വിപണിയെ വരവേൽക്കുക വളർച്ചാ കണക്കുകൾ, അറിയാം വിപണിയെ സ്വാധീനിക്കുന്ന മാക്രോ ഡാറ്റകൾ

  • ശക്തമായ വില്പന സമ്മർദ്ദം തുടർന്ന് വിദേശ നിക്ഷേപകർ.
  • എസ്ആർഎം കോൺട്രാക്ടർസ് ലിമിറ്റഡ് ഐപിഓ വിവരങ്ങൾ അറിയാം.

Update: 2024-03-23 10:37 GMT


ഇന്ത്യൻ വിപണി ശക്തമായ വില്പന സമ്മർദ്ദം വിദേശ നിക്ഷേപകരുടെ ഭാഗത്തു നിന്നും കഴിഞ്ഞ ആഴ്ചയിൽ നേരിട്ടു. വിദേശ സ്ഥാപന നിക്ഷേപകർ 8365 .53 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. എങ്കിലും ആഭ്യന്തര നിക്ഷേപകർ അറ്റ വാങ്ങലുകാരായി തുടരുന്നുണ്ട്. ഈ ആഴ്ച മാത്രം 19351 .62 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര നിക്ഷേപകർ വാങ്ങിയിട്ടുണ്ട്. മാർച്ച് 15 നു അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 6.3 ബില്യൺ ഡോളർ ഉയർന്ന് 642 .4 ബില്യൺ ഡോളറായി. 2021 ഒക്ടോബറിൽ രേഖപ്പെടുത്തിയ 645 ബില്യൺ ഡോളർ എന്ന സർവകാല റെക്കോർഡിനടുത്തായി കണക്കുകൾ ഉയർന്നു വന്നിരിക്കുന്നു. ഇന്ത്യൻ മാക്രോ തലത്തിൽ പതിവായി വരുന്ന മണി സപ്പ്ളൈ കണക്കുകളിൽ മുന്നേറ്റം കാണാൻ സാധിച്ചു. മാർച്ച് 6 നു 10.9% രേഖപെടുത്തിയപ്പോൾ മാർച്ച് 20 നു ഇത് 11.03% ആയി രേഖപ്പെടുത്തി. എച്എസ്‌ബിസി മാനുഫാക്റ്ററിങ് പിഎംഐ (HSBC manufacturing PMI) കണക്കുകളും പുറത്തു വന്നിരുന്നു. ഇന്ത്യയുടെ കോംപോസിറ്റ് പർച്ചസിങ് മാനേജർസ് സൂചിക പിഎംഐ 61.3 ആയി ഉയർന്നു.

കൂടാതെ ബാങ്കുകളുടെ ലോൺ, ഡെപ്പോസിറ്റ് ഗ്രോത് കണക്കുകളും, പുറത്തു വന്നിരുന്നു. മാർച്ച് 22 നു പുറത്തു വന്ന കണക്കുകൾ പ്രകാരം ബാങ്ക് വായ്പ വളർച്ച 20.4% വളർച്ചയാണ് രേഖപ്പെടുത്തിയത്. തൊട്ടു മുൻപ് മാർച്ച് 8 നു 20.5% ആയിരുന്നു രേഖപ്പെടുത്തിയത്. ഇന്ത്യൻ ബാങ്കുകളുടെ വായ്പ വളർച്ചയിൽ മുന്നോട്ടേക്ക് ഒരു മന്ദത നേരിട്ടേക്കാം എന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഡെപ്പോസിറ്റ് ഗ്രോത് കണക്കുകൾ നോക്കിയാൽ 13.1 ശതമാനത്തിൽ നിന്നും 13.7% ആയി ഉയർന്നു വന്നിട്ടുണ്ട്. വായ്പകളെക്കാൾ നിക്ഷേപത്തിലേക്ക് ബാങ്കുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് പൊതുവെയുള്ള അനുമാനം.

