ആര്‍ബിഐ ധനനയം : വായ്പാ നിരക്കില്‍ മാറ്റമില്ല, ജിഡിപി നിഗമനം ഉയര്‍ത്തി

  • ജിഡിപി വളര്‍ച്ചാ നിഗമനം 6.5%
  • രൂപയുടെ മൂല്യം 82നു താഴേക്കെത്തി
  • ഭാവിയില്‍ നിരക്ക് ഉയര്‍ത്താന്‍ മടിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍

Update: 2023-04-06 05:34 GMT

രാജ്യത്തിന്‍റെ റിപ്പൊ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൂന്നു ദിവസത്തെ ധനനയ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പൊ നിരക്കില്‍ 25 ബിപിഎസിന്‍റെ വര്‍ധന പ്രഖ്യാപിക്കുമെന്ന വിപണി വിദഗ്ധരുടെ വിലയിരുത്തലിനെ തകിടം മറിക്കുന്ന സര്‍പ്രൈസ് പ്രഖ്യാപനമാണ് ആര്‍ബിഐയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി വളര്‍ച്ചാ നിഗമനം 6.5% ആയിരിക്കുമെന്നും കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 6.4% വളര്‍ച്ചയായിരുന്നു നേരത്തേ ആര്‍ബിഐ പ്രവചിച്ചിരുന്നത്.

ഇതിനു മുമ്പ് തുടര്‍ച്ചയായ ആറു ദ്വൈമാസ അവലോകന യോഗങ്ങള്‍ക്ക് ശേഷവും ആര്‍ബിഐ റിപ്പൊ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ നിരക്ക് വര്‍ധനകളുടെ സ്വാധീനം താഴേത്തട്ടിലേക്ക് വേണ്ടത്ര എത്തിയിട്ടില്ലെന്നാണ് ഇക്കഴിഞ്ഞ യോഗം വിലയിരുത്തിയത്. പാശ്ചാത്യ ലോകത്തെ ബാങ്കിംഗ് പ്രതിസന്ധിയും അഫോഡബിള്‍ ഭവനവായ്പാ രംഗത്തെ മാന്ദ്യവും ചൂണ്ടിക്കാട്ടി സാമ്പത്തിക സ്ഥിരതയ്ക്ക് പ്രമുഖ്യം നല്‍കണമെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്കെത്തിയത്. എന്നിരുന്നാലും ഭാവിയില്‍ നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിന് മടിക്കില്ലെന്നും ശക്തികാന്ത ദാസ് പറയുന്നു.

റിസര്‍വ് ബാങ്കിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ രൂപയുടെ മൂല്യം 82നു താഴേക്കെത്തി. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളാണ് വീണ്ടും ഒരു നിരക്കു വര്‍ധന കൂടി പ്രഖ്യാപിക്കപ്പെടുമെന്ന വിലയിരുത്തലുകള്‍ക്ക് അടിസ്ഥാനമായിരുന്നത്. '2023 തുടങ്ങിയത് ശുഭ പ്രതീക്ഷകളോടെയാണ്, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മികച്ച പ്രതിരോധ ശേഷി പ്രകടമാക്കിയിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും ശുഭ പ്രതീക്ഷകള്‍ നിലനിന്നിരുന്നു. എന്നാല്‍ മാര്‍ച്ചിലെ ഏതാനും ചില ആഴ്ചകളോടെ ഇതിന് നാടകീയ മാറ്റങ്ങള്‍ സംഭവിച്ചു.

ചില വികസിത സമ്പദ്‍വ്യവസ്ഥകളിലെ ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധികള്‍ മൂലം പുതിയ അസ്വസ്ഥതകള്‍ രൂപം കൊള്ളുകയാണ്,' ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരിക്കുന്നു.

Tags:    

Similar News