തക്കാളിയില്‍‌ ആശ്വാസത്തിന് വക; മൊത്തവില്‍പ്പന വില 30% ഇടിഞ്ഞു

  • തക്കാളിയുടെ ലഭ്യത ഉയരുന്നത് വില കുറയ്ക്കും
  • ഉള്ള വരവ് കുറഞ്ഞെന്ന് വ്യാപാരികള്‍

Update: 2023-08-18 10:03 GMT

മൂന്നു മാസക്കാലമായി അടുക്കളകളെ പൊള്ളിച്ച വിലയില്‍ നിന്ന് തക്കാളി പതിയെ താഴോട്ടിറങ്ങുമെന്ന് പ്രതീക്ഷ. മഹാരാഷ്ട്രയിലെ ഒരു പ്രമുഖ തക്കാളി വിപണിയിൽ മൊത്തവില 30 ശതമാനത്തിലധികം കുറഞ്ഞു, ഇതിന്‍റെ അടിസ്ഥാനത്തില്‍ ചില്ലറ വില്‍പ്പനയില്‍  വില 100 രൂപയ്ക്കു താഴെവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അടുത്ത നാലുമാസത്തിനിടെ വില ക്രമേണ താഴോട്ടിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

സാധാരണയായി മൊത്തവിലയുടെ ഇരട്ടി വിലയ്ക്കാണ് പച്ചക്കറികള്‍ ചില്ലറ വിപണിയില്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.  ഗതാഗതച്ചെലവ്, വിപണിയിലെ മറ്റ് ചാർജുകൾ, ഇടനിലക്കാരുടെ കമ്മീഷനുകൾ, റീട്ടെയിൽ മാർജിനുകൾ എന്നിവ കൂടിച്ചേരുമ്പോള്‍ നിരക്കുകൾ ഇരട്ടിയാകുകയോ അതിനും മുകളിലേക്ക് എത്തുകയോ ചെയ്യുന്നു. 

മഹാരാഷ്ട്രയിലെ നാസിക്കിലെ പിംപൽഗാവ് ബസ്വന്ത് മാർക്കറ്റിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തക്കാളിയുടെ വിതരണം ആറ് മടങ്ങ് വർധിച്ചു. ബംഗളൂരു പോലുള്ള പ്രധാന വിപണികളിലും സമാനമായ പ്രവണതയാണ് കാണുന്നത്. നാരായൺഗാവ്, നാസിക്ക്, ബംഗളൂരു, ഹിമാലയത്തിന്റെ താഴ്‌വരകൾ തുടങ്ങിയ ചില ചെറിയ പ്രദേശങ്ങളില്‍ നിന്നാണ് മഴക്കാലത്ത് പ്രധാനമായും രാജ്യത്തെ വിപണികളിലേക്ക് തക്കാളി എത്തുന്നത്. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നാസിക് ബെൽറ്റില്‍ നിന്നാണ് കൂടുതലായും തക്കാളി വിതരണം ചെയ്യപ്പെടുന്നത്. 

ഓഗസ്റ്റ് 16 ബുധനാഴ്ച പിംപൽഗാവ് മാർക്കറ്റിൽ തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 37 രൂപയായിരുന്നു, ഏറ്റവും ഉയർന്ന വില കിലോയ്ക്ക് 45 രൂപയും. ഒരാഴ്ച മുമ്പ് വില 57 രൂപയ്ക്കും 67 രൂപയ്ക്കും ഇടയിലായിരുന്നു. ഡൽഹിയിൽ എത്തുന്ന തക്കാളിയുടെ മൊത്തവിലയും കുറഞ്ഞിട്ടുണ്ട്.  ക്രേറ്റിന് 4,000 രൂപ എന്നതാണ് ഈ വർഷത്തെ ഉയർന്ന വില. ഇതില്‍ നിന്ന് ഏകദേശം 1,500 രൂപയിലേക്ക് വില താഴ്ന്നിട്ടുണ്ട്. ഒരു ക്രേറ്റില്‍ 28-30 കിലോഗ്രാം തക്കാളിയുണ്ടാകും. 

എന്നിരുന്നാലും, വിലക്കയറ്റം പ്രതീക്ഷിച്ച് കർഷകർ വിള വിപണിയിലേക്ക് എത്തിക്കാതെ കൈവശം വെക്കുന്നതിനാല്‍ ഉള്ളിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. മറ്റു പച്ചക്കറികളുടെയും ധാന്യങ്ങളുടെയും വിലയും ഉയര്‍ന്ന നിലയിലാണ്. ജൂലൈയില്‍ റീട്ടെയില്‍ വിലക്കയറ്റം 7.44 എന്ന ഉയരത്തിലേക്ക് എത്തിയിട്ടുണ്ട്. ഓഗസ്റ്റിലും 7 ശതമാനത്തിനടുത്തേക്ക് വിലക്കയറ്റം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News