3 ദിവസം കൊണ്ട് സമ്പത്തിലേക്ക് നിക്ഷേപകര്‍ കൂട്ടിച്ചേര്‍ത്തത് 8 ലക്ഷം കോടി രൂപ
- സെന്‍സെക്‌സ് 71,000 പിന്നിട്ടത് ഇന്ത്യന്‍ ഓഹരി വിപണിയിലെ സുപ്രധാന നാഴികക്കല്ലാണ്
- 3 ദിവസത്തിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്തില്‍ 8,11,802.11 കോടി രൂപയുടെ വര്‍ധന ഉണ്ടായി
- എച്ച്‌സിഎല്‍ ടെക്‌നോളജീസാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്
ഡിസംബര്‍ 15ന് സെന്‍സെക്‌സ് ആദ്യമായി 71,000 പിന്നിട്ടത് നിക്ഷേപകര്‍ക്ക് വലിയ നേട്ടമാണ് സമ്മാനിച്ചത്. കഴിഞ്ഞയാഴ്ചയില്‍ വിപണിയിലെ മൂന്ന് ദിവസത്തെ മുന്നേറ്റത്തിലൂടെ 8.11 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്.
യുഎസ് ഫെഡ് റിസര്‍വ് അതിന്റെ പ്രധാന പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതും 2024-ല്‍ പലിശ നിരക്കുകളില്‍ കുറവു വരുത്താന്‍ തയാറെടുക്കുകയാണെന്നു വ്യക്തമാക്കിയതുമാണ് ഇന്ത്യന്‍ വിപണിക്ക് വന്‍തോതില്‍ ഗുണം ചെയ്തത്.
ഇതോടൊപ്പം ഇക്വിറ്റി വിപണികളിലേക്കുള്ള തുടര്‍ച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്കും ഓഹരി വിപണിയുടെ റാലിക്ക് കാരണമായി.
തുടര്‍ച്ചയായി മൂന്നാം ദിവസം റാലി തുടര്‍ന്ന ബിഎസ്ഇ സെന്‍സെക്‌സ് 969.55 പോയിന്റ് അഥവാ 1.37 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലയായ 71,483.75 പോയിന്റിലെത്തി.
കഴിഞ്ഞ 3 ദിവസം മാത്രം സെന്‍സെക്‌സ് മുന്നേറിയത് 1,932.72 പോയിന്റാണ് അഥവാ 2.77 ശതമാനം വരും.
മൂന്ന് ദിവസത്തിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്തില്‍ 8,11,802.11 കോടി രൂപയുടെ വര്‍ധനയും ഉണ്ടായി.
ബിഎസ്ഇ ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂല്യം (എം-ക്യാപ്) ഡിസംബര്‍ 15 വെള്ളിയാഴ്ച 3,57,87,999.80 കോടി രൂപയായി. ഇതു പുതിയ റെക്കോര്‍ഡാണ്.
'സംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആഭ്യന്തര ഓഹരികളിലേക്ക് ഫണ്ട് പമ്പ് ചെയ്യുന്ന നിക്ഷേപകര്‍ക്കിടയില്‍, പ്രത്യേകിച്ച് വിദേശ നിക്ഷേപകര്‍ക്കിടയില്‍ വളരെയധികം ഉത്സാഹം പ്രകടമാകുന്നുണ്ടെന്ന് ' മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.
രാഷ്ട്രീയ സ്ഥിരതയും പരിഷ്‌കാരങ്ങള്‍ തുടരുമെന്ന പ്രതീക്ഷയും അതോടൊപ്പം യുഎസ് ട്രഷറി ബോണ്ട് യീല്‍ഡിലെ ഇടിവ്, ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് എന്നിവയും വിപണിയിലെ വികാരത്തെ മെച്ചപ്പെടുത്തിയെന്ന് പ്രശാന്ത് തപ്‌സെ പറഞ്ഞു
സെന്‍സെക്‌സ് 71,000 പിന്നിട്ടത് ഇന്ത്യന്‍ ഓഹരി വിപണിയിലെ സുപ്രധാന നാഴികക്കല്ലാണ്. ഇത് പ്രതിഫലിപ്പിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയുമാണെന്നു ഹെഡ്ജ് ഫണ്ട് ഹെഡോനോവ സിഐഒ സുമന്‍ ബാനര്‍ജി പറഞ്ഞു.
എച്ച്‌സിഎല്‍ ടെക്‌നോളജീസാണ് സെന്‍സെക്‌സില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്.
5.58 ശതമാനമാണ് ഉയര്‍ന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ടെക് മഹീന്ദ്ര, വിപ്രോ എന്നിവയും നേട്ടമുണ്ടാക്കിയ കമ്പനി ഓഹരികളാണ്.