ഇന്ത്യ ബിസിനസ്‌ സൗഹൃദം; പറന്നു വന്ന് വിദേശ കമ്പനികള്‍

  • രാജ്യം ബിസിനസ് സൗഹൃദ രാജ്യമെന്ന് EIU റിപ്പോര്‍ട്ട്
  • ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിന്റെ 25 ശതമാനം ഇന്ത്യയിലേക്ക് ?
  • ഏഷ്യയിലെ 17 സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യ പതിനാലാം സ്ഥാനത്തു നിന്ന് പത്താം സ്ഥാനത്തേക്ക്

Update: 2023-04-26 07:30 GMT

അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് ഇക്കണോമിക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് (EIU ) റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ത്രൈമാസറിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

ഏപ്രില്‍ 13 നു പ്രസിദ്ധീകരിച്ച ബിസിനസ് എന്‍വയൊണ്മെന്റ് റാങ്കിഗില്‍ ഏഷ്യയിലെ 17 സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യ പതിനാലാം സ്ഥാനത്തു നിന്ന് പത്താം സ്ഥാനത്തെത്തിയിരിക്കുയാണ്. എന്നാല്‍ ദീര്‍ഘാകാലാടിസ്ഥാനത്തില്‍ ഉല്പാദന മേഖലയിലെ ഒരു ശക്തിയായി മാറാന്‍ ഇന്ത്യക്കു സമാന വിപണിയില്‍ നിന്ന് പ്രത്യേകിച്ച് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കടുത്ത മത്സരങ്ങള്‍ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ചുവപ്പു നാടയുടെ അതിപ്രസരവും സംരക്ഷിത താത്പര്യങ്ങളും നിക്ഷേപകര്‍ക്ക് മുന്നില്‍ വെല്ലുവിളിയായി നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വളര്‍ന്നു വരുന്ന ആഭ്യന്തര വിപണിയിലെ അവസരങ്ങളാണ് ഈ ഉയര്‍ന്ന സ്‌കോറിനു പ്രധാന കാരണം. എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ ആണ് ഇന്ത്യയെ താഴേക്കു വലിക്കുന്നത്

ആപ്പിള്‍ ഉത്പന്നങ്ങളുടെ കോണ്‍ട്രാക്ടര്‍ ആയ തായ് വാൻ  ഫോക്‌സ് കോണ്‍ ഇന്ത്യയിലെ ആപ്പിള്‍ ഫോണ്‍ നിര്‍മാണം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുവെന്നു ബ്ലൂമ്‌സ്‌ബെര്‍ഗ് മാര്‍ച്ച് മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബാംഗ്ലൂരിനടുത്തു ഒരു ഫാക്ടറി സ്ഥാപിക്കാന്‍ വേണ്ടി 700 മില്യണ്‍ യു എസ് ഡോളര്‍ നിക്ഷേപത്തിനാണ് ഇവര്‍ പദ്ധതിയിടുന്നത്.ഇന്ത്യയില്‍ ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണം വിപുലമാവാന്‍ മൊത്തം ഉല്പാദനത്തിന്റെ 25 ശതമാനം നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ പദ്ധതിയുണ്ടെന്നു ഇന്ത്യയിലെ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ഇത് 5 മുതല്‍ 7 ശതമാനം വരെ ആണ്.

ഈ വര്‍ഷം ആദ്യം തെലുങ്കാനയില്‍ ഇലക്ട്രോണിക്‌സ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പ്ലാന്റില്‍ നിര്‍മിക്കുന്നത് ആപ്പിള്‍ ഉത്പന്നങ്ങള്‍ ആണോ എന്നത് വ്യക്തമാക്കിയിട്ടില്ല .ബാംഗ്ലൂര്‍ ഐ ടി ഹബ് സിറ്റിക്കടുത്തു 300 ഏക്കറില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നഫാക്ടറി വഴി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാവും എന്ന് പ്രതീക്ഷിക്കുന്നു

ഇതുവരെ ഫോക്‌സ്‌കോണ്‍ അതിന്റെ ഐ ഫോണ്‍ നിര്‍മാണം പ്രധാനമായും ചൈനയിലായിരുന്നു കേന്ദ്രീകരിച്ചത്.ഇന്ത്യയിലേക്കുള്ള മാറ്റം ആഗോള തലത്തിലെ ചില ഭൗമ രാഷ്ട്രീയ പ്രവണതകളുടെ ഫലമായി കരുതപ്പെടുന്നു. ബെയ്ജിങ് വാഷിംഗ്ടണ്‍ സംഘര്‍ഷം,കോവിഡ് 19 പാന്‍ഡെമിക്, റഷ്യ ഉക്രൈന്‍ യുദ്ധം എന്നിവ ചില പ്രധാന കാരണങ്ങളാണ്.കോവിഡ് സമയത്തെ അടച്ചു പൂട്ടലില്‍ ചൈനയില്‍ പ്രതിഷേധങ്ങള്‍ നടക്കുകയും ഐ ഫോണ്‍ 14 നിര്‍മാണം പ്രതീക്ഷിച്ചതിലും 6 മില്യണ്‍ യൂണിറ്റ് കുറയുകയും ചെയ്തു

കൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍ ആയ സാംസങ്ങ് നോയിഡയിലെ മൊബൈല്‍ ഫോണ്‍ പ്ലാന്റില്‍ സ്മാര്‍ട്ട് ഉല്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഇതുവരെ 70000 ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ലോകത്തെ വലിയ രണ്ടാമത്തെ നിര്‍മാണ യൂണിറ്റ് ആയി ഇതു മാറിയിട്ടുണ്ട്.2026 ആവുമ്പോഴേക്ക് 1 ബില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ഇന്ത്യയില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും 18 നും 35 നും ഇടയില്‍ ഉള്ള 600 മില്യണ്‍ ഉപഭോക്താക്കള്‍ ഇന്ത്യയില്‍ ഉണ്ടാവുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു

ഇന്ത്യയിലെ ശക്തമായ ഒരു സമ്പദ് വ്യവസ്ഥ,അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം,വിദ്യാഭ്യാസ നിലവാരം,നികുതി വ്യാപാര നിയന്ത്രണങ്ങള്‍ എന്നിവ ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ ഇന്ത്യയിലെ പുതിയ നയങ്ങള്‍ ഇവിടെ ബിസിനസ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്നും വിലയിരുത്തുന്നു. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ ചൈനക്കുള്ള ഒരു ബദലായി ഇന്ത്യയെ നിക്ഷേപകര്‍ നോക്കിക്കാണുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Tags:    

Similar News