത്തിന്റെ 95 ശതമാനവും (മിച്ച മൂല്യം) പോളിസി ഉടമകള്‍ക്കാണ് നല്‍കുന്നത്. ബാക്കി 5 ശതമാനം മാത്രമേ ഷെയര്‍ ഹോള്‍ഡറായ (ഉടമയായ) സര്‍ക്കാരിന് ലഭിക്കുന്നുള്ളൂ.

എല്‍ഐസി ഓഹരി വില്‍പ്പനയിലേക്ക് കടക്കുമ്പോള്‍ പ്രോഫിറ്റ് ഷെയറിംഗിൽ മാറ്റം അനിവാര്യമാണ്. അപ്പോള്‍, ഉടമയായ സര്‍ക്കാരിന്റെ ലാഭം ഇരട്ടിയാവും. ഇതിനോടൊപ്പം, നോണ്‍-പാര്‍ട്ടിസിപ്പേറ്ററി ബിസിനസിലുണ്ടാകുന്ന ലാഭം 100 ശതമാനവും സര്‍ക്കാരിലേക്ക് പോകും. എല്‍ഐസി പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളിൽ ഈയിടെയായി വരുന്ന മാറ്റവും എടുത്തു പറയേണ്ടതാണ്. പാര്‍ട്ടിസിപ്പേറ്ററി പോളിസികളില്‍ നിന്ന് നോണ്‍-പാര്‍ട്ടിസിപ്പേറ്ററി പോളിസികളിലേക്കുള്ള ചുവടുമാറ്റം ഇവിടെ കാണാം.

റിസ്‌ക് കവറേജ് ആണ് എല്‍ഐസി പോളിസികളുടെ പ്രത്യേകത. ഇതിന് മിക്കപ്പോഴും ചെറിയ പ്രീമിയം തുകയേ ഉണ്ടാവൂ. ഇവയ്ക്ക് ബോണസ് ഉണ്ടാവും. ബോണസിനനുസരിച്ച് ലഭിക്കുന്ന തുക കൂടും. പോളിസി ഹോള്‍ഡര്‍ മരണപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണ്ണമായും തിരികെ ലഭിക്കും. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് തുക തിരികെ ലഭിക്കുന്നതെങ്കില്‍ ഇതൊരു സമ്പാദ്യമായി മാറുന്നു. റിസ്‌ക് കവറേജ്, സുരക്ഷിതത്വം, സമ്പാദ്യം എന്നിവയെല്ലാമാണ് എല്‍ഐസിയുടെ പ്രത്യേകതകള്‍. ഓഹരിവിപണിയിലേക്ക് എല്‍ഐസി ചുവടുവെയ്ക്കുമ്പോള്‍ പോളിസി ഉടമകള്‍ക്കു ലഭിക്കുന്ന സുരക്ഷിതത്വം ഇല്ലാതാവും. ഇതിനോടൊപ്പം വരുമാനവും.

വികസന പ്രവര്‍ത്തനങ്ങള്‍

രാജ്യത്തിന്റെ വികസനത്തിനായി എല്‍ഐസി പ്രതിവര്‍ഷം 4.5 ലക്ഷം കോടിയോളം രൂപ നിക്ഷേപിക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഇതുവരെ 31 ലക്ഷം കോടിയിലധികം രൂപ എല്‍ഐസി നിക്ഷേപിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സെക്യൂരിറ്റികള്‍, പാര്‍പ്പിടം, ജലസേചനം, റോഡ് മുതലായവയിലെല്ലാം എല്‍ഐസി നിക്ഷേപം നടത്തുന്നുണ്ട്. രാജ്യത്തിന് ഓരോ വര്‍ഷവും പദ്ധതി വിഹിതം പ്രഖ്യാപിക്കുന്നതില്‍ 25 ശതമാനവും കണ്ടെത്തുന്നത് എല്‍ഐസിയില്‍ നിന്നാണ്. ഇങ്ങനെയുള്ളൊരു സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്ന് എല്‍ഐസി ജീവനക്കാര്‍ തന്നെ ചോദിക്കുന്നു.

