ഇന്‍ഷുറന്‍സ്; 100 ശതമാനം വിദേശ നിക്ഷേപത്തിന് നീക്കം
- വന്‍കിട കമ്പനികള്‍ക്ക് നേരിട്ട് മാര്‍ക്കറ്റില്‍ പ്രവേശിക്കാന്‍ ഇത് അവസരമൊരുക്കും
- പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്ല് അവതരിപ്പിച്ചേക്കും
- ഇന്‍ഷുറന്‍സ് വ്യാപനം 4 ശതമാനം മെച്ചപ്പെടുത്തുന്നതിനുള്ള നീക്കമാണിത്
ഇന്‍ഷുറന്‍സ് മേഖലയില്‍ സര്‍ക്കാര്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വന്‍കിട കമ്പനികള്‍ക്ക് നേരിട്ട് മാര്‍ക്കറ്റില്‍ പ്രവേശിക്കാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുക.
ഈ മാസം അവസാനം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്നാണ് സൂചന. നിയമം നടപ്പിലായാല്‍
വ്യക്തിഗത ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്ക് ഒന്നിലധികം കമ്പനികളുടെ പോളിസികള്‍ ഒരേസമയം ചേര്‍ക്കാനുമാകും. ഒരു ലൈഫും പൊതു ഇന്‍ഷുറന്‍സും എന്നതാണ് നയം.
പോളിസികള്‍ക്ക് അംഗീകാരം രേഖപ്പെടുത്താന്‍ കൂടുതല്‍ കമ്പനികളെ അനുവദിച്ചുകൊണ്ട് രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനം 4 ശതമാനം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം. നിലവില്‍ ഏജന്റുമാര്‍ ഒന്നിലധികം കമ്പനികളുടെ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അത് നേരിട്ട് ചെയ്യുന്നതിന് പകരം മറ്റ് കമ്പനികളുടെ ഏജന്റുമാരായി അവരുടെ പങ്കാളികളെ രജിസ്റ്റര്‍ ചെയ്താണ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുക. ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് പരിധി ഉയര്‍ത്തുന്നതിനൊപ്പം ഡയറക്ടര്‍മാര്‍ക്കുള്ള മറ്റ് നിബന്ധനകള്‍ ലഘൂകരിക്കുകയും മറ്റു ഭേദഗതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും.