സേവന മേഖലയിലെ വളര്‍ച്ച താഴോട്ടിറങ്ങുന്നു; പിഎംഐ 7 മാസത്തിലെ താഴ്ന്ന നിലയില്‍

  • അന്താരാഷ്ട്ര ഓര്‍ഡറുകളില്‍ രേഖപ്പെടുത്തിയത് വലിയ വളര്‍ച്ച
  • ഇന്ത്യന്‍ സേവനങ്ങളുടെ വില ഉയര്‍ന്നു
  • ബിസിനസ് ആത്മവിശ്വാസത്തിലും ഇടിവ്

Update: 2023-11-03 06:51 GMT

രാജ്യത്തെ സേവന മേഖലയുടെ വളര്‍ച്ച ഒക്ടോബറിൽ ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്ന് പ്രതിമാസ സര്‍വെ റിപ്പോര്‍ട്ട്. എസ് & പി ഗ്ലോബൽ ഇന്ത്യ സർവീസസ് പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍റക്സ് സെപ്റ്റംബറിലെ 61.0 ൽ നിന്ന് കഴിഞ്ഞ മാസം 58.4 ആയി കുറഞ്ഞു. വിദഗ്ധര്‍ പൊതുവില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ താഴ്ന്ന നിലയിലാണിത്. എങ്കിലും തുടര്‍ച്ചയായ 27-ാം മാസവും സേവന മേഖലയ്ക്ക് വളര്‍ച്ചയില്‍ തന്നെ തുടരാനായിട്ടുണ്ട്. 50നു മുകളിലുള്ള പിഎംഐ മേഖലയുടെ വികാസത്തെയും അതിനു താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു. 

ആവശ്യകതയില്‍ അനുഭവപ്പെട്ട നേരിയ മാന്ദ്യം തൊഴിലവസരങ്ങളുടെ സൃഷ്ടിയെയും ബാധിച്ചിട്ടുണ്ട്. എന്നാൽ സേവന മേഖലയിലെ അടിസ്ഥാന പ്രവർത്തനങ്ങൾ കരുത്തോടെ നില്‍ക്കുകയും കയറ്റുമതി ആരോഗ്യകരമായി ഉയരുകയും ചെയ്തുവെന്ന് സർവേ വ്യക്തമാക്കുന്നു. ഒക്റ്റോബറില്‍ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ചയും ഇടിവ് പ്രകടമാക്കിയിരുന്നു. മാനുഫാക്ചറിംഗ് പ്രവർത്തനങ്ങൾ എട്ട് മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലാണ് ഒക്റ്റോബറില്‍ വികസിച്ചത്. സേവന മേഖലയെയും മാനുഫാക്ചറിംഗ് മേഖലയെയും ഒരുമിച്ച് കണക്കാക്കുന്ന കോമ്പോസിറ്റ് പിഎംഐ സെപ്റ്റംബറിലെ 61.0 ൽ നിന്ന് ഒക്ടോബറിൽ 58.4 ആയി കുറഞ്ഞു.

അന്താരാഷ്ട്ര ഓര്‍ഡറുകളില്‍ വലിയ മുന്നേറ്റം

സേവനമേഖലയിലെ 400 ഓളം കമ്പനികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വെ റിപ്പോര്‍ട്ട് തയാറാക്കിയത്. "നിരവധി കമ്പനികൾക്ക് പുതിയ കരാറുകൾ ഉറപ്പാക്കാൻ കഴിഞ്ഞു, എന്നാൽ ചിലത് അവരുടെ സേവനങ്ങൾക്കും ഡിമാൻഡ് കുറഞ്ഞതായും മത്സര സാഹചര്യങ്ങൾ കടുത്തതായും സൂചിപ്പിച്ചു," എസ് & പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു.

2014 സെപ്റ്റംബറിൽ ഈ പ്രതിമാസ റിപ്പോര്‍ട്ട് ആരംഭിച്ചതിന് ശേഷം,  അന്താരാഷ്ട്ര ഓർഡറുകളില്‍ ഇന്ത്യൻ സേവന കമ്പനികളുടെ  രണ്ടാമത്തെ വലിയ മ മുന്നേറ്റമാണ് ഒക്ടോബറില്‍ ഉണ്ടായിട്ടുള്ളത്. ഏഷ്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ ക്ലയന്റുകളിൽ നിന്നുള്ള മികച്ച നേട്ടങ്ങൾ സർവേയുടെ ഭാഗമായ കമ്പനികള്‍ ചൂണ്ടിക്കാട്ടി.

ഭക്ഷണം, ഇന്ധനം, ജീവനക്കാരുടെ ചെലവുകൾ എന്നിവയ്ക്കായുള്ള ചെലവിടല്‍ ഉയര്‍ന്നതായി സേവന കമ്പനികള്‍ പറയുന്നു. "സർവേയിൽ പങ്കെടുത്തവർ ഈ അധിക ചിലവ് ഭാരങ്ങൾ ക്ലയന്റുകൾക്ക് കൈമാറി, ചാർജുകളിലെ വർദ്ധനവ് വിൽപ്പന വളർച്ചയിലെ ഇടിവിന് കാരണമായേക്കാം. മാത്രമല്ല, ഒക്ടോബറിലെ പണപ്പെരുപ്പ നിഗമനങ്ങള്‍ ഉയർന്നത് ബിസിനസ്സ് ആത്മവിശ്വാസത്തിലും മങ്ങലേല്‍പ്പിച്ചു ," ലിമ കൂട്ടിച്ചേർത്തു.  

Tags:    

Similar News