തുടര്‍ച്ചയായ അഞ്ചാം മാസത്തിലും മൊത്തവില പണപ്പെരുപ്പം നെഗറ്റിവ്

  • ഉള്ളി, ഉരുളക്കിഴങ്ങ് വില കൂടി
  • തക്കാളി വില കുറഞ്ഞു

Update: 2023-09-14 07:54 GMT

ഇന്ത്യയുടെ മൊത്ത വില പണപ്പെരുപ്പം തുടര്‍ച്ചയായ അഞ്ചാം മാസത്തിലും നെഗറ്റിവ് തലത്തില്‍ തുടരുകയാണ്. ഓഗസ്റ്റിൽ - 0.52 ശതമാനമാണ് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റ നിരക്ക് എന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി)  വ്യക്തമാക്കുന്നു. എങ്കിലും സൂചിക അഞ്ച് മാസത്തിലെ ഉയര്‍ന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ജൂലൈയില്‍ 1.36 ശതമാനം പണച്ചുരുക്കമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയ പണപ്പെരുപ്പ നിരക്ക് ജൂലൈയിലും ഓഗസ്റ്റിലും റിസര്‍വ് ബാങ്കിന്‍റെ സഹന പരിധിയായ 6 ശതമാനത്തിന് മുകളിലാണ്. ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റില്‍ സി‌പി‌ഐയുടെ പൊതു സൂചിക ഓഗസ്റ്റിൽ 0.1 ശതമാനം മാത്രം കുറഞ്ഞപ്പോള്‍, ഡബ്ല്യുപിഐയുടെ ചരക്ക് സൂചിക  0.3 ശതമാനം ഉയരുകയാണ് ഉണ്ടായിട്ടുള്ളത്. 

ഓഗസ്റ്റിൽ മൊത്തവില സൂചികയെ മുന്നോട്ടു നയിച്ചത് ഇന്ധന, ഊർജ്ജ വിഭാഗമാണ്. ഈ വിഭാഗങ്ങളിലെ പണപ്പെരുപ്പം പൂജ്യത്തിന് അടുത്താണെങ്കിലും പ്രതിമാസ അടിസ്ഥാനത്തില്‍ സൂചിക ഏകദേശം 3 ശതമാനം ഉയർന്നു. അതുപോലെ മാനുഫാക്ചറിംഗ് ഉൽപ്പന്നങ്ങളുടെ പണപ്പെരുപ്പം ഓഗസ്റ്റിൽ -2.37 ശതമാനമാണ്, എങ്കിലും പ്രതിമാസ അടിസ്ഥാനത്തില്‍ ഈ വിഭാഗങ്ങളുടെ സൂചിക 0.1 ശതമാനം ഉയർന്നു, ഇത് വർദ്ധിച്ചുവരുന്ന വില സമ്മർദ്ദത്തെ സൂചിപ്പിക്കുന്നു.

ഓഗസ്റ്റിൽ, പ്രാഥമിക ഉൽപ്പന്നങ്ങളുടെ പണപ്പെരുപ്പം 6.34 ശതമാനമായിരുന്നു, എന്നാൽ മുന്‍മാസത്തെ അപേക്ഷിച്ച് സൂചിക 0.5 ശതമാനം കുറഞ്ഞു. ഭക്ഷ്യവസ്തുക്കളാണ് പ്രധാനമായും ഈ വിഭാഗത്തില്‍ വരുന്നത്. പച്ചക്കറിയുടെ മൊത്തവില  പണപ്പെരുപ്പം ജൂലൈയിലെ 62 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 48 ശതമാനമായി കുറഞ്ഞു. എന്നിരുന്നാലും, ഉള്ളിയുടെ ശരാശരി വില ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 24 ശതമാനം ഉയർന്നപ്പോൾ ഉരുളക്കിഴങ്ങിന്റെ സൂചിക 0.5 ശതമാനം ഉയർന്നു. എന്നാൽ തക്കാളി വിലയിൽ 19.6 ശതമാനം ഇടിവുണ്ടായി

Tags:    

Similar News