മൊത്ത വില സൂചിക പണപ്പെരുപ്പത്തിൽ കാര്യമായ ഇടിവ്; മാർച്ചിൽ 1.34 ശതമാനം
- ഫെബ്രുവരിയിൽ 3.85 ശതമാനമായിരുന്നു
- ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മാർച്ചിൽ 5.48 ശതമാനമായി
ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾ ചെലവേറിയതായെങ്കിലും, മറ്റ് ഉൽപ്പന്നങ്ങളുടെയും ഇന്ധന ഇനങ്ങളുടെയും വില ലഘൂകരിച്ചതിനാൽ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാർച്ചിൽ 29 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.34 ശതമാനമായി കുറഞ്ഞു.
മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നത് തുടർച്ചയായ പത്താം മാസമാണ്.
ഫെബ്രുവരിയിൽ പണപ്പെരുപ്പം ഇത് 3.85 ശതമാനവും 2022 മാർച്ചിൽ 14.63 ശതമാനവുമായിരുന്നു .
എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.81 ശതമാനത്തിൽ നിന്ന് മാർച്ചിൽ 5.48 ശതമാനമായി ഉയർന്നു.
അടിസ്ഥാന ലോഹങ്ങൾ, തുണിത്തരങ്ങൾ, ഭക്ഷ്യേതര വസ്തുക്കൾ, ധാതുക്കൾ, റബ്ബർ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, പേപ്പർ, പേപ്പർ ഉൽപന്നങ്ങൾ എന്നിവയുടെ വിലയിടിവാണ് 2023 മാർച്ചിലെ പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് പ്രധാന കാരണമായതെന്നു വാണിജ്യ വ്യവസായ മന്ത്രാലയം തിങ്കളാഴ്ച പറഞ്ഞു.
ഗോതമ്പിന്റെയും പയറുവർഗങ്ങളുടെയും പണപ്പെരുപ്പം യഥാക്രമം 9.16 ശതമാനവും 3.03 ശതമാനവും ആയപ്പോൾ പച്ചക്കറികളിൽ ഇത് (-)2.22 ശതമാനമാണ്. 2023 മാർച്ചിൽ എണ്ണക്കുരുക്കളുടെ പണപ്പെരുപ്പം (-)15.05 ശതമാനമായിരുന്നു.
ഇന്ധന, പവർ ബാസ്‌ക്കറ്റ് പണപ്പെരുപ്പം ഫെബ്രുവരിയിലെ 14.82 ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാസം 8.96 ശതമാനമായി കുറഞ്ഞു. മറ്റ് ഉൽപ്പന്നങ്ങളിൽ, പണപ്പെരുപ്പം 1.94 ശതമാനത്തിൽ നിന്ന് (-)0.77 ശതമാനമാണ്.
മാർച്ചിലെ റീട്ടെയിൽ പണപ്പെരുപ്പം കുറയുന്നതിന് അനുസൃതമായാണ് ഡബ്ല്യുപിഐയിലെ ഇടിവ്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.44 ശതമാനത്തിൽ നിന്ന് മാർച്ചിൽ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.66 ശതമാനമായി കുറഞ്ഞിരുന്നു.
ഈ മാസമാദ്യം നടത്തിയ പണനയ അവലോകനത്തിൽ, പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ ഭാവിയിലെ പണപ്പെരുപ്പത്തിനു അപകടകരമാണെന്ന് ആർബിഐ മുന്നറിയിപ്പ് നൽകി, ഡിമാൻഡ്-സപ്ലൈ സാഹചര്യവും കാലിത്തീറ്റ വില സമ്മർദ്ദവും കാരണം വേനൽക്കാലത്ത് പാൽ വില അതെ രീതിയിൽ നിൽക്കുമെന്ന് പ്രവചിചിരുന്നു.
സെൻട്രൽ ബാങ്കും പലിശ നിരക്ക് വർദ്ധന താൽക്കാലികമായി നിർത്തി, ബെഞ്ച്മാർക്ക് നിരക്ക് 6.50 ശതമാനമായി നിലനിർത്തിയിരിക്കയാണ്. നടപ്പു സാമ്പത്തിക വർഷത്തിൽ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 5.2 ശതമാനമായിരിക്കുമെന്നാണ് പൊതുവെ പ്രവചിക്കുന്നത്.