രാഹുൽ ഗാന്ധിക്ക് 20.4 കോടിയുടെ സ്വത്തുക്കൾ, സ്വന്തമായി വീടോ വാഹനമോ ഇല്ല
- രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കൾ. 55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്.
- രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്.
- അയോഗ്യത അടക്കം രാഹുലിനെതിരെ 18 ക്രിമിനൽ കേസുകൾ
വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കൾ. 55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്.
4.3 കോടി രൂപയുടെ ഓഹരി വിപണി നിക്ഷേപവും 3.81 കോടി രൂപ മ്യൂച്വൽ ഫണ്ട് നിക്ഷേപവും രാഹുലിനുണ്ട്. 2022 - 2023 സാമ്പത്തിക വർഷത്തിൽ 55,000 രൂപയും മൊത്തം വരുമാനം 1,02,78,680 രൂപയും (1.02 കോടി രൂപ) 53 കാരനായ രാഹുൽ ഗാന്ധിക്കുണ്ട്. 15.2 ലക്ഷം രൂപയുടെ ഗോൾഡ് ബോണ്ടുകളും രാഹുൽ ഗാന്ധിയുടെ പക്കലുണ്ട്. ദേശീയ സമ്പാദ്യ പദ്ധതികൾ, തപാൽ സേവിങ്സ്, ഇൻഷുറൻസ് പോളിസികൾ എന്നിവയിൽ 61.52 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്.
4.2 ലക്ഷം രൂപയുടെ സ്വർണം രാഹുലിൻ്റെ കൈവശമുണ്ട്. സ്വത്തിൻ്റെ ആകെ മൂല്യം 9.24 കോടി രൂപയും സ്ഥാവര സ്വത്തിൻ്റെ ആകെ മൂല്യം 11.14 കോടി രൂപയുമാണ്. രാഹുൽ ഗാന്ധിക്ക് 49.7 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. സ്വന്തമായി വാഹനമോ താമസിക്കാൻ ഫ്ളാറ്റോ ഇല്ലെന്നും സത്യാവാങ്മൂലത്തിൽ പറയുന്നു. അയോഗ്യത കേസടക്കം രാഹുലിനെതിരെ 18 ക്രിമിനൽ കേസുകൾ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നലെയാണ് രാഹുൽ ഗാന്ധി ആദ്യമായി വയനാട്ടിൽ എത്തിയത്. കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു. വൻ ജനപങ്കാളിത്തമുള്ള റോഡ് ഷോയ്ക്ക് ശേഷമാണ് വയനാട്ടിൽ രാഹുൽ ഗാന്ധി ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചത്. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, വി ഡി സതീശൻ അടക്കമുള്ളവരും രാഹുൽ ഗാന്ധിയോടോപ്പം റോഡ് ഷോയിൽ പങ്കെടുത്തു.
മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടർ രേണുരാജിന് മുമ്പാകെ രാഹുൽ ഗാന്ധി സമർപ്പിച്ചത്. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുൽ മണ്ഡലത്തിൽ തിരിച്ചെത്തുക. അതിനുശേഷം ഏഴ് ദിവസം മണ്ഡലത്തിൽ രാഹുൽ ഗാന്ധി സജീവമാകും.