ആദായ നികുതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
- ബില്‍ പാര്‍ലമെന്റില്‍ അടുത്തയാഴ്ച അവതരിപ്പിക്കും
- വ്യവസ്ഥകള്‍ ഏകീകരിച്ച് നിയമം ലളിതമാക്കുക ലക്ഷ്യം
- സ്‌കില്‍ ഇന്ത്യ പദ്ധതിയ്ക്കും കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി
പുതിയ ആദായനികുതി ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അനുമതി. 8,800 കോടിയുടെ സ്‌കില്‍ ഇന്ത്യ പദ്ധതിയ്ക്കും അംഗീകാരം.
കേന്ദ്ര ബജറ്റ് അവതരണത്തിനിടെ നിര്‍മലാ സീതരാമന്‍ ആദായനികുതി ഇളവ് പരിധി ഉയര്‍ത്തിയിരുന്നു. ഒപ്പം പുതിയ ബില്‍ അവതരിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി അടുത്ത തിങ്കളാഴ്ച പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടും എന്നാണ് അറിയുന്നത്.
1961ലെ ആദായ നികുതി നിയമമാണ് ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ളത്. ഇതിനിടെ നികുതി സംവിധാനം ഡിജിറ്റലാക്കിയിരുന്നു. കൂടാതെ ഇടയ്ക്കിടെ നികുതി പരിധിയില്‍ മാറ്റം വരുത്തിയതുമാണ് ഇക്കാലത്തിനിടെ നിയമത്തിലുണ്ടായ പ്രധാന പരിഷ്‌കാരങ്ങള്‍.
പഴയതും പുതിയതുമായ വ്യവസ്ഥകള്‍ കൂടിച്ചേര്‍ന്ന സംവിധാനം നികുതി നിയമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. ഇതെല്ലാം ഏകീകരിച്ച് നിയമം ലളിതമാക്കാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം, 8,800 കോടിയുടെ സ്‌കില്‍ ഇന്ത്യ പദ്ധതിയ്ക്കും കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഒപ്പം ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും റെയില്‍വേ സോണുകളുടെയും ഡിവിഷനുകളുടെയും പുനഃസംഘടനയ്ക്കും അനുമതിയായി.