കയറ്റുമതിയില്‍ ഇടിവ്; വ്യാപാര കമ്മി 20 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
- കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വ്യാപാരക്കമ്മി 18.36 ബില്യണ്‍ ഡോളറായിരുന്നു
- യുഎസ്സിലെയും യൂറോപ്പിലെയും മോശം ഡിമാന്‍ഡാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവുണ്ടാകാനുള്ള പ്രധാന കാരണം
- ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ അനുകൂലമായ സാഹചര്യം ഉണ്ടാകുമെന്നു പ്രതീക്ഷ
ഇന്ത്യയുടെ കയറ്റുമതി ഏപ്രിലില്‍ തുടര്‍ച്ചയായ മൂന്നാം മാസവും 12.7 ശതമാനം ചുരുങ്ങി, 34.66 ബില്യണ്‍ ഡോളറിലെത്തി. വ്യാപാരക്കമ്മി 20 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 15.24 ബില്യണ്‍ ഡോളറിലുമെത്തിയതായി തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിച്ചു.
യുഎസ്സിലെയും യൂറോപ്പിലെയും മോശം ഡിമാന്‍ഡാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവുണ്ടാകാനുള്ള പ്രധാന കാരണം. സ്ഥിതി മെച്ചപ്പെടാന്‍ കുറച്ചു മാസങ്ങള്‍ കൂടി എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
' യൂറോപ്പിനെ സംബന്ധിച്ച് അവിടെനിന്നുള്ള ഡിമാന്‍ഡ് വളരെ മികച്ചതായി തോന്നുന്നില്ല, യുഎസിലും ഡിമാന്‍ഡ് കുറയുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്. അടുത്ത 2-3 മാസം ശുഭാപ്തി വിശ്വാസം നല്‍കുന്നില്ലെന്ന് ഞാന്‍ കരുതുന്നെന്നു ' ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) സന്തോഷ് കുമാര്‍ സാരംഗി പറഞ്ഞു. എന്നിരുന്നാലും
ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ അനുകൂലമായ സാഹചര്യം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
' ഓഗസ്റ്റ്-സെപ്റ്റംബര്‍ മുതല്‍ യൂറോപ്പ്, യുഎസ്സില്‍നിന്നും ഡിമാന്‍ഡ് വര്‍ദ്ധനയുണ്ടാകും. അതോടൊപ്പം ചൈനീസ് സമ്പദ്വ്യവസ്ഥ തുറക്കുന്നതോടെ ആഗോള കയറ്റുമതി രംഗത്തിന് ഉത്തേജനം കൈവരാനുള്ള സാധ്യത ഏറെയാണ് ' സന്തോഷ് കുമാര്‍ സാരംഗി പറഞ്ഞു.
ഇറക്കുമതിയും തുടര്‍ച്ചയായി അഞ്ചാം മാസത്തില്‍ ഏകദേശം 14 ശതമാനം ഇടിഞ്ഞ് 49.9 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 58.06 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് രേഖപ്പെടുത്തിയതെന്നു ഡാറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വ്യാപാരക്കമ്മി 18.36 ബില്യണ്‍ ഡോളറായിരുന്നു. അതിനു മുമ്പത്തെ ഏറ്റവും താഴ്ന്ന നില 2021 ഓഗസ്റ്റിലായിരുന്നു. അന്ന് വ്യാപാരക്കമ്മി കമ്മി 13.81 ബില്യണ്‍ ഡോളറായിരുന്നു.
ചരക്കുകളുടെ വില കുറയുന്നതും രത്നങ്ങളും ആഭരണങ്ങളും പോലെയുള്ള ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞതുമാണ് ഇറക്കുമതി കുറയാന്‍ കാരണമെന്ന് സാരംഗി പറഞ്ഞു.
ഇലക്ട്രോണിക് സാധനങ്ങള്‍, എണ്ണ ഭക്ഷണങ്ങള്‍, എണ്ണക്കുരുക്കള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ ഉയര്‍ന്ന കയറ്റുമതി ഡിമാന്‍ഡ് ഉള്ള ഉല്‍പ്പന്നങ്ങളിലേക്ക് വൈവിധ്യവത്കരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
കയറ്റുമതി മേഖലയില്‍ വരാനിരിക്കുന്ന മാസങ്ങളില്‍ രത്‌നങ്ങള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ചില എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് അനുകൂല സാഹചര്യമായിരിക്കില്ലെന്നും സാരംഗി പറഞ്ഞു.
