ബസുമതി ഇതര അരി ഇനങ്ങളുടെ കയറ്റുമതി നിരോധിച്ചു

  • വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് നടപടി
  • ആഗോള തലത്തില്‍ അരി വില ഉയരാന്‍ ഇടയാക്കും
  • 10 ദിവസങ്ങള്‍ക്കിടെ രാജ്യത്തെ അരി വില 20% വരെ ഉയര്‍ന്നു

Update: 2023-07-21 03:49 GMT

ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് വിജ്ഞാപനത്തിലൂടെ അറിയിച്ചു. പോളിഷ് ചെയ്തതോ ഗ്ലേസ് ചെയ്തതോ ആയതും അല്ലാത്തതുമായ സെമി മില്‍ഡ്, ഫുള്ളി മില്‍ഡ് അരിയെയാണ് വെള്ള അരി എന്ന നിര്‍വചനത്തില്‍ കണക്കാക്കിയിട്ടുള്ളത്. വിജ്ഞാപനത്തിന് മുമ്പ് കയറ്റുമതിക്കായി കപ്പലിലേക്ക് അരി കയറ്റിയിരുന്നു എന്നതു പോലുള്ള ചില പ്രത്യേക സാഹചര്യങ്ങളില്‍ വ്യവസ്ഥകൾക്ക് നിരോധനത്തില്‍ ഇളവ് അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം അരി ഇനങ്ങളുടെയും കയറ്റുമതി നിരോധിക്കുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നതായി നേരത്തേ ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് കൂടുതൽ വിലക്കയറ്റം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. രാജ്യത്തെ പ്രധാന നെല്ലുൽപ്പാദന മേഖലകളിലെ മഴയുടെ ക്രമം തെറ്റിയ വരവു മൂലം  കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ രാജ്യത്തെ അരി വില 20% വരെ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയുടെ 80 ശതമാനത്തെയും നിരോധനം ബാധിക്കും. ഇത് ആഭ്യന്തര വിപണിയില്‍ അരിവില പിടിച്ചുനിര്‍ത്തുന്നതിന് സഹായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ആഗോല തലത്തില്‍ അരിവില ഇനിയും ഉയരുന്നതിന് ഇന്ത്യയുടെ തീരുമാനം വഴിവെച്ചേക്കും.  ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. എല്‍ നിനോ പ്രതിഭാസം മൂലം ലോകത്തിന്‍റെ പല ഭാഗത്തെയും കാര്‍ഷിക ഉല്‍പ്പാദനം വെല്ലുവിളി നേരിടുന്നുണ്ട്. വിയറ്റ്നാമിൽ നിന്ന് കയറ്റുമതി ചെയ്യുന്ന അരിയുടെ വില ഈ ആഴ്ച ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തിയിട്ടുണ്ട്. 

മിക്ക അരി ഇനങ്ങളുടെയും കയറ്റുമതി നിരോധിക്കാൻ ഇന്ത്യ ആലോചിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന അരിയുടെ വില അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിയിരുന്നു. തുടര്‍ച്ചയായ ഏഴാം ആഴ്ചയാണ് രാജ്യത്തെ അരി കയറ്റുമതി വില ഉയര്‍ന്നത്.

ആഗോള അരി വ്യാപാരത്തില്‍ 40% പങ്കുവഹിക്കുന്നത് ഇന്ത്യയാണ്. അതിനാല്‍ വലിയൊരു വിഭാഗം ഇന്ത്യന്‍ കയറ്റുമതിക്കാരെ കൂടി ബാധിക്കുന്നതാണ് ഈ നീക്കം. കഴിഞ്ഞ വർഷം, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ഗോതമ്പ്, ചോളം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്ന ഘട്ടത്തില്‍ ഇന്ത്യ ബ്രോക്കണ്‍ റൈസ് കയറ്റുമതി തടഞ്ഞിരുന്നു. ഇതിനു പുറമേ വെള്ള, തവിട്ട് അരിയുടെ കയറ്റുമതിക്ക് 20% തീരുവ ചുമത്തുകയും ചെയ്തു. ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതിയും രാജ്യം ഇത്തരത്തില്‍ നിയന്ത്രിച്ചിട്ടുണ്ട്.

അതിനിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിനാല്‍ ഇന്ത്യയിലെ അരി ഉല്‍പ്പാദനം വ്യാപകമായിട്ടുണ്ട്. നെല്ല് സംഭരണ ​​വില വർധിപ്പിക്കാനുള്ള സർക്കാർ നീക്കം വിപണിയില നിരക്ക് വർധനയ്ക്ക് ഇടയാക്കുന്നു എന്നാണ് റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (ആർഇഎ) പ്രസിഡന്റ് ബി വി കൃഷ്ണ റാവു പറയുന്നത്. " ക്ഷേമ പദ്ധതികൾക്ക് ആവശ്യമായതിലും കൂടുതൽ സ്റ്റോക്കുകൾ സർക്കാർ കൈവശം വച്ചിരിക്കുകയാണ്. കയറ്റുമതി നിയന്ത്രിക്കേണ്ട ആവശ്യമില്ല," അദ്ദേഹം റോയിട്ടേഴ്സിനോട് പ്രതികരിച്ചു. 

ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് ജൂണില്‍ 4.81 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ 3 മാസങ്ങളിലെ ഇടിവിന് ശേഷമാണ് പണപ്പെരുപ്പം ഉയര്‍ന്നത്. എങ്കിലും റിസര്‍വ് ബാങ്കിന്‍റെ സഹന പരിധിക്ക് ഉള്ളില്‍ തന്നെയാണ് പണപ്പെരുപ്പ നിരക്ക്. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് ഇതിന് ഇടയാക്കിയത്.

Tags:    

Similar News