റഷ്യ യുക്രൈൻ യുദ്ധവും, സാമ്പത്തിക മാന്ദ്യ ഭീഷണിയും രാജ്യത്തെ പിടിവിടാതെ തുടർന്നെകിലും 2022-ൽ ശക്തിചോരാതെ ഇന്ത്യൻ സാമ്പത്തിക രംഗം ഓരോ ചുവടും മുന്നോട്ട് തന്നെ ഉറപ്പിച്ചു ചവിട്ടി.
റിസേർവ് ബാങ്ക മെയ് മാസം മുതൽ 5 പ്രാവശ്യമായി പലിശ നിരക്ക് വർധിപ്പിച്ചത് പണപ്പെരുപ്പം തടയാനായിരുന്നു. ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി കഴിഞ്ഞ വർഷം 2.25 ശതമാനമാണ് പലിശ നിരക്ക് ഉയർത്തിയത്. അതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. തന്മൂലം വായ്പകൾ ചെലവേറിയതായി. 2018 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും ഉയർന്നാണ് ഇപ്പോൾ പലിശ നിരക്ക്.
ഡിജിറ്റൽ കറൻസി എന്ന വിപ്ലവകരമായ ചുവടുവെപ്പാണ് ഇന്ത്യയിൽ ഈ വർഷം നടന്ന കാര്യങ്ങളിൽ എടുത്തുപറയേണ്ട ഒന്ന്. പൂർണമായും സർക്കാരിന്റെ നേതൃത്വത്തിലുള്ള ഈ റുപ്പി 50 പൈസ മുതൽ 2000 രൂപ വരെയാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഇങ്ങനൊരു മുന്നേറ്റം ഇന്ത്യ നടത്തിയെങ്കിലും, യൂ എസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഏറ്റവും മോശമായ പ്രകടനമായിരുന്നു കഴിഞ്ഞ വർഷം കാഴ്ചവെച്ചത്.
2013 ശേഷം രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നത് ഇപ്പോഴാണ്. ഡോളറിന്റെ വർധനവും, കടപ്പത്ര വിപണികളിൽ നിന്ന് വിദേശ സ്ഥാപനങ്ങൾ പിന്മാറിയതും, അസംസ്കൃത എണ്ണ, വളം എന്നിവയുടെ ഇറക്കുമതി ചിലവിലുണ്ടായ ഉയർച്ചയും ഒക്കെ രൂപയെ ദുര്ബലമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.
ഓഹരിവിപണിയിൽ എടുത്തുപറയത്തക്ക മുന്നേറ്റമൊന്നും തന്നെ 2022-ൽ ഉണ്ടായിട്ടില്ലെങ്കിലും സൂചികകൾ തലയെടുപ്പോടെ തന്നെ നിൽക്കുന്നു. കഴിഞ്ഞ 52 ആഴ്ചകളിൽ ലോകത്തെ വികസ്വര വിപണികളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചവരുടെ മുൻനിരയിൽ ഇന്ത്യയ്ക്കും സ്ഥാനമുണ്ടായിരുന്നു.
ആഗോള സൂചികകളിൽ പത്തുമുതൽ ഇരുപത് ശതമാനം വരെ നഷ്ട്ടം രേഖപെടുത്തിയെങ്കിലും സെന്സെക്സിനും നിഫ്റ്റിക്കും അഞ്ചു ശതമാനത്തോളം വാർഷിക നേട്ടം കൈവരിക്കാനും, ഇരു സൂചികകൾക്കും സർവകാല ഔന്നത്യം കൈവരിക്കാനും സാധിച്ച വര്ഷം കൂടെയാണ് 2022 .
എന്നിരുന്നാലും 2022 അവസാനിക്കുമ്പോൾ , ഓഹരിവിപണി ഇടിവിലാണ്. മുൻ നിര ഓഹരികളിൽ അവസാനം വില്പന എറിയതാണ് ഇതിനു കാരണമായത്.
കുതിച്ച കയറ്റം നടത്തിയ വിദേശ നാണ്യ കരുതൽ ശേഖരത്തിനു തിരിച്ചടിയായി എത്തിയതോ റഷ്യ യുക്രൈൻ യുദ്ധം. എന്നിരുന്നാൽ പോലും ഏറ്റവും കൂടുതൽ കരുതൽ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത് തുടരാൻ ഇന്ത്യയ്ക്ക് സാധിച്ചു എന്നത് ആശ്വസിക്കാവുന്ന കാര്യവുമാണ്.