ഏപ്രിലില്‍ കയറ്റുമതി മേഖലയില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയവയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഇലക്ട്രോണിക് സാധനങ്ങള്‍, ഫാര്‍മ, അരി, എണ്ണ ഭക്ഷണങ്ങള്‍ എന്നിവ നല്ല വളര്‍ച്ച രേഖപ്പെടുത്തി
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 26.49 ശതമാനം വര്‍ധിച്ച് 2.11 ബില്യണ്‍ ഡോളറായി.
ചരക്ക് കയറ്റുമതിക്ക് കീഴില്‍, 30 പ്രധാന മേഖലകളില്‍ 11 എണ്ണം മാത്രമാണ് ഏപ്രിലില്‍ പോസിറ്റീവ് വളര്‍ച്ച പ്രകടമാക്കിയത്, ഇറക്കുമതി രംഗത്താകട്ടെ, 30 പ്രധാന മേഖലകളില്‍ 23 എണ്ണവും നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.
ക്രൂഡ് ഓയില്‍ ഇറക്കുമതി 13.95 ശതമാനം ഇടിഞ്ഞ് 15.17 ബില്യന്‍ ഡോളറിലെത്തി. ഏപ്രിലില്‍ സ്വര്‍ണ ഇറക്കുമതി 41.48 ശതമാനം കുറഞ്ഞ് ഒരു ബില്യന്‍ ഡോളറായി.
ഏപ്രിലില്‍ യുഎസ്സിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 17.16 ശതമാനം ഇടിഞ്ഞ് 5.9 ബില്യന്‍ ഡോളറായി. യുഎഇയിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. ഏപ്രിലില്‍ 22 ശതമാനം ഇടിഞ്ഞ് 2.23 ബില്യന്‍ ഡോളറിലെത്തി.
ചൈന, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിലും നെഗറ്റീവ് വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാണിജ്യ മന്ത്രാലയം 2022-23 ലെ മൊത്തത്തിലുള്ള വ്യാപാര കണക്കുകള്‍ പരിഷ്‌കരിച്ചു.
മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2022-23-ല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി 14.68 ശതമാനം ഉയര്‍ന്ന് 775.87 ബില്യണ്‍ ഡോളറായി. (നേരത്തെ ഇത് 770 ബില്യണ്‍ ഡോളറായിരുന്നു) 2021-22 ല്‍ ഇത് 676.53 ബില്യണ്‍ ഡോളറായിരുന്നു.
2022-23ല്‍ ഇറക്കുമതി 17.65 ശതമാനം വര്‍ധിച്ച് 894.19 ബില്യണ്‍ ഡോളറിലെത്തി, 118.31 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയാണ് ഇക്കാലത്ത് രേഖപ്പെടുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചരക്ക് കയറ്റുമതി 6.74 ശതമാനം വര്‍ധിച്ച് 450.43 ബില്യണ്‍ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 16.47 ശതമാനം ഉയര്‍ന്ന് 714 ബില്യണ്‍ ഡോളറിലെത്തി.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ സേവന കയറ്റുമതി 27.86 ശതമാനം ഉയര്‍ന്ന് 325.44 ബില്യണ്‍ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 22.54 ശതമാനം ഉയര്‍ന്ന 180 ബില്യണ്‍ ഡോളറിലെത്തി.
ഈ വര്‍ഷം ഏപ്രിലില്‍ സേവന കയറ്റുമതി 30.36 ബില്യണ്‍ ഡോളറായിരുന്നു. 2022 ഏപ്രിലില്‍ ഇത് 24.05 ബില്യണ്‍ ഡോളറായിരുന്നു.
ഏപ്രിലില്‍ സേവന ഇറക്കുമതിയുടെ ഏകദേശ മൂല്യം 16.50 ബില്യണ്‍ ഡോളറായിരുന്നു.
2022 ഏപ്രിലില്‍ ഇത് 14.06 ബില്യണ്‍ ഡോളറായിരുന്നു.