നേരിട്ടുള്ള വിദേശ നിക്ഷേപം മികച്ച രീതിയില്‍ തുടരും

  • ജനുവരി മുതല്‍ ഇന്ത്യയിലേക്ക് ഒഴുകിയത് പ്രതിമാസം ശരാശരി 4.5 ബില്യണ്‍ ഡോളറിലധികം
  • സര്‍ക്കാരിന്റെ നിക്ഷേപക-സൗഹൃദ നയം വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നു
  • ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ എഫ്ഡിഐ വരവ് 42 ശതമാനം ഉയര്‍ന്നു

Update: 2024-12-25 09:33 GMT

ഈ വര്‍ഷം ജനുവരി മുതല്‍ പ്രതിമാസം ശരാശരി 4.5 ബില്യണ്‍ ഡോളറിലധികം ഇന്ത്യയിലേക്ക് ഒഴുകുന്നതായി കണക്കുകള്‍. ആഗോള അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അവഗണിച്ചാണ് എഫ്ഡിഐയിലെ ഈ മുന്നേറ്റം. സര്‍ക്കാരിന്റെ നിക്ഷേപക-സൗഹൃദ നയത്തിന് അനുസൃതമായി 2025-ലും ഈ പ്രവണത നിലനില്‍ക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

നിക്ഷേപക-സൗഹൃദ നയങ്ങള്‍, നിക്ഷേപങ്ങളില്‍ ശക്തമായ ആദായം, വൈദഗ്ധ്യമുള്ള മനുഷ്യശേഷി, ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറ്റവിമുക്തമാക്കല്‍ എന്നിവ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നു. അംഗീകാരങ്ങള്‍ക്കും അനുമതികള്‍ക്കുമുള്ള ദേശീയ ഏകജാലക സംവിധാനം, പിഎല്‍ഐ സ്‌കീമുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യ ആകര്‍ഷകവും നിക്ഷേപസൗഹൃദവുമായ ലക്ഷ്യസ്ഥാനമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍, ഗവണ്‍മെന്റ് എഫ്ഡിഐ നയം തുടര്‍ച്ചയായി അവലോകനം ചെയ്യുന്നു. അപെക്സ് ഇന്‍ഡസ്ട്രി ചേമ്പറുകള്‍, അസോസിയേഷനുകള്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചനകള്‍ക്ക് ശേഷം കാലാകാലങ്ങളില്‍ നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു.

ഈ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍, രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം ഏകദേശം 42 ശതമാനം ഉയര്‍ന്ന് 42.13 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 29.73 ബില്യണ്‍ ഡോളറായിരുന്നു വരവ്.

2024-25 ഏപ്രില്‍-സെപറ്റംബര്‍ കാലയളവിലെ നിക്ഷേപം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 20.48 ബില്യണ്‍ ഡോളറില്‍ നിന്ന് 45 ശതമാനം വര്‍ധിച്ച് 29.79 ബില്യണ്‍ ഡോളറായി. 2023-24ല്‍ മൊത്തം എഫ്ഡിഐ 71.28 ബില്യണ്‍ ഡോളറായിരുന്നു.

'ഈ പ്രവണത അനുസരിച്ച്, 2025-ലും രാജ്യം ആരോഗ്യകരമായ എഫ്ഡിഐ ആകര്‍ഷിക്കുന്നത് തുടരും,' ഡിപിഐഐടി (ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്) സെക്രട്ടറി അമര്‍ദീപ് സിംഗ് ഭാട്ടിയ പറഞ്ഞു.

വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി, നിയന്ത്രണ തടസ്സങ്ങള്‍ നീക്കി, അടിസ്ഥാന സൗകര്യ വികസനം, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തല്‍ എന്നിവയിലൂടെ ഇന്ത്യ ആഗോള നിക്ഷേപകര്‍ക്ക് സമ്പദ് വ്യവസ്ഥ തുറന്നുകൊടുക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഉല്‍പ്പാദന മേഖലയിലെ എഫ്ഡിഐ ഇക്വിറ്റി വരവ് 69 ശതമാനം വര്‍ദ്ധിച്ചു. 2004-2014 ലെ 98 ബില്യണ്‍ ഡോളറില്‍ നിന്ന് 2014-2024 ല്‍ 165 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. സമാനമായ വീക്ഷണങ്ങള്‍ പങ്കുവെച്ചുകൊണ്ട്, ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ ഇപ്പോഴും ആഗോള സ്ഥാപനങ്ങളുടെ ഇഷ്ടപ്പെട്ട നിക്ഷേപ കേന്ദ്രമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും, ബിസിനസ്സ് ചെയ്യുന്നത് കൂടുതല്‍ മെച്ചപ്പെടുത്തുക, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, ബ്രോഡ്കാസ്റ്റിംഗ്, പ്ലാന്റേഷനുകള്‍ തുടങ്ങിയ മേഖലാ പരിധികള്‍ ഉദാരമാക്കുക, പ്രസ് നോട്ട് 3 (2020) പ്രകാരമുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.

കോര്‍പ്പറേറ്റുകള്‍ തമ്മിലുള്ള തര്‍ക്കപരിഹാരം സുഗമമാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികള്‍, ആര്‍ബിട്രേഷന്‍ കേന്ദ്രങ്ങള്‍, കോര്‍പ്പറേറ്റുകളെ അവരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിന് ജുഡീഷ്യല്‍ ആവാസവ്യവസ്ഥയെ പരിശീലിപ്പിക്കുക എന്നിവയും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

'ചൈന പ്ലസ് വണ്‍ സ്ട്രാറ്റജി' പിടിച്ചെടുക്കുന്നതില്‍ ഇന്ത്യ ഇതുവരെ പരിമിതമായ വിജയം നേടിയതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. 

Tags:    

Similar News