വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യ: മോര്‍ഗന്‍ സ്റ്റാന്‍ലി

  • ഇന്ത്യ ആഗോളതലത്തില്‍ വളര്‍ച്ചയുടെ പ്രധാന ചാലകമാകും
  • കയറ്റുമതി വിപണി വിഹിതം 2031-ഓടെ 4.5 ശതമാനം ഉയരും
  • പ്രതിശീര്‍ഷ വരുമാനത്തിലും വരും വര്‍ഷങ്ങളില്‍ വര്‍ധന ഉണ്ടാകും

Update: 2023-05-31 10:41 GMT

2014 മുതല്‍ ഇന്ത്യയിലെ നിരവധി മേഖലകള്‍ കാര്യമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചതായി മോര്‍ഗന്‍ സ്റ്റാന്‍ലി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഏഷ്യയിലും ആഗോളതലത്തിലും വളര്‍ച്ചയുടെ പ്രധാന ചാലകമായി രാജ്യം ഉയര്‍ന്നുവരും.

ഇന്നത്തെ ഇന്ത്യ, 2013-ല്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ആഗോള വിപണിയില്‍ ഗുണപരമായ മാറ്റങ്ങളോടെ മികച്ച സ്ഥാനം നേടിയിട്ടുണ്ട്.

ഇന്ത്യ ആഗോള തലത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ്. കഴിഞ്ഞ 25 വര്‍ഷമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന മാര്‍ക്കറ്റുകളില്‍ അതിന്റെ സാധ്യത വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.

വിതരണത്തിലെ പരിഷ്‌കാരങ്ങള്‍, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, പാപ്പരത്വം, എഫ്ഡിഐയിലും പണപ്പെരുപ്പത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയുള്‍പ്പെടെ പത്ത് മാറ്റങ്ങളെ റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.

ഇന്ത്യയുടെ നയപരമായ നീക്കങ്ങളും അവ സമ്പദ്വ്യവസ്ഥയിലും വിപണിയിലും ചെലുത്തുന്ന മാറ്റങ്ങളുമാണ് രാജ്യത്തിന്റെ ഇന്നത്തെ വളര്‍ച്ചക്ക് കാരണം.

ഉല്‍പ്പാദനത്തിലും പദ്ധതിച്ചെലവിലും വിഹിതം ഉയരുമെന്നതിനാല്‍ ജിഡിപിയിലും ഇവയുടെ വിഹിതം ഉയരും.

ഇന്ത്യയുടെ കയറ്റുമതി വിപണി വിഹിതം 2031-ഓടെ 4.5 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. 2021 ലെ നിലവാരത്തേക്കാള്‍ ഏകദേശം രണ്ട് മടങ്ങ് ഉയരുമെന്നും ചരക്ക് സേവന കയറ്റുമതിയില്‍ ഉടനീളം വിപുലമായ നേട്ടങ്ങളുണ്ടാകുമെന്നും ഉപഭോഗ ബാസ്‌ക്കറ്റില്‍ വലിയ മാറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ട്് കണക്കാക്കുന്നു.

ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം നിലവിലെ 2,200 ഡോളറില്‍ നിന്ന് 5,200 ഡോളറായി 2032 ആകുമ്പോള്‍ ഉയരും. ഇത് വിപണിയില്‍ വന്‍ മാറ്റത്തിന് വഴി തെളിക്കും. ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി ഉയരുകയും ചെയ്യും.

റിപ്പോര്‍ട്ട് അനുസരിച്ച് പണപ്പെരുപ്പം അപകടകരമല്ലാത്ത രീതിയില്‍ തുടരും. പണപ്പെരുപ്പനിരക്ക് ഉയര്‍ന്നാല്‍ അത് വിലവര്‍ധനവിനും മറ്റ് സാമ്പത്തിക പ്രതിസന്ധികള്‍ക്കും ഇടയാക്കിയേക്കാം.

ജിഡിപിയിലെ ലാഭവിഹിതം 2020-ലെ താഴ്ന്ന നിരക്കില്‍ നിന്ന് ഇരട്ടിയായി. ഇവിടെ നിന്ന് ഇനിയും ഇരട്ടിയായി ഉയരാന്‍ പോകുന്നു. ഇത് മികച്ച വരുമാനം നേടുന്നതിലേക്ക് ജനങ്ങളെ നയിക്കും.

ആഗോള മൂലധന വിപണിയുടെ സാധ്യതകളിലേക്കുള്ള ഇന്ത്യയുടെ ആശ്രയം ഇന്ന് കുറവാണ്. അതിനാല്‍ യുഎസ് മാന്ദ്യം ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയെ ആഴത്തില്‍ സ്വാധീനിക്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ആഗോള മാന്ദ്യം, 2024-ലെ പൊതുതെരഞ്ഞെടുപ്പ് ഫലം, വിതരണ തടസം, വിദഗ്ധ തൊഴിലാളികളുടെ കുറവ് എന്നിവ മൂലം സാധനങ്ങളുടെ വില കുത്തനെ ഉയരുന്നത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് പ്രധാന തടസമാകാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.


Tags:    

Similar News