ക്രൂഡ് വിലക്കയറ്റത്തിൽ സാമ്പത്തിക രംഗം മൊത്തത്തിൽ ആടിയുലഞ്ഞൊരു വര്ഷം കൂടിയായിരുന്നു 2022 . രാജ്യത്തെ വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില കഴിഞ്ഞ 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 87 ഡോളറിലെത്തിയിരുന്നു. റഷ്യ യുക്രൈൻ യുദ്ധം പൊട്ടി പുറപ്പെട്ടതോടെ രാജ്യാന്തര വിപണിയിൽ വില പെടുന്നനെ 95 ഡോളറിൽ എത്തി. യുദ്ധം തുടങ്ങി ആഴ്ചകൾക്കകം 140 ഡോളറിലേക്കും കുതിച്ചു. കഴിഞ്ഞ എട്ടുവര്ഷത്തിനെയുള്ള ഏറ്റവും ഉയർന്ന നിലക്കായിരുന്നു ഇത്. നിലവിൽ ബാരലിന് 83 ഡോളറിലേക്ക് താഴ്ന്നാണ് നിൽക്കുന്നത് എന്നത് ആശ്വാസം പകരുന്നു. കാരണം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിൽ 80 ശതമാനത്തോളം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.
2022 ൽ സ്വർണവിലയും പത്തരമാറ്റാഴകോടെ 11 . 7 ശതമാനത്തിലധികം ഉയർന്നു. ഡിസംബെരിൽ മാത്രം സ്വർണ്ണ വില നാൽപ്പതിനായിരം കടന്നത് നാല് തവണയായിരുന്നു.
യുക്രൈൻ റഷ്യ യുദ്ധവും, മാന്ദ്യ ഭീഷണിയും രൂപയുടെ മൂല്യ തകർച്ചയുമെല്ലാമാണ് സ്വർണ്ണ വില പന്ത്രണ്ട് ശതമാനത്തോളം ഉയരാൻ കാരണമായത്. ജനുവരി പതിനായിരുന്നു സ്വാർന്നതിനു ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് അതായത് 35600 രൂപ.
ഇന്ത്യയിൽ 5 ജി വിന്യസിക്കപ്പെട്ട ഒരു വശം കൂടിയായിരുന്നു 2022. ടെക്നൊളജിയുടെയും ഡാറ്റയുടെയും ലോകത്ത് രാജ്യം ഒട്ടും പിറകിലല്ലെന്നു ഇത് തെളിയിച്ചു.
പ്രമുഖ മാധ്യമ സ്ഥാപനമായ എൻ ഡി ടി വി അദാനി ഏറ്റെടുത്തതും ഇതേ വര്ഷം. അദാനി ഏറ്റെടുത്ത് വഴി സ്ഥാപകരായ പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത് 602.3 കോടി രൂപയാണ്. എൻ ഡി ടി വി യുടെ 64.71 ശതമാനം ഓഹരികളേറ്റെടുക്കാൻ അദാനിക്ക് ചെലവായത് 873 കോടി രൂപയും.
ബിഗ് ബുൾ എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാലയെ ഇന്ത്യയ്ക്ക് നഷ്ടമായതും ഇതേ വർഷം തന്നെ. മരിക്കുമ്പോൾ ഫോർബ്‌സ് ന്റെ കണക്കു പ്രകാരം 5800 കോടി ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 438 മത് ആയിരുന്നു ഇദ്ദേഹം.
സമ്പത്തിന്റെ കണക്ക് നോക്കുമ്പോൾ 1,35,400 കോടി ഡോളറിന്റെ ആസ്തിയോടെ ഗൗതം അദാനി ഫോബ്‌സിന്റെ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയതും ഈ കൊല്ലം തന്നെ. മുകേഷ് അംബാനിയെ മറികടന്നു അദാനി ഇന്ത്യയിലെ പണക്കാരിൽ ഒന്നാം സ്ഥാനത്തായതും 2022-ലാണ്.
യു കെ യെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പത് വ്യവസ്ഥയായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചു എന്നതാണ് ഈ വർഷത്തെ മറ്റൊരു നേട്ടം.
പിന്നാലെ മറ്റൊരു നേട്ടം കൂടി, ഡിസംബറിൽ അടുത്ത വർഷത്തേക്കുള്ള ജി 20 ഗ്രൂപ്പ് ന്റെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ജി 20 യുടെ പ്രസിഡന്റ് സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി.
എന്തായാലൂം 2022 അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് മങ്ങലും തിളക്കവും ഒരുപോലെ ഉണ്ടായിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ, ചൈനയിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ തുടങ്ങിയ ആഗോള ഘടകങ്ങൾ ഓഹരി വിപണികളെ ഈ വർഷവും അസ്ഥിരമാക്കാനിടയുണ്ട്. എങ്കിലും ഇന്ത്യ ഒരു പച്ചത്തുരുത്തായി വേറിട്ട് നിൽക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടലുകൾ.