രാജ്യം 6.8 ശതമാനംവരെ വളരുമെന്ന് സാമ്പത്തിക സര്‍വേ
- പണപ്പെരുപ്പം രാജ്യത്തിന് വെല്ലുവിളിയായി
- പണപ്പെരുപ്പത്തിന് കാരണം ഭക്ഷ്യവിലക്കയറ്റം
- മൂന്ന് വര്‍ഷത്തിനിടെ വിളനാശത്തില്‍ 15 ശതമാനം വര്‍ധനവ്
2025-26 സാമ്പകത്തിക വര്‍ഷത്തില്‍ രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം ഇന്ത്യയുടെ സാമ്പത്തിക അടിത്ത ശക്തമാണാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് പിന്നാലെയാണ് ധനമന്ത്രി നിര്‍മല സീതാരാമന് സാമ്പത്തിക സര്‍വേറിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചത്.
റിപ്പോര്‍ട്ടിലെ പോസീറ്റീവ് ഫാക്ടര്‍ രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2.6 ശതമാനമായി താഴ്ന്നതാണ്. 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിത്. എന്നാല്‍ ഇന്ത്യ 2047ല്‍ സ്വപ്നം കാണുന്ന വികസിത ഭാരതം എന്ന സാമ്പത്തിക ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എട്ട് ശതമാനം വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്നും സര്‍വേയില്‍ പറയുന്നു.
2026ല്‍ രാജ്യത്തെ വ്യവസായ മേഖല 6.2 ശതമാനം വളരും. സേവനമേഖല 7.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
പണപ്പെരുപ്പം രാജ്യത്തിന് വെല്ലുവിളിയായെന്ന് സര്‍വേ വിലയിരുത്തുന്നു. ഭക്ഷ്യവിലയിലെ ഉയര്‍ച്ചയാണ് 8 ശതമാനം കടന്ന പണപ്പെരുപ്പത്തിലേക്ക് നയിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അന്താരാഷ്ട്ര നാണയ നിധിയും ഉപഭോക്തൃ വില പണപ്പെരുപ്പത്തെ കുറിച്ച് നടത്തിയ പ്രവചനങ്ങള്‍ കേന്ദ്രവീക്ഷണവുമായി ഒത്തുപോകുന്നതായും സര്‍വേ വെളിപ്പെടുത്തി.
ഉപഭോക്തൃ ഭക്ഷ്യ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം, 2024 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനമായിരുന്നു. ഇത് 2025ല്‍ 8.4 ശതമാനമായി ഉയര്‍ന്നു. ഈ കുതിപ്പിന് കാരണമായത് ഏതാനും ഭക്ഷ്യവസ്തുക്കളുടെ വിലകയറ്റമാണ്. ഉള്ളി, തക്കാളി, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ വിലയാണ് ഉയര്‍ന്നത്.
വേനല്‍ക്കാലത്ത് ഉഷ്ണതരംഗം കാരണം തക്കാളി വില 37 ശതമാനം ഉയര്‍ന്നത്. അതേസമയം കനത്തമഴയെത്തുടര്‍ന്ന് സവാള വില അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ 20 ശതമാനം കൂടുതലായിരുന്നു.
കാലാവസ്ഥ പ്രശ്നം കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിളനാശത്തില്‍ 15 ശതമാനം വര്‍ധനവുണ്ടായി. ഈ സാഹചര്യത്തില്‍ രാജ്യത്ത് പണപ്പെരുപ്പം ഇപ്പോഴും ഭീഷണിയാണെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.
നിലവില്‍ നടപ്പാക്കിയ കാലാവസ്ഥമാറ്റത്തെ പ്രതിരോധിക്കുന്ന വിള ഉല്‍പ്പാദനത്തിലൂടെ ഇത് സാധ്യമാകും. അതിനാല്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐയുടെ ലക്ഷ്യപരിധിയായ 4 ശതമാനത്തിലേക്ക് പണപ്പെരുപ്പം എത്തുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയും കേന്ദ്രബാങ്കും പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല 3.5 ശതമാനം വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്.
ശരാശരി ഏഴ് ശതമാനം വളര്‍ച്ച എന്നത് നടപ്പു വര്‍ഷവും അടുത്തവര്‍ഷവും കൈവരിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.
പ്രധാന പണപ്പെരുപ്പം 4.1 ശതമാനമായി കുറഞ്ഞപ്പോള്‍, ഭവന, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിലെ സേവനവുമായി ബന്ധപ്പെട്ട പണപ്പെരുപ്പം വര്‍ധിച്ചുകൊണ്ടിരുന്നു. ഉദാഹരണത്തിന്, ഭവന വാടക 12 ശതമാനം വര്‍ധിച്ചു, അതേസമയം ആരോഗ്യ സംരക്ഷണ ചെലവുകള്‍ 6.5 ശതമാനം ഉയരുകയും ചെയ്തു.
വാണിജ്യ നിക്ഷേപ പദ്ധതികള്‍ കുറഞ്ഞതും ഇന്ത്യക്ക് തിരിച്ചടിയാകും. അതേസമയം, നേരിട്ടുള്ള വിദേശ നിക്ഷേപം ഏപ്രില്‍ -നവംബര്‍ കാലയളവില്‍ 17.9 ശതമാനം വര്‍ധിച്ചതായും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം, സുസ്ഥിര നിക്ഷേപം വര്‍ധിപ്പിക്കുക എന്നിവ പ്രധാന്യമര്‍ഹിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.