വരുന്ന ആഴ്ചയിൽ പ്രധാനമായും വരാനിരിക്കുന്നത് മാർച്ച് 28 നു പുറത്തു വരുന്ന കറന്റ് അക്കൗണ്ട് കണക്കുകളാണ്. നിക്ഷേപം ഒഴികെയുള്ള മറ്റു രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര ഇടപാടുകളുടെ കണക്കുകളാണ് ഇത്. ഒരു രാജ്യം മറ്റു രാജ്യങ്ങളുമായി എങ്ങിനെ വ്യാപാരം നടത്തുന്നു എന്നതിന്റെ ചിത്രം ഇതിൽ നിന്ന് വ്യക്തമാകുന്നു. ഈ കണക്കുകളിൽ ഒരു ഡെഫിസിറ് ആണ് കാണുന്നതെങ്കിൽ ഇറക്കുമതി കൂടുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് മൂന്നാം പാദത്തിൽ ഡിസംബർ 26 നു വന്ന കണക്കുകൾ പ്രകാരം ഇത് 8.3 ബില്യൺ ഡോളറിന്റെ ഡെഫിസിറ്റാണ്‌ രേഖപ്പെടുത്തിയത്. ഇത് 9 ബില്യൺ ഡോളറായി ഉയരുമെന്നാണ് അനലിസ്റ്റുകളുടെ അനുമാനം. അന്ന് തന്നെ ഫോറിൻ ഡെബ്റ്റ് കണക്കുകളും വരുന്നുണ്ട്. ഫോറിൻ ഡെബ്റ്റ് (foreign debt) കുറയുന്നത് തന്നെയാണ് ഇന്ത്യൻ രൂപയ്ക്ക് അനുകൂലമാകുന്നത്. എന്നാൽ മൂന്നാം പാദത്തിൽ 635.3 ബില്യൺ ഡോളറായി ഇത് വർധിച്ചിരുന്നു.

മാർച്ച് 29 വെള്ളിയാഴ്‌ച ഫോറെക്സ് റിസേർവ് കണക്കുകൾക്ക് പുറമെ, ഫെഡറൽ ഫിസ്കൽ ഡെഫിസിറ്റ് കണക്കുകൾ, ആർബിഐയുടെ മോണിറ്ററി ആൻഡ് ക്രെഡിറ്റ് ഇൻഫർമേഷൻ റിവ്യൂ, ഒപ്പം ഫെബ്രുവരിയിലെ ഇൻഫ്രാസ്ട്രക്ച്ചർ ഔട്പുട്ട് കണക്കുകൾ എന്നിവയും പുറത്തു വരും. മാസാടിസ്ഥാനത്തിൽ പുറത്തു വരുന്ന ഫെഡറൽ ഫിസ്കൽ ഡെഫിസിറ്റ് കണക്കുകൾ പരിശോധിച്ചാൽ ഫെബ്രുവരിയിൽ ഇത് 11026 ബില്യൺ രൂപയായി വർധിച്ചിട്ടുണ്ട് എന്ന് കാണാം. മോണിറ്ററി ആൻഡ് ക്രെഡിറ്റ് ഇൻഫർമേഷൻ റിവ്യൂ വഴി ഇന്ത്യൻ ബാങ്കിങ് മേഖലയെ കുറിച്ചുള്ള ധാരണ നിക്ഷേപകർക്ക് ലഭിക്കുന്നു. ഇത് തുടർന്ന് വരുന്ന ആഴ്ചയിൽ ബാങ്കിങ് സൂചികകളിൽ സ്വാധീനിച്ചേക്കാം. ഇന്ത്യൻ ഇൻഡസ്ട്രിയൽ ഔട്പുട്ടിനു 26% സംഭാവന നൽകുന്ന ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലെ ഔട്ട്പുട്ട് കണക്കുകൾ മേഖലയിലെ കമ്പനികൾക്ക് നിർണായകമാണ്. ഔട്പുട്ട് വർധിക്കുന്നു എന്നത് തീർച്ചയായും വളർച്ചയ്ക്ക് അനുകൂലമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ജനുവരി മാസത്തിൽ രേഖപ്പെടുത്തിയ 4.6 ശതമാനത്തിൽ നിന്നും ഫെബ്രുവരിയിൽ 3.9% ആയി കുറഞ്ഞിരുന്നു. മാർച്ചിലും സമാന സ്ഥിതി തുടരുമോ എന്നത് വിലയിരുത്തേണ്ടതുണ്ട്.

പ്രാഥമിക വിപണിയിൽ അടുത്ത വാരത്തിൽ കൺസ്ട്രക്ഷൻ പ്രോജെക്ടിൽ ഏർപ്പെട്ടിരിക്കുന്ന എസ്ആർഎം കോൺട്രാക്ടർസ് ലിമിറ്റഡ് (SRM Contractors Limited) ഐപിഓ കടന്നുവരുന്നു. മാർച്ച് 26 - 28 തീയതികളിലാണ് സബ്സ്ക്രിപ്ഷൻ കാലാവധി. ലിസ്റ്റിംഗ് ഏപ്രിൽ 3 നു നടക്കും ഐപിഒ പ്രൈസ് ബാൻഡ് ഒരു ഷെയറിന് ₹200 മുതൽ ₹210 വരെയാണ് നിശ്‌ചയിച്ചിരിക്കുന്നത്. 130.20 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ്. ഇഷ്യൂ പൂർണ്ണമായും 0.62 കോടി ഓഹരികളുടെ പുതിയ ഇഷ്യൂ ആണ്. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക ₹14,700 ആണ്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല. 

Tags:    

Similar News