ഇന്ത്യയുടെ വ്യാപാരകമ്മി വര്‍ധിച്ചു

  • 2022 ജൂണിനുശേഷമുള്ള ഉയര്‍ന്ന കയറ്റുമതി വളര്‍ച്ച
  • രാജ്യത്തേക്കുള്ള ഇറക്കുമതിയില്‍ 12ശതമാനം വര്‍ധന
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റെക്കോര്‍ഡ് കയറ്റുമതി ഇക്കുറി മറികടന്നേക്കും

Update: 2024-03-15 11:33 GMT

ഇന്ത്യയുടെ വ്യാപാര കമ്മി ജനുവരിയിലെ 17.49 ബില്യണ്‍ ഡോളറില്‍ നിന്ന് ഫെബ്രുവരിയില്‍ 18.71 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 16.57 ബില്യണ്‍ ഡോളറായിരുന്നു.

ഫെബ്രുവരിയില്‍ വ്യാപാരക്കമ്മി വര്‍ധിച്ചപ്പോള്‍, കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.9 ശതമാനം ഉയര്‍ന്ന് 41.40 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 12.2 ശതമാനം ഉയര്‍ന്ന് 60.11 ബില്യണ്‍ ഡോളറിലുമെത്തി.

41.40 ബില്യണ്‍ ഡോളറാണ് ഫെബ്രുവരിയിലെ ഇന്ത്യയുടെ ചരക്ക് കയറ്റുമതി. പതിനൊന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിയാണിത്. 2022 ജൂണില്‍ 30.1 ശതമാനം വര്‍ധന രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കയറ്റുമതി വളര്‍ച്ചയാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്.

ഉക്രെയ്ന്‍ യുദ്ധം, സൂയസ് കനാല്‍, പാശ്ചാത്യ ലോകത്തെ കര്‍ക്കശമായ പണ നയങ്ങള്‍, ചരക്ക് വിലയിടിവ് എന്നിവയ്ക്കിടയിലും, ഫെബ്രുവരിയിലെ വ്യാപാര ഡാറ്റ എല്ലാ പ്രതീക്ഷകളെയും മറികടന്നു. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ ചരക്കുകളിലും സേവനങ്ങളിലും ഏറ്റവും ഉയര്‍ന്ന കയറ്റുമതി വളര്‍ച്ച കൈവരിച്ചതായി കൊമേഴ്സ് സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 2023-24 അവസാനിക്കുമ്പോള്‍, മൊത്തത്തിലുള്ള കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റെക്കോര്‍ഡ് കയറ്റുമതി കണക്കുകളേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022-23 ല്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 451.07 ബില്യണ്‍ ഡോളറായിരുന്നു, അതേസമയം സേവന കയറ്റുമതി 325.33 ബില്യണ്‍ ഡോളറാണ്. മൊത്തം കയറ്റുമതി 776.40 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു. ഇത് 2021-22 നെ അപേക്ഷിച്ച് 14.8 ശതമാനം കൂടുതലാണ്.

2023 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി വരെ മൊത്തത്തില്‍, ഇന്ത്യയുടെ വ്യാപാര കമ്മി 225.20 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2022-23 ലെ ആദ്യ 11 മാസങ്ങളില്‍ ഇത് 245.94 ബില്യണ്‍ ഡോളറായിരുന്നു.

Tags:    

Similar News