യൂറോ കറന്‍സി ഉപയോഗിക്കുന്ന 19 രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ കേന്ദ്രബാങ്ക് മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന്‍-റഷ്യ യുദ്ധം മൂലം കുതിച്ചുയരുന്ന ഊര്‍ജ്ജ വിലയും, പണപ്പെരുപ്പവും ബാങ്കുകളുടെ നഷ്ടത്തിനും, വിപണിയിലെ അസ്ഥിരതയ്ക്കും കാരണമാകുന്നുണ്ട്. ഇതിന്റെ ആഘാതം ഇതിനകം തന്നെ ജനങ്ങള്‍ നേരിടുന്നുണ്ടെന്ന് ഇസിബി വൈസ് പ്രസിഡന്റ് ലൂയിസ് ഡി ഗിന്‍ഡോസ് പറഞ്ഞു.
യൂറോസോണിന്റെ സാമ്പത്തിക ഭദ്രതയെ കുറിച്ചുള്ള അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ മേഖലയില്‍ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് വ്യക്തമാക്കുന്നത്. വരും വര്‍ഷങ്ങളില്‍ യൂറോസോണിലും യുകെയിലും മാന്ദ്യത്തിന് 80 ശതമാനം സാധ്യതയും യുഎസില്‍ 60 ശതമാനം സാധ്യതയും ഉണ്ടെന്ന് റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിച്ച ചാര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഭക്ഷ്യ ഉത്പന്ന വിലകയറ്റം ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കുന്നതിനാല്‍, നിരവധി സാമ്പത്തിക വിദഗ്ധരും, യൂണിയന്റെ എക്‌സക്യൂട്ടീവ് കമ്മീഷനും അവസാന മൂന്ന് മാസങ്ങളിലും അടുത്ത വര്‍ഷത്തിന്റെ ആദ്യ മാസങ്ങളിലും സാങ്കേതിക സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ജൂലായ്-സെപ്റ്റംബര്‍ കാലയളവില്‍ യൂറോസോണ്‍ സമ്പദ്വ്യവസ്ഥ 0.2 ശതമാനം വളര്‍ച്ച കൈവരിച്ചു.
പണപ്പെരുപ്പം അതിന്റെ പാരമ്യത്തില്‍ നിന്ന് താഴുകയും, ശൈത്യ കാലമാരംഭിക്കുന്നതോടെ പ്രകൃതി വാതക വിതരണത്തിലെ സമ്മര്‍ദം കുറയുകയും ചെയ്യുന്നതിനാല്‍ അടുത്ത വര്‍ഷം വളര്‍ച്ച പുനരാരംഭിക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.