വളര്‍ച്ച ഇഴയും; മുന്നില്‍ പുതിയ വെല്ലുവിളികളെന്ന് ചൈന

  • വിവിധ മേഖലകളില്‍ ശ്രദ്ധയൂന്നുമെന്ന് പ്രഖ്യാപനം
  • ചൈനീസ് ഓഹരി വിപണികളില്‍ ഇന്ന് കുതിപ്പ്
  • ആഭ്യന്തര ആവശ്യകത ഉയര്‍ത്തുന്നതിന് നടപടികളുണ്ടാകുമെന്നും സിസിപി പോളിറ്റ്ബ്യൂറോ

Update: 2023-07-25 05:23 GMT

ബൃഹദ് സാമ്പത്തിക നയങ്ങളിലെ തിരുത്തലുകള്‍ക്കും ആഭ്യന്തര ഡിമാൻഡ് വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ചൈന തയാറെടുക്കുന്നു. സമ്പദ്‌വ്യവസ്ഥ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുവെന്നും, കൊറോണ മഹാമാരിക്ക് ശേഷമുള്ള വീണ്ടെടുക്കൽ പതിഞ്ഞ വേഗത്തില്‍ തുടരുമെന്നും ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ യോഗം നിരീക്ഷിച്ചു.  പ്രസിഡന്റ് ഷി ജിൻ‌പിംഗിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. 

“നിലവിൽ, ചൈനയുടെ സമ്പദ്‌വ്യവസ്ഥ പുതിയ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടുന്നു. ഇത് പ്രധാനമായും ആഭ്യന്തര ആവശ്യകതയുടെ അഭാവം, ചില സംരംഭങ്ങളുടെ പ്രവർത്തനത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകൾ, പ്രധാന മേഖലകളിലെ വെല്ലുവിളികളും  മറഞ്ഞിരിക്കുന്ന അപകടസാധ്യതകളും, അതുപോലെ തന്നെ ശുഭകരമല്ലാത്ത ബാഹ്യ അന്തരീക്ഷം എന്നിവയിൽ നിന്നാണ്,” പോളിറ്റ്ബ്യൂറോ വിലയിരുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍‍ക്കാര്‍ അതിന്റെ നയപരമായ ക്രമീകരണങ്ങള്‍ കൃത്യവും ശക്തവുമായ രീതിയിൽ നടപ്പിലാക്കും. വിവേകപൂർണ്ണമായ ധനനയവും പ്രോ-ആക്റ്റീവ് സാമ്പത്തിക നയവുമാണ് ചൈന പിന്തുടരുന്നതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശദീകരിക്കുന്നു.  ചൈന ഉചിതമായ സമയത്ത് ആസ്തിനയങ്ങളിലെ ക്രമീകരണം നടപ്പിലാക്കുമെന്നും, പ്രാദേശിക സര്‍ക്കാര്‍ കടത്തിലെ അപകടസാധ്യതകൾ ഫലപ്രദമായി തടയുമെന്നും സിൻഹുവ പറയുന്നു. 

ഓട്ടോ, ഇലക്ട്രോണിക്‌സ്, ഗാർഹിക ഉൽപ്പന്നങ്ങള്‍ എന്നിവയുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിലാണ് സർക്കാർ പ്രധാനാമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ടൂറിസം മേഖലയിലെ ഉപഭോഗത്തിലും വീണ്ടെടുപ്പിന്‍റെ വേഗം ഉയര്‍ത്തുന്നതിനായി ചൈന പ്രതീക്ഷവെക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രഖ്യാപനവും ഇന്നലെ ചൈന നടത്തിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി ചൈനീസ് ഓഹരി വിപണികള്‍ ഇന്ന് വലിയ നേട്ടത്തിലേക്ക് നീങ്ങിയിട്ടുണ്ട്. 

2023 രണ്ടാം പാദത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയത് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിലും താഴെയുള്ള വളര്‍ച്ച. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 6.3 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉണ്ടായത് എന്നാണ് ഇന്ന് ചൈന ഔദ്യോഗികമായി പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നത്. 

ജനുവരി-മാര്‍ച്ച് പാദത്തില്‍ 4.5 ശതമാനം വളര്‍ച്ചയാണ് ചൈന രേഖപ്പെടുത്തിയിരുന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 0.8 ശതമാനം വളര്‍ച്ച ഏപ്രില്‍- ജൂണ്‍ കാലയളവില്‍ നേടാനായെന്ന് ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഡാറ്റയില്‍ പറയുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയും മാനുഫാക്ചറിംഗ് കേന്ദ്രവുമായ ചൈനയില്‍ അനുഭവപ്പെടുന്ന മാന്ദ്യം ആഗോള വിപണികളില്‍, പ്രത്യേകിച്ച് ഏഷ്യന്‍ വിപണികളില്‍ സ്വാധീനം ചെലുത്തുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ സാമ്പത്തിക നഗരമായ ഷാങ്ഹായ് ഉള്‍പ്പടെയുള്ള മേഖലകളെ കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൌണ്‍ ബാധിച്ചിരുന്നു. വളരെ പരിമിതമായ ജിഡിപി മാത്രമാണ് ആ പാദത്തില്‍ രേഖപ്പെടുത്തിയിരുന്നത്. അതുമായുള്ള താരതമ്യത്തില്‍ 6.3 ശതമാനം വളര്‍ച്ച മാത്രമാണ് നേടാനായത് എന്നതാണ് ചൈനയുടെ വീണ്ടെടുപ്പ് ഇനിയും വൈകുമെന്ന വിലയിരുത്തലിലേക്ക് നയിക്കുന്നത്. 0.4 ശതമാനം ജിഡിപി വളര്‍ച്ച മാത്രമാണ് 2022 ആദ്യപാദത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടു കൂടി മാത്രമേ കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ നിന്ന് പൂര്‍ണമായി പുറത്തുവരാന്‍ ചൈനയ്ക്ക് സാധിച്ചിരുന്നുള്ളൂ.

അടുത്തിടെ പുറത്തുവന്ന മറ്റു സാമ്പത്തിക ഡാറ്റകളും ചൈനയുടെ വീണ്ടെടുപ്പിന് മങ്ങലേല്‍ക്കുന്നു എന്ന സൂചന നല്‍കുന്നതാണ്. ജൂണിൽ റീട്ടെയിൽ വിൽപ്പനയില്‍ 3.1 ശതമാനം വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്. പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുന്നതിനുള്ള ഒരു വിധം എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിയ 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണിത്. ജൂണിൽ വ്യാവസായിക ഉൽപ്പാദനത്തില്‍ 4.4 ശതമാനം വര്‍ധനയുണ്ടായി. സ്ഥിര ആസ്തി നിക്ഷേപം ജൂണില്‍ 3.8 ശതമാനം ഉയർന്നു. 16 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 21.3 ശതമാനം എന്ന റെക്കോർഡ് ഉയരത്തിലെത്തി. തൊട്ടുമുന്‍പുള്ള മേയ് മാസത്തിൽ രേഖപ്പെടുത്തിയ 20.8 ശതമാനം എന്ന മുൻ റെക്കോർഡാണ് തകര്‍ക്കപ്പെട്ടത്. 

Tags:    

Similar News