മികച്ച സാമ്പത്തിക വളർച്ച; ആര്‍ബിഐ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നേക്കും

  • കഴിഞ്ഞ നാല് എംപിസി യോഗങ്ങളിലും റിപ്പൊ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല
  • ചില്ലറ പണപ്പെരുപ്പം ഒക്ടോബറിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി

Update: 2023-12-04 08:25 GMT

പണപ്പെരുപ്പം കംഫർട്ട് സോണിൽ തുടരുകയും  വേഗം നിലനിര്‍ത്തുകയും ചെയ്യുന്നതിനാൽ റിസർവ് ബാങ്ക്  ഹ്രസ്വകാല പലിശ നിരക്കിൽ തൽസ്ഥിതി നിലനിർത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ധനനയ സമിതി (എംപിസി) യോഗത്തിന് ശേഷം ഡിസംബര്‍ 8-നാണ് കേന്ദ്രബാങ്ക് തീരുമാനങ്ങളും വീക്ഷണങ്ങളും പ്രഖ്യാപിക്കുന്നത്. 

കഴിഞ്ഞ നാല് എംപിസി യോഗങ്ങളിലും കേന്ദ്രബാങ്ക് ബെഞ്ച്മാർക്ക് പോളിസി നിരക്കിൽ (റിപ്പോ) മാറ്റം വരുത്തിയിട്ടില്ല. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കും പിന്നാലെ, രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ 2022 മേയ് മുതല്‍ 2023 ഫെബ്രുവരി വരെ തുടര്‍ച്ചായി നിരക്ക് വര്‍ധിപ്പിച്ച് 6.5 ശതമാനത്തില്‍ എത്തിച്ചിരുന്നു. 

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള എംപിസി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ഡിസംബർ ആറിന് ആരംഭിക്കും. ആറംഗ എംപിസിയുടെ തീരുമാനം ഡിസംബർ എട്ടിന് രാവിലെ ദാസ് വെളിപ്പെടുത്തും. 

ജിഡിപിയും പണപ്പെരുപ്പവും വരുതിയില്‍

സര്‍ക്കാര്‍ ചെലവിടലുകളില്‍ നിന്നും ഉൽപ്പാദന മേഖലയില്‍ നിന്നുമുള്ള ഉത്തേജനങ്ങളുടെ ഫലമായി ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജിഡിപി പ്രതീക്ഷിച്ചതിലും മികച്ച 7.6 ശതമാനം വളര്‍ച്ച നേടി. ഇതോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന ടാഗ് ഇന്ത്യ നിലനിർത്തി.

"ജിഡിപിയിൽ രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയ ഉയർന്ന വളർച്ച സമ്പദ്‌വ്യവസ്ഥ ട്രാക്കിലാണെന്ന് ഉറപ്പ് നൽകും. മുഖ്യ പണപ്പെരുപ്പം കഴിഞ്ഞ കുറച്ച് മാസങ്ങളിലായി മയപ്പെടുകയാണ്, റീട്ടെയില്‍ പണപ്പെരുപ്പം മുകളിലോട്ട് നീങ്ങാനുള്ള പ്രവണതയോടെ അസ്ഥിരത പ്രകടമാക്കിയാലും നിരക്ക് വര്‍ധന ഉണ്ടാകേണ്ടതില്ല," ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്‌നാവിസ് പറഞ്ഞു,

ലിക്വിഡിറ്റിയെ കുറിച്ചുള്ള ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകുന്നത് വിപണിക്ക് ഗുണകരമാകും. ജിഡിപി വളർച്ചാ അനുമാനം ആര്‍ബിഐ ഉയര്‍ത്തിയേക്കും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 

നോമുറയിലെ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ഔരോദീപ് നന്ദിയും നിരക്കുകള്‍ നിലനിര്‍ത്താന്‍ എംപിസി അംഗങ്ങള്‍ ഏകകണ്ഠമായി വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പത്തെ പോളിസി മീറ്റിംഗിൽ പ്രഖ്യാപിച്ച, പൊതുവിപണി ഇടപാടുകളിലൂടെയുള്ള (ഒഎംഒ) വിൽപ്പനയെക്കുറിച്ചുള്ള ആർ‌ബി‌ഐയുടെ അഭിപ്രായം അറിയുന്നതിനാണ് പ്രത്യേക താൽപ്പര്യമുള്ളതെന്നും കർശനമായ പണലഭ്യത സാഹചര്യങ്ങൾ ഇത് നടപ്പിലാക്കുന്നത് ഇതുവരെ ബുദ്ധിമുട്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില്ലറ പണപ്പെരുപ്പം ഒക്ടോബറിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.87 ശതമാനത്തിലെത്തി. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം , 2022-23 ലെ 6.7 ശതമാനത്തിൽ നിന്ന് 2023-24ല്‍  5.4 ശതമാനമായി കുറയുമെന്നാണ് ഒക്റ്റോബറിലെ യോഗത്തില്‍ ആര്‍ബിഐ വിലയിരുത്തിയത്. 

"നയപരമായ സ്ഥിരത ദീർഘകാല വായ്പകളുടെ പലിശനിരക്ക് വർധിച്ചതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടുടമകൾക്ക് ആശ്വാസം പകരും. ഭവന മേഖലയിൽ, സാധ്യതയുള്ള വാങ്ങലുകാരില്‍ ഇത് ആത്മവിശ്വാസം വളർത്തും,” ക്രിസുമി കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മോഹിത് ജെയിൻ അഭിപ്രായപ്പെട്ടു.

എംപിസിയിൽ ആർബിഐയുടെ മൂന്ന് ഉദ്യോഗസ്ഥരും പുറത്തുനിന്നുള്ള മൂന്ന് പേരും ഉൾപ്പെടുന്നു. ശശാങ്ക ഭിഡെ, ആഷിമ ഗോയൽ, ജയന്ത് ആർ വർമ്മ എന്നിവരാണ് പാനലിലെ ബാഹ്യ അംഗങ്ങൾ.

ഗവർണർ ദാസിനെ കൂടാതെ, രാജീവ് രഞ്ജൻ (എക്‌സിക്യൂട്ടീവ് ഡയറക്ടർ), മൈക്കൽ ദേബബ്രത പത്ര (ഡെപ്യൂട്ടി ഗവർണർ) എന്നിവരാണ് എംപിസിയിലെ മറ്റ് ആർബിഐ ഉദ്യോഗസ്ഥർ.

Tags:    

Similar News