ഉത്സവ സീസണിനുശേഷം യുപിഐ ഇടപാടുകളില്‍ ഇടിവ്
- യുപിഐ ഇടപാടുകള്‍ 7 ശതമാനം ഇടിഞ്ഞു
- മൂല്യത്തില്‍ എട്ട് ശതമാനം കുറവ്
- ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതിന് ശേഷമാണ് ഈ പതനം
ഉത്സവ സീസണിനുശേഷം യുപിഐ ഇടപാടുകളിലും മൂല്യത്തിലും വന്‍ ഇടിവ്. ഉത്സവകാല വില്‍പ്പനയുടെ അടിസ്ഥാനത്തില്‍, ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതിന് ശേഷമാണ് ഈ ഇടിവ് ഉണ്ടായത്. യുപിഐ ഇടപാടുകള്‍ 7 ശതമാനം ഇടിഞ്ഞ് 15.48 ബില്യണിലേക്കും മൂല്യം 8 ശതമാനം ഇടിഞ്ഞ് മൂല്യം 21.55 ട്രില്യണിലേക്കും നവംബറില്‍ എത്തിയതായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു.
ഒക്ടോബറില്‍, യുപിഐ 23.5 ട്രില്യണ്‍ രൂപ മൂല്യമുള്ള 16.58 ബില്യണ്‍ ഇടപാടുകള്‍ രേഖപ്പെടുത്തി-2016 ഏപ്രിലില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം പ്രവര്‍ത്തനക്ഷമമായതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇടപാടാണിത്.
സെപ്റ്റംബറില്‍ 15.04 ബില്യണ്‍ ആയിരുന്നു ഇടപാട് മൂല്യം. ഇടപാട് മൂല്യം 20.64 ട്രില്യണ്‍. ഉത്സവ സീസണില്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ വര്‍ധിച്ചതാണ് ഒക്ടോബറിലെ കുതിച്ചുചാട്ടത്തിന് കാരണമായത്, നവംബറില്‍ സ്വാഭാവികമായും ഇത് കുറഞ്ഞു.
2023 നവംബറിനെ അപേക്ഷിച്ച്, ഇത് വോളിയത്തില്‍ 38 ശതമാനം വര്‍ധനയും മൂല്യത്തില്‍ 24 ശതമാനം വര്‍ധനവുമാണ്. എന്നിരുന്നാലും, പ്രതിദിന ഇടപാടുകളുടെ എണ്ണം ഒക്ടോബറില്‍ 535 ദശലക്ഷത്തില്‍ നിന്ന് നവംബറില്‍ 516 ദശലക്ഷമായി കുറഞ്ഞു. പ്രതിദിന ഇടപാട് മൂല്യം 75,801 കോടി രൂപയില്‍ നിന്ന് 71,840 കോടി രൂപയായും കുറഞ്ഞു.
ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് (ഐഎംപിഎസ്) ഇടപാടുകളും നവംബറില്‍ കുറഞ്ഞു. ഒക്ടോബറിലെ 467 ദശലക്ഷത്തില്‍ നിന്ന് 13 ശതമാനം ഇടിഞ്ഞ് 408 ദശലക്ഷമായി. ഐഎംപിഎസ് ഇടപാടുകളുടെ മൂല്യം നവംബറില്‍ 11 ശതമാനം ഇടിഞ്ഞ് 5.58 ട്രില്യണ്‍ രൂപയായി, ഒക്ടോബറില്‍ 6.29 ട്രില്യണ്‍ രൂപയായി കുറഞ്ഞു.
2023 നവംബറിനെ അപേക്ഷിച്ച്, ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് ഇടപാടുകള്‍ വോളിയത്തില്‍ 14 ശതമാനം കുറഞ്ഞെങ്കിലും മൂല്യത്തില്‍ 4 ശതമാനം വര്‍ദ്ധിച്ചു. പ്രതിദിന ഇടപാടുകള്‍ 15 ദശലക്ഷത്തില്‍ നിന്ന് 14 ദശലക്ഷമായി കുറഞ്ഞു, പ്രതിദിന ഇടപാട് മൂല്യം 20,303 കോടിയില്‍ നിന്ന് 18,611 കോടി രൂപയായി കുറഞ്ഞു.
ആധാര്‍ പ്രവര്‍ത്തനക്ഷമമായ പേയ്മെന്റ് സിസ്റ്റം (എഇപിഎസ്) ഇടപാടുകള്‍ നവംബറില്‍ ഗണ്യമായി കുറഞ്ഞു. ഒക്ടോബറിലെ 126 ദശലക്ഷത്തില്‍ നിന്ന് 27 ശതമാനം കുറഞ്ഞ് 92 ദശലക്ഷമായി. ഇടപാടുകളുടെ മൂല്യവും ഒക്ടോബറിലെ 32,493 കോടി രൂപയില്‍ നിന്ന് 27 ശതമാനം ഇടിഞ്ഞ് 23,844 കോടി രൂപയായി.