പലിശനിരക്ക് കൂട്ടാതെ പരീക്ഷണത്തിനു റിസര്‍വ് ബാങ്ക്
- പലിശ കൂട്ടണോ ? ആഡബിഐ തീരുമാനം വ്യാഴാഴ്ച
- റീപോ നിരക്ക് ഇപ്പോള്‍ 6 .5 ശതമാനത്തില്‍
- വിലക്കയറ്റ പ്രതീക്ഷ റിസർവ് ബാങ്ക് കൂട്ടിയേക്കും
പണവിചാരം
വിലകള്‍ വീണ്ടും കൂടുന്നു. അപ്പോള്‍ പലിശ വീണ്ടും കൂട്ടുമോ? നാളെ തുടങ്ങുന്ന റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) യോഗം ചര്‍ച്ച ചെയ്യുന്നത് അതാണ്. ത്രിദിന യോഗത്തിന്റെ തീരുമാനം വ്യാഴാഴ്ച രാവിലെ പത്തിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും. റീപോ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടയില്ലെന്നാണു പൊതുനിഗമനം. കഴിഞ്ഞ രണ്ടു തവണയും നിരക്ക് വര്‍ധിപ്പിക്കേണ്ട എന്നാണു കമ്മിറ്റി തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഈ ഫെബ്രുവരി വരെ പലതവണയായി റീപോ നിരക്ക് 250 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു. 4.00 ശതമാനത്തില്‍ നിന്ന് 6.50 ശതമാനത്തിലേക്ക്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് റിസര്‍വ് ബാങ്ക് ഈ 'താക്കോല്‍ നിരക്ക്' ഉയര്‍ത്തിയത്. ഈ നിരക്ക് കൂട്ടുമ്പോള്‍ ബാങ്ക് മേഖലയിലെ മറ്റു പലിശ നിരക്കുകള്‍ കൂടും, റീപോ കുറയ്ക്കുമ്പോള്‍ മറ്റു പലിശ നിരക്കുകള്‍ ഉയരും.
രാജ്യത്തെ ചില്ലറവിലക്കയറ്റം 2022 ഏപ്രിലിലെ 7.79 ശതമാനത്തില്‍ നിന്ന് ഈ മേയിലെ 4.25 ശതമാനത്തിലേക്കു താഴ്ത്താന്‍ നിരക്ക് വര്‍ധനയിലൂടെ കഴിഞ്ഞിരുന്നു. ചില്ലറ വിലക്കയറ്റം നാലു ശതമാനത്തില്‍ താഴെ ആക്കണമെന്നാണു റിസര്‍വ് ബാങ്കിനു പാര്‍ലമെന്റ് കൊടുത്തിട്ടുള്ള നിര്‍ദേശം. അതു സാധ്യമാക്കല്‍ ഉടനെ നടന്നെന്നു വരില്ല.
മേയിലെ ആശ്വാസകരമായ താഴ്ചയില്‍ നിന്ന് ജൂണില്‍ 4.81 ശതമാനത്തിലേക്ക് വിലക്കയറ്റം കുതിച്ചുകയറി. പച്ചക്കറികള്‍ അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണു കാരണം. ജൂലൈയിലെ ചില്ലറ വിലക്കയറ്റം 6.7 ശതമാനം ആയി ഉയര്‍ന്നിരിക്കാന്‍ സാധ്യത ഉണ്ടെന്നാണു പലരുടെയും വിലയിരുത്തല്‍. മറ്റു ചിലര്‍ ആറു മുതല്‍ 6.5 വരെ ശതമാനം വിലക്കയറ്റം പ്രതീക്ഷിക്കുന്നു. ശനിയാഴ്ചയാണ് ആ കണക്ക് പുറത്തുവിടുക.
