2030-ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആകും: എസ്&പി

  • മാനുഫാക്ചറിഗ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയാകാന്‍ ലോജിസ്‍റ്റിക്സ് വളര്‍ച്ച അനിവാര്യം
  • 2026-27ൽ 7 ശതമാനം വളര്‍ച്ചയിലേക്ക് ഇന്ത്യ തിരിച്ചെത്തുമെന്നും നിഗമനം
;

Update: 2023-12-05 08:32 GMT
india to become third largest economy by 2030, s&p
  • whatsapp icon

2030-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് എസ് & പി ഗ്ലോബൽ റേറ്റിംഗ്‍സിന്‍റെ നിരീക്ഷണം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 7.2 ശതമാനം ജിഡിപി വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6.4 ശതമാനം വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകുമെന്നാണ് 'ഗ്ലോബല്‍ ക്രെഡിറ്റ് ഔട്ട്ലുക്ക് 2024' എന്ന പേരില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ എസ് & പി വിലയിരുത്തുന്നത്. 

അടുത്ത സാമ്പത്തിക വർഷത്തിൽ (2024-25) വളർച്ചാ നിരക്ക് 6.4 ശതമാനമായി തുടരുമെന്നും, അതിനടുത്ത സാമ്പത്തിക വർഷം 6.9 ശതമാനമായും 2026-27ൽ 7 ശതമാനമായും വളര്‍ച്ചാ നിരക്ക് ഉയരുമെന്നും റേറ്റിംഗ് ഏജൻസി പ്രതീക്ഷിക്കുന്നു. 

"2030-ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും, അടുത്ത മൂന്ന് വർഷത്തിലും അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ നിലനില്‍ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," എസ് & പി പറഞ്ഞു. നിലവിൽ അമേരിക്ക, ചൈന, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് പിന്നിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.

ഇന്ത്യയ്ക്ക് അടുത്ത വലിയ ആഗോള ഉൽപ്പാദന കേന്ദ്രമായി മാറാൻ കഴിയുമോ എന്നതാണ് സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുപോക്കില്‍ പ്രധാനപ്പെട്ട കാര്യം. മാനുഫാക്ചറിംഗിന് പ്രാധാന്യമുള്ള ഒരു സമ്പദ്‍വ്യവസ്ഥയായി മാറുന്നതില്‍ ശക്തമായ ഒരു ലോജിസ്‍‍റ്റിക്സ് ചട്ടക്കൂട് വികസിപ്പിക്കുന്നത് അനിവാര്യമാണ്. തൊഴിലാളികളുടെ വൈദഗ്ധ്യം ഉയര്‍ത്തുന്നതിനെയും സ്ത്രീ പങ്കാളിത്തം ഉയര്‍ത്തുന്നതിനെയും ആശ്രയിച്ചാണ് തൊഴിൽ വിപണിയുടെ വളര്‍ച്ചാ സാധ്യതകളുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കുതിച്ചുയരുന്ന ആഭ്യന്തര ഡിജിറ്റൽ വിപണി, അടുത്ത ദശകത്തിൽ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് ഇന്ധനം നല്‍കുമെന്നും ധനകാര്യ, ഉപഭോക്തൃ മേഖലകളിലെ സാങ്കേതിക വിദ്യകളിലാണ് ഇത് പ്രത്യേകിച്ചും കാണാനാകുക എന്നും എസ് & പി നിരീക്ഷിക്കുന്നു. 

Tags:    

Similar News