റിപ്പോ നിരക്ക്: ബാങ്കുകളെ നിരീക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍
- ഇഎംഐ ഭാരം കുറയാന്‍ സമയമെടുക്കുമെന്ന് വിലയിരുത്തല്‍
- റിപ്പോ നിരക്ക് കുറച്ചതുവഴി 20 വര്‍ഷം കാലാവധിയുള്ള ഭവന വായപയുടെ ഇഎംഐയില്‍ 1.8 ശതമാനം വരെ കുറവുണ്ടാകും
റിപ്പോ നിരക്ക് കുറച്ചതോടെ സ്വാഭാവികമായും രാജ്യത്ത് വായ്പ നിരക്കുകള്‍ കുറയേണ്ടതാണ്. ഇത് ആളുകളുടെ വായ്പ ഭാരം കുറയ്ക്കും. പ്രത്യേകിച്ച് ദീര്‍ഘകാല വായ്പകളായ ഭവന വായ്പയ്ക്ക് ഇതു നേട്ടമാകും. എന്നാല്‍ നിലവില്‍ ഇതിന്റെ ഗുണം ജനങ്ങളിലേക്ക് എത്താന്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം വരെ ബാങ്കുകള്‍ നേരിട്ട പണലഭ്യത പ്രശ്നമാണ് വെല്ലുവിളിയായത്. ഒപ്പം സേവിങ്സ് അക്കൗണ്ടിലടക്കം നിക്ഷേപമെത്താത്തതും വെല്ലുവിളിയാണ്. അതിനാല്‍ തന്നെ ഇംഎംഐയിലെ കുറവ് വായ്പകളില്‍ പ്രതിഫലിക്കാന്‍ നിരവധി മാസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വിഷയം കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ച് വരികയാണ്. എത്രയും വേഗത്തില്‍ ജനങ്ങളുടെ വായ്പ ഭാരം കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 25 ബേസിസ് പോയിന്റിന്റെ നിരക്ക് കുറയ്ക്കലിനെ തുടര്‍ന്ന് റിപ്പോ നിരക്ക് 6.25 ശതമാനം ആയി. നിരക്ക് കുറയ്ക്കല്‍ ചെറുതെന്നു തോന്നുമെങ്കിലും ഫലത്തില്‍ വായ്പയെടുത്തവര്‍ക്ക് വലിയ ആശ്വാസമാകുമെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതുവഴി 20 വര്‍ഷം കാലാവധിയുള്ള ഭവന വായപയുടെ ഇഎംഐയില്‍ 1.8 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പറയുന്നത്. ഇഎംഐ കുറയുന്നതോടെ ആളുകളുടെ ഉപഭോഗ ചെലവ് ഉയരും. ഇത് സമ്പദ് വ്യവസ്ഥയിലേക്ക് എത്തും. അതിനുളള നീക്കത്തിലാണ് സര്‍ക്കാര്‍.