മാനുഫാക്ചറിംഗ് സെക്ടറിന്റെ വളർച്ചയിൽ ജൂലൈയിലും നേരിയ ഇടിവ്
- തുടര്‍ച്ചയായ 25-ാം മാസവും ഉല്‍പ്പാദന മേഖല വളര്‍ച്ചയില്‍
- ജൂലൈയിലും കൂടുതല്‍ തൊഴില്‍ സൃഷ്ടി
- അസംസ്‍കൃത വസ്തുക്കളുടെ പണപ്പെരുപ്പം 9 മാസത്തെ ഉയര്‍ച്ചയില്‍
ഉൽപ്പാദനത്തിന്റെയും പുതിയ ഓർഡറുകളുടെയും വളർച്ച നിരക്കിൽ നേരിയ കുറവുണ്ടായതിനാൽ ജൂലൈയിൽ ഇന്ത്യയിലെ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ചയില്‍ നേരിയ കുറവുണ്ടായി. എസ് & പി ഗ്ലോബൽ ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേര്‍സ് സൂചിക (പിഎംഐ) ജൂണിലെ 57.8 ൽ നിന്ന് ജൂലൈയിൽ 57.7 ആയി കുറഞ്ഞു. തുടർച്ചയായ രണ്ടാം മാസമാണ് മാനുഫാക്ചറിംഗ് പിഎംഐ ഇടിവ് രേഖപ്പെടുത്തുന്നത്.
ഇടിവുണ്ടായി എങ്കിലും, ഇന്ത്യൻ ഉൽപ്പാദന മേഖല ശക്തമായ വളർച്ചാ കുതിപ്പ് നിലനിർത്തുന്നുവെന്ന് സർവേ പറയുന്നു. പിഎംഐ 50ന് മുകളിലാണെങ്കില്‍ മേഖലയുടെ വികാസവും 50നു താഴെയാണെങ്കില്‍ മേഖലയുടെ സങ്കോചവുമാണ് സൂചിപ്പിക്കുന്നത്. തുടർച്ചയായ 25-ാം മാസമാണ് മാനുഫാക്ചറിംഗ് പിഎംഐ 50നു മുകളില്‍ രേഖപ്പെടുത്തുന്നത്.
"ശക്തമായ പുതിയ ഓർഡർ വളർച്ചയുടെ പിൻബലത്തിൽ ഉൽപ്പാദനം ശക്തമായി തുടരുന്നതിനാൽ, ജൂലൈയിൽ ഇന്ത്യൻ നിർമ്മാണ മേഖല വളർച്ചാ ആക്കം നഷ്ടപ്പെടുത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കിയിട്ടില്ല," എസ് & പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്സ് ഡയറക്ടർ ആൻഡ്രൂ ഹാർക്കർ പറഞ്ഞു. ഉല്‍പ്പാദന അളവിന്‍റെയും പുതിയ ഓർഡറുകളുടെയും വിപുലീകരണ നിരക്കുകൾ ജൂണിനെ അപേക്ഷിച്ച് നേരിയ തോതിൽ കുറവായിരുന്നു.
കയറ്റുമതിയും നിയമനങ്ങളും ഉയര്‍ന്നു
ഇന്ത്യന്‍ മാനുഫാക്ചറിംഗ് മേഖലയുടെ പുതിയ കയറ്റുമതി ബിസിനസിലെ വളർച്ച കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വേഗമേറിയ നിലയിലേക്ക് ഉയർന്നിട്ടുണ്ട്. യുഎസിലെയും ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളിലെയും ഉപഭോക്താക്കളിൽ നിന്നുള്ള പുതിയ ഓർഡറുകൾ വർധിച്ചതായി സര്‍വെയില്‍ പ്രതികരിച്ചവർ ചൂണ്ടിക്കാട്ടി.ഈ അവസരം മുതലാക്കാൻ കമ്പനികൾ കൂടുതൽ അസംസ്കൃതവസ്തുക്കൾ സംഭരിക്കുകയും തൊഴിലവസരങ്ങൽ വിപുലീകരിക്കുകയും ചെയ്യുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മെയ്, ജൂൺ മാസങ്ങളി വളര്‍ച്ചയാണ് ജൂലൈയിലും ഉണ്ടായത്. .
ഇൻപുട്ട് കോസ്റ്റ് പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ ഒമ്പത് മാസത്തെ ഉയർന്ന നിരക്കിലെത്തി. അസംസ്കൃത വസ്തുക്കൾക്ക്, പ്രത്യേകിച്ച് പരുത്തിക്ക് ഉയർന്ന ചെലവ് രേഖപ്പെടുത്തി. അസംസ്‌കൃത വസ്തുക്കളുടെ ഈ ഉയർന്ന വിലയും വർദ്ധിച്ചുവരുന്ന തൊഴിൽ ചെലവുകളും കമ്പനികളെ അവരുടെ വിൽപ്പന വില വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചു.
"ബിസിനസ് ആത്മവിശ്വാസം ജൂണിൽ കണ്ടതിനേക്കാൾ അൽപ്പം കുറവായിരുന്നു, പക്ഷേ ദീര്‍ഘകാല ശരാശരിയേക്കാൾ മുകളിലായിരുന്നു. ഏകദേശം 32 ശതമാനം പേർ ഉൽപ്പാദനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു, വെറും 2 ശതമാനമാണ് ഉല്‍പ്പാദന വളര്‍ച്ചയില്‍ വിശ്വാസക്കുറവ് പ്രകടമാക്കിയത്," സർവേ പറയുന്നു.