ഇന്ത്യന്‍ ജിഡിപിയുടെ നട്ടെല്ല് കുടുംബ ബിസിനസുകളെന്ന് റിപ്പോര്‍ട്ട്

  • ജിഡിപിയിലേക്ക് കുടുംബ ബിസിനസുകളുടെ സംഭാവന 80 മുതല്‍ 85 ശതമാനം വരെ എത്തുമെന്ന് റിപ്പോര്‍ട്ട്
  • 2,000 കോടിയിലധികം വാര്‍ഷിക വരുമാനമുള്ള കുടുംബ ഉടമസ്ഥതയിലുള്ള 300 ബിസിനസ്സുകളെയാണ് റിപ്പോര്‍ട്ട് വിശകലനം ചെയ്തത്
  • എഫ്ഒബികളുടെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കുള്ള റിട്ടേണ്‍ വളരെ കൂടുതലാണെന്നും കണ്ടെത്തി

Update: 2024-08-02 02:49 GMT

2047 ഓടെ ഇന്ത്യയുടെ ജിഡിപിയിലേക്ക് കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ (എഫ്ഒബി) സംഭാവന 80 മുതല്‍ 85 ശതമാനം വരെ എത്തുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ എഫ്ഒബി ദേശീയ ജിഡിപിയുടെ 75 ശതമാനത്തിലധികം സംഭാവന ചെയ്യുന്നതായി മക്കിന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശതമാനങ്ങളിലൊന്നാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കലെങ്കിലും 2,000 കോടിയിലധികം വാര്‍ഷിക വരുമാനമുള്ള കുടുംബ ഉടമസ്ഥതയിലുള്ള 300 ബിസിനസ്സുകളെ റിപ്പോര്‍ട്ട് വിശകലനം ചെയ്തു.

2017 മുതല്‍ 2022 വരെ, എഫ്ഒബികള്‍ കുടുംബത്തിന്റെ ഉടസ്ഥതയിലല്ലാത്ത് ബിസിനസ്സുകളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഏകദേശം 2.3 ശതമാനം ഉയര്‍ന്ന വരുമാന വളര്‍ച്ചയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 2012 മുതല്‍ 2022 വരെയുള്ള അവരുടെ കുടുംബേതര എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എഫ്ഒബികളുടെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കുള്ള റിട്ടേണ്‍ ഇരട്ടി കൂടുതലാണെന്നും കണ്ടെത്തി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന എഫ്ഒബികള്‍ക്ക് ഉയര്‍ന്ന വരുമാന വളര്‍ച്ചയുണ്ട്.

ഇന്ത്യയിലെ എഫ്ഒബികള്‍ അവരുടെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നതിനും തടസ്സങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രസക്തമായി നിലകൊള്ളുന്നതിനുമുള്ള വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു.

മികച്ച പ്രവര്‍ത്തന മികവ്, ഫലപ്രദമായ ജനറേഷന്‍ ട്രാന്‍സിഷനുകള്‍, വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോകള്‍, ശക്തമായ ടാലന്റ് മാനേജ്മെന്റ്, കരുത്തുറ്റ ഭരണ ഘടനകള്‍ എന്നിവ ഉള്‍പ്പെടുന്ന സ്വഭാവസവിശേഷതകള്‍ മികച്ച പ്രകടനം നടത്തുന്ന ബിസിനസുകള്‍ പ്രകടിപ്പിക്കുന്നുണ്ട്.

റിപ്പോര്‍ട്ട് അനുസരിച്ച്, സ്ഥാപക തലമുറയെ തുടര്‍ന്ന് മുന്‍ഗണനകള്‍ പലപ്പോഴും മാറുന്നു. പണലഭ്യതയുടെ ചെലവില്‍ പോലും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുന്നതിലെ പ്രാഥമിക ശ്രദ്ധ, സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ഊന്നലിലേക്ക് മാറുന്നു.

നേതൃത്വ ശൈലികളും സ്ഥാപകന്റെ തലമുറയില്‍ നിന്ന് അടുത്തതിലേക്ക് മാറുന്നു. മികച്ച പ്രകടനം നടത്തുന്ന കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ അനുപാതം തലമുറകളായി 20 ശതമാനം മുതല്‍ 25 ശതമാനം വരെ താരതമ്യേന സ്ഥിരമായി തുടരുന്നുതായും റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Similar News