ഓഹരിവിപണിയില്‍ എല്‍ഐസിയെ ലിസ്റ്റ് ചെയ്യുന്നത് സുതാര്യത വര്‍ധിപ്പിക്കുമെന്നൊരു വാദമുണ്ട്. എന്നാൽ, എല്ലാ മാസവും പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ടുകള്‍ എല്‍ഐസി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) യ്ക്ക് സമര്‍പ്പിക്കുന്നുണ്ട്. ഇവ പാര്‍ലമെന്റില്‍ സൂക്ഷ്മ പരിശോധനയ്ക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഓരോ പാദത്തിലും പൊതുവായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.

എല്‍ഐസി ഓഹരി വിപണിയിലെത്തുമ്പോൾ

130 കോടിയോളം ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. ജനസംഖ്യയുടെ ഏകദേശം 2 ശതമാനം മാത്രമാണ് ഓഹരിവിപണിയെക്കുറിച്ച് അറിവുള്ളവരും, ട്രേഡിംഗ് നടത്തുന്നവരും. ട്രേഡിംഗ് നടത്തണമെങ്കില്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ അനിവാര്യമാണ്. ഇന്ത്യയില്‍ ഡീമാറ്റ് അക്കൗണ്ട് ഉള്ളവരുടെ എണ്ണം ഏകദേശം 8 കോടി മാത്രമാണ്. അതില്‍ ആക്ടീവ് ആയിരിക്കുന്നവരുടെ എണ്ണം ഇതിനെക്കാള്‍ കുറവാണ്.

എല്‍ഐസി പോളിസി ഉടമകള്‍ക്ക് 10 ശതമാനം സംവരണം നല്‍കും എന്നു പറയുന്നു. എന്നാല്‍ 40 കോടിയോളം പോളിസി ഉടമകള്‍ എല്‍ഐസിയ്ക്കുണ്ട്. അതിനാല്‍ തന്നെ ഈ വാഗ്ദാനം കണ്ണില്‍ പൊടിയിടലാണെന്ന് എല്‍ഐസി ജീവനക്കാരനും എല്‍ഐസി എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ഡിവിഷന്‍ ജനറല്‍ സെക്രട്ടറിയുമായ ബിജു ഐ കെ പറഞ്ഞു. കൂടാതെ, 20 ശതമാനം വിദേശ നിക്ഷേപകര്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഉല്‍പ്പാദന രംഗത്തോ, അതി​ന്റെ വളര്‍ച്ചയ്ക്കോ, സമ്പദ്ഘടനയുടെ വികാസത്തിനോ ഷെയര്‍ മാര്‍ക്കറ്റ് നേരിട്ട് സഹായിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ ഒരു മ്യൂച്ചല്‍ ബെനഫിറ്റ് കമ്പനി പോലെ പ്രവര്‍ത്തിക്കുന്ന എല്‍ഐസി, ഐപിഒ യ്ക്കു ശേഷം വിപണിയിലെത്തുമ്പോൾ ലാഭ കേന്ദ്രീകൃതമായി മാറും. കൂടാതെ, വരുന്ന എല്ലാ വർഷങ്ങളിലും ​ഗവൺമെ​ന്റുകളുടെ കമ്മി നികത്താൻ ഓഹരി വിൽപ്പന തകൃതിയായി നടക്കും, കമ്പനി പൂർണ്ണമായും സ്വകാര്യവൽക്കരിക്കുന്നതു വരെ. അന്തിമ നഷ്ടം പോളിസി ഹോള്‍ഡർക്കു തന്നെ.

(അഭിപ്രായങ്ങൾ വ്യക്തിപരം, മൈഫിൻപോയി​ന്റി​ന് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല)

Tags:    

Similar News