പണപ്പെരുപ്പം പരിധി കടന്നേക്കും; ധനനയത്തില്‍ ആശങ്ക

  • പണപ്പെരുപ്പം 6.5 ശതമാനത്തിന് മുകളിലെത്തിയേക്കും
  • ധനനയം കേന്ദ്രബാങ്ക് ഉടനടി തിരുത്തിയേക്കില്ലെന്ന് വിദഗ്ധരുടെ പ്രതീക്ഷ
  • പണപ്പെരുപ്പ നിഗമനം വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ തയാറായേക്കും

Update: 2023-07-25 09:07 GMT

കഴിഞ്ഞ ആഴ്ചകളിൽ, ഭക്ഷ്യവസ്തുക്കളുടെയും പ്രത്യേകിച്ച് പച്ചക്കറികളുടെയും വില കുത്തനെ ഉയർന്നതിന്‍റെ പശ്ചാത്തലത്തില്‍ ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് 6 .5 ശതമാനത്തിന് മുകളിലേക്ക് എത്തിയേക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് (എന്‍എച്ച്ബി) നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍  ജൂലൈ 23ലെ കണക്കനുസരിച്ച്  39.8 ശതമാനം ഉയർച്ചയാണ് മുന്‍മാസവുമായുള്ള താരതമ്യത്തില്‍ പച്ചക്കറി വിലയില്‍ ഉണ്ടായിട്ടുള്ളത്. ഈ സീസണില്‍ സാധാരണ ഏകദേശം 15 ശതമാനം വരെ മാത്രം ഉയര്‍ച്ചയാണ് വിലയില്‍ പ്രകടമാകാറുള്ളത്. 

തക്കാളി വില മുന്‍ മാസവുമായുള്ള താരതമ്യത്തില്‍ 163 ശതമാനം വര്‍ധിച്ചുവെന്നാണ് എന്‍എച്ച്ബി ഡാറ്റ പറയുന്നത്. എന്നാല്‍ ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്‍റെ ഡാറ്റ പ്രകാരം 221 ശതമാനം വര്‍ധനയാണ് തക്കാളി വിലയില്‍ ഉണ്ടായത്.  ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലയും ജൂലൈയില്‍ ഉയര്‍ന്നിട്ടുണ്ട്. റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നതില്‍ 46 ശതമാനം വെയ്റ്റേജാണ് ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും വിഭാഗത്തിന് നല്‍കിയിട്ടുള്ളത്. "പച്ചക്കറി വിലയിലെ കുതിച്ചുചാട്ടം (തക്കാളി നയിക്കുന്നത്) ജൂലൈയിലെ സിപിഐ പണപ്പെരുപ്പം 6.5-6.7 ശതമാനത്തിലേക്ക് ഉയർത്തും," ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ ഇന്ത്യ ഇക്കണോമിസ്റ്റ് ഗൗര സെൻ ഗുപ്ത അഭിപ്രായപ്പെട്ടു.

അരിവിലയിലും കാര്യമായ വര്‍ധന ജൂലൈയില്‍ പ്രകടമായിട്ടുണ്ട്. വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. അതിനു മുമ്പ് 2022 സെപ്റ്റംബറില്‍ ബ്രോക്കണ്‍ റൈസ് കയറ്റുമതി നിരോധിക്കുകയും ബസുമതി ഇതര അരി ഇനങ്ങളുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തുകയും ചെയ്തിരുന്നു. ഈ നടപടികള്‍ക്ക് ശേഷവും അരിയിലെ വിലക്കയറ്റം 2022 ഓഗസ്റ്റിലെ 6.94 ശതമാനത്തില്‍ നിന്ന് 2023 ജൂണില്‍ 11.78 ശതമാനത്തിലേക്ക് ഉയരുകയാണ് ചെയ്തിട്ടുള്ളതെന്ന് സിപിഐ ഡാറ്റ വ്യക്തമാക്കുന്നു. 

പണപ്പെരുപ്പവും ധനനയവും

ഉപഭോക്തൃ വില സൂചിക (സി‌പി‌ഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് മേയില്‍ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.31 ശതമാനത്തിലേക്ക് എത്തിയിരുന്നു.  എന്നാല്‍ ജൂണിൽ പ്രതീക്ഷിച്ചതിലും 4.81 ശതമാനത്തിലേക്ക് നിരക്ക് ഉയര്‍ന്നു. തുടര്‍ച്ചയായി മൂന്നു മാസങ്ങളില്‍ ഇടിവ് പ്രകടമാക്കിയ ശേഷമായിരുന്നു ഈ വളര്‍ച്ച. എങ്കിലും ആർബിഐയുടെ സഹന പരിധിയായ 2-6 ശതമാനത്തിനുള്ളിൽ പണപ്പെരുപ്പം നിലനിന്നു. എന്നാല്‍ ജൂലൈയില്‍ പരിധിക്ക് അപ്പുറത്തേക്ക് പണപ്പെരുപ്പം എത്തുന്നതോടെ ധനനയത്തില്‍ തിരുത്തല്‍ വരുത്താനും പലിശ നിരക്ക് ഉയര്‍ത്താനും കേന്ദ്രബാങ്ക് തയാറാകുമോ എന്ന ആശങ്കയും ഉയര്‍ന്നുവന്നിട്ടുണ്ട്. 

ഉടനടി നിരക്ക് വര്‍ധനയിലേക്ക് റിസര്‍വ് ബാങ്ക് നീങ്ങില്ലെന്നാണ് വിശകലന വിദഗ്ധര്‍ പൊതുവില്‍ വിലയിരുത്തുന്നത്. ഓഗസ്റ്റ് 14നാണ്  ജൂലൈയിലെ സിപിഐ പണപ്പെരുപ്പം സംബന്ധിച്ച ഔദ്യോഗിക ഡാറ്റ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്നത്. അതിനു മുമ്പ്, ഓഗസ്റ്റ് ആദ്യ വാരത്തില്‍ തന്നെ കേന്ദ്രബാങ്ക് തങ്ങളുടെ പുതിയ നയ പ്രഖ്യാപനം നടത്തും. പലിശ നിരക്ക് സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ ആര്‍ബിഐ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയില്‍ പണപ്പെരുപ്പം സംബന്ധിച്ച ഡാറ്റയാണ്. 

ആർബിഐയുടെ ധനനയ അവലോകന സമിതി (എംപിസി) ഏപ്രിൽ, ജൂൺ മാസങ്ങളിൽ പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു.  എന്നാല്‍ പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന് ഉചിതമായ നടപടി വേണ്ട സമയത്ത് കൈക്കൊള്ളുന്നതിന് തയാറാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിട്ടുണ്ട്. 

ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന എംപിസി യോഗത്തില്‍ ഉയരുന്ന ഭക്ഷ്യവിലകളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നത് ഉറപ്പാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച നിഗമനം തിരുത്താനും ആര്‍ബിഐ തയാറായേക്കും. നിലവില്‍ ശരാശരി 5.1 ശതമാനം പണപ്പെരുപ്പമാണ് 2023 -24ല്‍ കേന്ദ്രബാങ്ക് പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News