വരുമാനം ഉയര്‍ത്തണം, ചെലവ് കുറയ്ക്കണം; എന്താണ് ധനമന്ത്രിയുടെ മനസിലിരുപ്പ്?

സാമ്പത്തിക കേരളം ഉറ്റുനോക്കുന്ന ഒന്നായി 2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റ് മാറുന്നുണ്ടെങ്കില്‍ അതിന് ശക്തമായ കാരണങ്ങളുണ്ട്. സംസ്ഥാനം നേരിടുന്ന ധനകാര്യ പ്രതിസന്ധിയാണ് അതില്‍ മുഖ്യമായത്. ആരോഗ്യ, സാമൂഹ്യ മേഖലകളിടക്കം പൊതുചെലവുകള്‍ കുത്തനെ ഉയരുകയും റെവന്യു വരുമാനത്തില്‍ ഇടിവുണ്ടായതുമാണ് ധനപ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. സാമൂഹ്യക്ഷേമ ചെലവുകളില്‍ 2020 -21 ല്‍ ഉണ്ടായ വര്‍ധന 162 ശതമാനമാണ്. ദേശീയ ശരാശരി വര്‍ധന 30 ശതമാനം മാത്രമാണെന്ന് ഓര്‍ക്കണം. ഇതിന്റെ ഫലമായി പുതുക്കിയ കണക്കുകള്‍ പ്രകാരം റെവന്യു കമ്മി 6 ശതമാനമായും ധനകമ്മി […]

Update: 2022-03-09 19:33 GMT
trueasdfstory

സാമ്പത്തിക കേരളം ഉറ്റുനോക്കുന്ന ഒന്നായി 2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റ് മാറുന്നുണ്ടെങ്കില്‍ അതിന് ശക്തമായ കാരണങ്ങളുണ്ട്. സംസ്ഥാനം നേരിടുന്ന...





 


സാമ്പത്തിക കേരളം ഉറ്റുനോക്കുന്ന ഒന്നായി 2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റ് മാറുന്നുണ്ടെങ്കില്‍ അതിന് ശക്തമായ കാരണങ്ങളുണ്ട്. സംസ്ഥാനം നേരിടുന്ന ധനകാര്യ പ്രതിസന്ധിയാണ് അതില്‍ മുഖ്യമായത്. ആരോഗ്യ, സാമൂഹ്യ മേഖലകളിടക്കം പൊതുചെലവുകള്‍ കുത്തനെ ഉയരുകയും റെവന്യു വരുമാനത്തില്‍ ഇടിവുണ്ടായതുമാണ് ധനപ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. സാമൂഹ്യക്ഷേമ ചെലവുകളില്‍ 2020 -21 ല്‍ ഉണ്ടായ വര്‍ധന 162 ശതമാനമാണ്. ദേശീയ ശരാശരി വര്‍ധന 30 ശതമാനം മാത്രമാണെന്ന് ഓര്‍ക്കണം. ഇതിന്റെ ഫലമായി പുതുക്കിയ കണക്കുകള്‍ പ്രകാരം റെവന്യു കമ്മി 6 ശതമാനമായും ധനകമ്മി 7 .4 ശതമാനമായും ഉയര്‍ന്നു. സംസ്ഥാനത്തിന്റെ റെവന്യു ചെലവുകള്‍ തുടര്‍ന്നും കുത്തനെ ഉയരുന്ന സ്ഥിതിയുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ റെവന്യു വരുമാനം ഉയര്‍ത്തുക എന്നത് അനിവാര്യമായ ഒരു കാര്യമാണ്. ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ ആരായേണ്ടതുമുണ്ട്. ഈ സമസ്യകള്‍ക്ക് ധനമന്ത്രി കെ. എന്‍ ബാലഗോപാലിന്റെ രണ്ടാം ബജറ്റ് എന്ത് ഉത്തരമാണ് നല്‍കുക എന്നതാണ് ഈ ബജറ്റിനെ പ്രസക്തമാക്കുന്ന മുഖ്യഘടകം. നികുതികള്‍, പ്രത്യേകിച്ച് വില്പന നികുതി, ഉയര്‍ത്തുന്നതിനുള്ള സാദ്ധ്യതകള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ പരിമിതമാണ്.

