ജപ്പാനിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
കറന്‍സിയുടെ മൂല്യമിടിഞ്ഞതും, ഇറക്കുമതി ചെലവിലെ സമ്മര്‍ദ്ദവും മൂലം കേന്ദ്ര ബാങ്ക് കുറഞ്ഞ പലിശ നിരക്കില്‍ തന്നെ തുടരുന്നതാണ് ഇതിനു കാരണം.
ടോക്കിയോ: ഒക്ടോബറില്‍ ജപ്പാനിലെ ഉപഭോക്തൃ പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കറന്‍സിയുടെ മൂല്യമിടിഞ്ഞതും, ഇറക്കുമതി ചെലവിലെ സമ്മര്‍ദ്ദവും മൂലം കേന്ദ്ര ബാങ്ക് കുറഞ്ഞ പലിശ നിരക്കില്‍ തന്നെ തുടരുന്നതാണ് ഇതിനു കാരണം. രാജ്യത്തെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.6 ശതമാനം ഉയര്‍ന്നു. സാമ്പത്തിക വിദഗ്ധര്‍ 3.5% വര്‍ധനവാണ് കണക്കാക്കിയിരുന്നത്. സെപ്റ്റംബറില്‍ ഇത് 3 ശതമാനമായിരുന്നു.
1982 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. തുടര്‍ച്ചയായ ഏഴാം മാസവും പണപ്പെരുപ്പം ബാങ്ക് ഓഫ് ജപ്പാന്റെ (BOJ) 2 ശതമാനം എന്ന ലക്ഷ്യത്തിന് മുകളില്‍ തന്നെ തുടരുകയാണ്. എന്നാല്‍ ജപ്പാന്‍ മറ്റു രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിരക്കു വര്‍ധനയെന്ന നയം പിന്തുടരാനുള്ള സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കാരണം ജപ്പാനില്‍ കോസ്റ്റ് പുഷ് (വേതനത്തിന്റെയും അസംസ്‌കൃത വസ്തുക്കളുടെയും വിലയിലെ വര്‍ധനവ് കാരണം പണപ്പെരുപ്പം ഉയരുന്ന അവസ്ഥ) മൂലമുള്ള പണപ്പെരുപ്പമാണ് ഉള്ളത്.
വിദേശ വിതരണത്തിലുണ്ടായ തടസ്സങ്ങള്‍ വ്യവസായ ഉത്പന്നങ്ങള്‍, നിര്‍മാണ ഉത്പന്നങ്ങള്‍, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ വില വര്‍ധിക്കുന്നതിന് കാരണമായി. ഒപ്പം, ഈ വര്‍ഷം ഡോളറിനെതിരെ യെന്‍ 20 ശതമാനത്തോളം ഇടിഞ്ഞു. നിലവില്‍ കേന്ദ്ര ബാങ്ക് ദീര്‍ഘകാല പലിശ നിരക്കുകള്‍ പൂജ്യത്തിലും ഹ്രസ്വകാല നിരക്കുകള്‍ മൈനസ് 0.1 ശതമാനത്തിലുമാണ് നിലനിര്‍ത്തിയിട്ടുള്ളത്.
കോവിഡ് പ്രതിസന്ധി മൂലമുള്ള മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജപ്പാന്റെ സമ്പദ് വ്യവസ്ഥ ദുര്‍ബലമായി തന്നെയാണ് ഇപ്പോഴും തുടരുന്നത്. കൂടാതെ, ജപ്പാനിലെ പണപ്പെരുപ്പ നിരക്ക് മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മിതമായ നിലയിലാണ്.
ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും യെന്നിന്റെ തകര്‍ച്ചയും ഊര്‍ജ്ജ ചെലവ് 15.2 ശതമാനം വര്‍ധിക്കുന്നതിന് കാരണമായി. ഭക്ഷ്യ വില 5.9 ശതമാനവും ഗാര്‍ഹിക ഉത്പന്നങ്ങളുടെ വില 11.8 ശതമാനവും വര്‍ധിച്ചു.