ഇങ്ങനെ ഉയര്‍ന്ന തോതിലേക്കു വിലക്കയറ്റം കൂടിയാലും തല്‍ക്കാലം നിരക്കു കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കില്ല എന്നാണു വിപണിയുടെ പൊതുവായ നിഗമനം. കാരണം സാമ്പത്തിക വളര്‍ച്ച നിരക്ക് താഴരുതെന്നു ഗവണ്മെന്റും റിസര്‍വ് ബാങ്കും ആഗ്രഹിക്കുന്നു. പലിശ കൂടുമ്പോള്‍ വളര്‍ച്ച കുറയും എന്നാണു പൊതുസമ്മതമുള്ള സാമ്പത്തിക സിദ്ധാന്തം. അല്‍പം അപകടകാരിയായ പരീക്ഷണമാണു റിസര്‍വ് ബാങ്ക് നടത്തുന്നത്. പ്രത്യേകിച്ചും ഇന്ധനവിലയും ഭക്ഷ്യവിലകളും അനിശ്ചിതമായി കയറുമ്പോള്‍.
പലപ്പോഴും വിപണിയുടെ നിഗമനങ്ങള്‍ക്കു വിരുദ്ധമായി തീരുമാനങ്ങള്‍ എടത്തിട്ടുള്ള ചരിത്രം റിസര്‍വ് ബാങ്കിനുണ്ട്. അങ്ങനെയൊരവസരമായി ഈ യോഗം മാറുമാേ എന്നു സംശയിക്കുന്നവരും കുറവല്ല. പക്ഷേ സര്‍ക്കാരിനും ഓഹരി വിപണിക്കും വ്യവസായ മേഖലയ്ക്കും രസിക്കാത്ത ഒരു തീരുമാനത്തിന് ഗവര്‍ണര്‍ ദാസ് തുനിയാനിടയില്ല.
എന്തായാലും വ്യാഴാഴ്ച രാവിലെ പലിശനിരക്ക് കൂട്ടിയില്ലെങ്കിലും ഈ വര്‍ഷത്തെ വിലക്കയറ്റപ്രതീക്ഷ റിസര്‍വ് ബാങ്ക് കൂട്ടും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ചില്ലറ വിലക്കയറ്റം ഈ ധനകാര്യ വര്‍ഷം 5.1 ശതമാനമായിരിക്കുമെന്നാണു റിസര്‍വ് ബാങ്കിന്റെ പുതിയ വിലയിരുത്തല്‍. ഒന്നാം പാദത്തില്‍ 4.6%, രണ്ടില്‍ 5.2%, മൂന്നില്‍ 5.4%, നാലില്‍ 5.2% എന്നിങ്ങനെയാണു നിഗമനം. നേരത്തേ 5.1 ശതമാനം കണക്കാക്കിയിരുന്നതാണ്. ഇതു വീണ്ടും വര്‍ധിപ്പിക്കേണ്ട നിലയാണു വന്നിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു പോകുന്നതും വിലക്കയറ്റ പ്രതീക്ഷ കയറ്റി നിര്‍ത്തുന്നു.
വിലക്കയറ്റം സംബന്ധിച്ച നിഗമനം ഉയര്‍ത്തി നിശ്ചയിക്കുമ്പോള്‍ മറ്റൊന്നു കൂടി റിസര്‍വ് ബാങ്ക് വ്യക്തമാക്കും. പലിശ നിരക്കില്‍ ഉടനെങ്ങും കുറവ് പ്രതീക്ഷിക്കേണ്ട എന്ന്.
അതേ സമയം ജിഡിപി വളര്‍ച്ച സംബന്ധിച്ച നിഗമനം റിസര്‍വ് ബാങ്ക് മാറ്റാനിടയില്ല. 2023-24 ലെ ജിഡിപി വളര്‍ച്ച 6.5 ശതമാനം എന്നാണു റിസര്‍വ് ബാങ്കിന്റെ നിഗമനം. പാദം ഒന്നില്‍ 8%, രണ്ടില്‍ 6.5%, മൂന്നില്‍ 6%, നാലില്‍ 5.7% എന്നിങ്ങനെയാണു പ്രതീക്ഷ.