കാരണം, ജി എസ് ടി നടപ്പിലാക്കിയതോട് കൂടി അത്തരത്തില്‍ വരുമാനം ഉയര്‍ത്താന്‍ കഴിയുക പ്രധാനമായും പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിലും മദ്യത്തിന്റെ കാര്യത്തിലുമാണ്. എന്നാല്‍ ഇത് രണ്ടിന്റെയും വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറത്താണ് എന്നത് കൊണ്ട് അതില്‍ കൈ വയ്ക്കുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. വലിയ തോതിലുള്ള പ്രതിഷേധം ക്ഷണിച്ചു വരുത്തുന്ന ഈ നടപടിക്ക് എന്തായാലും ധനമന്ത്രി തുനിയില്ല എന്ന് തന്നെ കരുതാം. മോട്ടോര്‍ വാഹന നികുതി, ഭൂനികുതി, റെജിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളാണ് പിന്നാലെ വരുന്നത്. എന്നാല്‍ ഇവിടെയും വരുന്ന പ്രധാന പ്രതിസന്ധി കോവിഡ് മഹാമാരി ജനങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്ന വരുമാന നഷ്ടവും അത് ഉളവാക്കിയിരിക്കുന്ന അനുബന്ധ പ്രശ്‌നങ്ങളുമാണ്.

നികുതിയേതര വരുമാനമാണ് സര്‍ക്കാരിന് മുന്‍പിലുള്ള മറ്റൊരു മാര്‍ഗം. ഇക്കുറി ഇത്തരത്തില്‍ വരുമാന വര്‍ധനക്കുള്ള വഴികളാകും സര്‍ക്കാര്‍ തേടുക എന്നാണ് ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകളില്‍ കാര്യമായ വര്‍ധന വരുത്താനുള്ള സാധ്യത ശക്തമാണ്. നിലവില്‍ ആശുപത്രികള്‍ ഉള്‍പ്പടെയുള്ള പല സേവന മേഖലകളിലും നാമമാത്രമായ ഫീസ് ആണ് ഈടാക്കി വരുന്നത്. ഇതിന് 50 -100 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാവുന്നതാണ്.

പ്രശ്‌നം പക്ഷെ, ഈ മാറ്റം കൊണ്ട് വരുമാനം കാര്യമായ തോതില്‍ ഉയര്‍ത്താന്‍ കഴിയില്ല എന്നതാണ്. ഏകദേശം 20,000 കോടി രൂപയുടെ റെവന്യു കമ്മിയാണ് സംസ്ഥാനം നേരിടുന്നത്. അത്രത്തോളം ഉയര്‍ത്താന്‍ കഴിയുക തത്കാലം അസാധ്യമാണെങ്കിലും കാര്യമായ വരുമാന വര്‍ധന ഇല്ലാതെ കേരളത്തിന് ഒരടി മുന്നോട്ട് വയ്ക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്.

റവന്യുറെവന്യു കുടിശിക പിരിച്ചെടുക്കുക, നികുതി വെട്ടിപ്പും നികുതി ഒഴിവും വഴിയുള്ള വരുമാന ചോര്‍ച്ച അടക്കുക തുടങ്ങിയ മാര്‍ഗങ്ങളാണ് വിദഗ്ദ്ധര്‍ മുന്നോട്ട് വയ്ക്കുന്നത്. ഏതാണ്ട് 20,000 കോടി രൂപയുടെ കുടിശിക സംസ്ഥാനത്തിന് ലഭിക്കാനുണ്ട് എന്നാണ് കണക്ക്. 3,200 കോടി രൂപയോളം വൈദ്യുതി ബോര്‍ഡിന് മാത്രമായി കുടിശ്ശികയുണ്ട്. ഇതിന്റെ പകുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ പ്രതിസന്ധി വലിയൊരളവോളം പരിഹരിക്കാന്‍ കഴിയും. ചെലവുകള്‍ ചുരുക്കും എന്ന് ഭംഗിവാക്ക് ധനമന്ത്രിമാര്‍ പുട്ടിന് പീരയെന്നോണം ഉപയോഗിക്കാറുണ്ടെങ്കിലും ഇത് ഇന്നത്തെ സാഹചര്യത്തില്‍ എളുപ്പമുള്ള കാര്യമല്ല.

എന്നിരുന്നാലും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതടക്കമുള്ള ചെലവുകള്‍ നിയന്ത്രിക്കുന്നത് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന കെ - റെയില്‍ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും പണം കണ്ടെത്തേണ്ടതുണ്ട്.

ഏതായാലും വരുമാനം ഉയര്‍ത്തുന്നതിന് സംസ്ഥാന ധനമന്ത്രിമാരുടെ കൈവശം മാന്ത്രിക വടിയൊന്നുമില്ല. അതുകൊണ്ട് ജനരോഷം ഉയര്‍ത്താതെ വരുമാനം ഉയര്‍ത്തുകയും ധനസ്ഥിതി മെച്ചമാക്കുകയും ചെയ്യുക എന്ന ഞാണിന്മേല്‍ കളിയാണ് ധനമന്ത്രിക്ക് നിര്‍വഹിക്കാനുള്ളത്. ഇവിടെയാണ് ഈ ബജറ്റിന് പതിവില്‍ കവിഞ്ഞ പ്രാധാന്യം കൈവരുന്നത്.

(അഭിപ്രായങ്ങൾ വ്യക്തിപരം, മൈഫിൻപോയി​ന്റി​ന് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല)

Tags:    

Similar News