പലിശ നിരക്ക് കുറക്കുന്നത് പരിഗണനയിലില്ല: ആര്‍ബിഐ
- പണപ്പെരുപ്പം മിതമായ നിരക്കിലാണെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നു
- സെപ്റ്റംബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു
പലിശ നിരക്ക് കുറക്കുന്നത് പരിഗണനയിലില്ലെന്ന് ആര്‍ബിഐ. നിലവിലെ സാഹചര്യത്തില്‍ പലിശ നിരക്ക് കുറക്കുന്നത് അപകടകരമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
ഈ മാസം ആദ്യം നടന്ന പണനയ സമിതി യോഗത്തില്‍ പത്താം തവണയും പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയിരുന്നില്ല. നടപ്പ് സാമ്പത്തിക വര്‍ഷം സമ്പദ് വ്യവസ്ഥ 7.2 ശതമാനം വളര്‍ച്ച കൈവരിക്കും. വളര്‍ച്ച സുസ്ഥിരമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ചില അപടകസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പണപ്പെരുപ്പം മിതമായ നിരക്കിലാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ നിരക്ക് കുറയ്ക്കുന്നത് വളരെ അപകടകരമാകുമെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. വളരെയധികം പരിശ്രമിച്ചാണ് പണപ്പെരുപ്പത്തെ വരുതിയിലാക്കിയതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. ഉയര്‍ന്ന ഭക്ഷ്യ വിലപ്പെരുപ്പം കാരണം കഴിഞ്ഞ രണ്ട് മാസങ്ങളില്‍ നാല് ശതമാനത്തില്‍ താഴെ തുടര്‍ന്നതിന് ശേഷം സെപ്റ്റംബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.5 ശതമാനത്തിലേക്ക് ഉയര്‍ന്നു.