ഇന്ത്യ ഗൂഗിള്‍ ടാക്‌സ് ഒഴിവാക്കുന്നു
- വിദേശ ടെക് കമ്പനികളുടെ ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന ലെവിയാണ് ഗൂഗിള്‍ ടാക്‌സ്
- നടപടി യുഎസുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു
;

ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യ ഗൂഗിള്‍ ടാക്‌സ് ഒഴിവാക്കിയേക്കും. ഗൂഗിള്‍, മെറ്റ തുടങ്ങിയ വിദേശ ടെക് കമ്പനികളുടെ ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന 6% ഇക്വലൈസേഷന്‍ ലെവിയാണ് 'ഗൂഗിള്‍ ടാക്‌സ്' എന്നറിയപ്പെടുന്നത്. ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായി ഏപ്രില്‍ ഒന്നു മുതല്‍ നികുതി നിര്‍ത്തലാക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ലെവിയെ വിമര്‍ശിക്കുകയും പ്രതികാര താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന യുഎസുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഈ നീക്കം.
നികുതി നീക്കം ചെയ്യുന്നത് ടെക് കമ്പനികള്‍ക്കും പരസ്യദാതാക്കള്‍ക്കും ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
2016 ലാണ് ഈക്വലൈസേഷന്‍ ലെവി നിലവില്‍ വന്നത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് ഗണ്യമായ വരുമാനം നേടുന്ന, എന്നാല്‍ രാജ്യത്ത് ഭൗതിക സാന്നിധ്യമില്ലാത്ത ആഗോള ടെക് സ്ഥാപനങ്ങള്‍ ഇന്ത്യയുടെ നികുതി സംവിധാനത്തിലേക്ക് സംഭാവന നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ക്ക് തുടക്കത്തില്‍ 6% ആയി നിശ്ചയിച്ചിരുന്ന ലെവി പിന്നീട് 2020 ല്‍ ഇന്ത്യയില്‍ 2 കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക ബിസിനസ് ഉള്ള എല്ലാ ഇ-കൊമേഴ്സ് കമ്പനികള്‍ക്കും 2% നികുതി ഉള്‍പ്പെടുത്തുന്നതിനായി വിപുലീകരിച്ചു.
ഇന്ത്യയും യുഎസും തമ്മിലുള്ള ഒരു കരാറിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അധിക 2% ലെവി പിന്‍വലിച്ചു. ഇപ്പോള്‍, നിലവിലുള്ള 6% നികുതിയും നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
വ്യാപാര സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനായി ഇന്ത്യയും യുഎസും നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമാണ് നികുതി നീക്കം ചെയ്യാനുള്ള തീരുമാനം. മുന്‍കാലങ്ങളില്‍, ലെവിക്ക് മറുപടിയായി ചെമ്മീന്‍, ബസുമതി അരി, ആഭരണങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% വരെ തീരുവ ചുമത്തുമെന്ന് യുഎസ് ഭീഷണിപ്പെടുത്തിയിരുന്നു.
നികുതി പിന്‍വലിക്കല്‍ ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താനും ഭാവിയില്‍ ഉണ്ടാകുന്ന വ്യാപാര തര്‍ക്കങ്ങള്‍ തടയാനും സഹായിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. യുഎസുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ യുകെ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ സമാനമായ ഡിജിറ്റല്‍ നികുതികള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
ഗൂഗിള്‍ ടാക്‌സ് നീക്കം ചെയ്യുന്നത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ടെക് സ്ഥാപനങ്ങള്‍ക്ക് ഒന്നിലധികം നേട്ടങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ പരസ്യച്ചെലവ് ആണ് അതിലൊന്ന്. നികുതി ഇല്ലാതാകുന്നതോടെ, ഗൂഗിള്‍, മെറ്റ പോലുള്ള പ്ലാറ്റ്ഫോമുകളിലെ പരസ്യം ഇന്ത്യന്‍ ബിസിനസുകള്‍ക്ക് വിലകുറഞ്ഞതായിത്തീരും, ഇത് കൂടുതല്‍ ഡിജിറ്റല്‍ പരസ്യ ചെലവ് പ്രോത്സാഹിപ്പിക്കും.
ഉയര്‍ന്ന ലാഭ മാര്‍ജിന്‍ ആണ് അടുത്ത നേട്ടം. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ പരസ്യദാതാക്കള്‍ എത്തുകയും ചെയ്യും. മെച്ചപ്പെട്ട വ്യാപാര ബന്ധങ്ങള്‍ സൃഷ്ടിക്കാനും ഈ നടപടി സഹായിച്ചേക്കും. ഇന്ത്യയുടെ നീക്കം യുഎസിനെ പ്രതികാര താരിഫുകള്‍ ചുമത്തുന്നതില്‍ നിന്ന് തടയാനും സാധ്യതയുണ്ട്.
നികുതി ഒഴിവാക്കാനുള്ള തീരുമാനം ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരസ്യദാതാക്കള്‍ക്കുള്ള ചെലവ് കുറയ്ക്കുന്നതിലൂടെ, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ ചെലവിടല്‍ ഉണ്ടാകാനും ഇത് കാരണമാകും. ഇത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ ആശ്രയിക്കുന്ന ബിസിനസുകള്‍ക്ക് ഗുണം ചെയ്യും.
കൂടാതെ, തുല്യതാ ലെവിക്ക് പകരമായി വിദേശ ടെക് കമ്പനികള്‍ക്ക് ലഭ്യമായ ചില നികുതി ഇളവുകള്‍ നീക്കം ചെയ്യാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം ലെവി നിര്‍ത്തലാക്കപ്പെടുമെങ്കിലും, മറ്റ് വ്യവസ്ഥകള്‍ പ്രകാരം കമ്പനികള്‍ക്ക് ഇപ്പോഴും നികുതി ചുമത്താം എന്നാണ്.