സര്‍ക്കാര്‍ ചെലവ് കുറഞ്ഞത് ജിഡിപി വളര്‍ച്ചയെ ബാധിച്ചു; ആര്‍ബിഐ ഗവര്‍ണര്‍
- ഉപഭോഗം, നിക്ഷേപം, ഉല്‍പ്പാദനം, സേവനങ്ങള്‍, നിര്‍മ്മാണം തുടങ്ങിയ പ്രധാന ഘടകങ്ങള്‍ 7 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി
- സര്‍ക്കാര്‍ ചെലവുകള്‍ കുറഞ്ഞതും കൃഷിയിലെ പ്രതിസന്ധിയും തിരിച്ചടിയായി
- വരാനിരിക്കുന്ന പാദങ്ങളില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തും
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.7 ശതമാനത്തിലേക്ക് മന്ദഗതിയിലായത് സമീപകാല ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കാരണമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 7.1 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രവചിച്ചിരുന്നത്.
'ആദ്യ പാദത്തില്‍ 7.1 ശതമാനം വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നത്. എന്നിരുന്നാലും, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട ആദ്യ മുന്‍കൂര്‍ എസ്റ്റിമേഷന്‍ ഡാറ്റ വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി ,' ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉപഭോഗം, നിക്ഷേപം, ഉല്‍പ്പാദനം, സേവനങ്ങള്‍, നിര്‍മ്മാണം തുടങ്ങിയ ജിഡിപി വളര്‍ച്ചയിലെ ഘടകങ്ങളും പ്രധാന ചാലകങ്ങളും 7 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി, അദ്ദേഹം പറഞ്ഞു.
രണ്ട് വശങ്ങള്‍ മാത്രമാണ് വളര്‍ച്ചാ നിരക്കിനെ നേരിയ തോതില്‍ താഴ്ത്തിയത്. അവയാണ്-സര്‍ക്കാര്‍ (കേന്ദ്ര, സംസ്ഥാന) ചെലവുകളും കൃഷിയും, ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പും (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കിയതിനാലും ആദ്യ പാദത്തില്‍ സര്‍ക്കാര്‍ ചെലവ് കുറവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
''വരാനിരിക്കുന്ന പാദങ്ങളില്‍ സര്‍ക്കാര്‍ ചെലവ് ഉയരുമെന്നും വളര്‍ച്ചയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ദാസ് പറഞ്ഞു.
അതുപോലെ, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ കാര്‍ഷിക മേഖല 2 ശതമാനത്തിന്റെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. എന്നിരുന്നാലും, മണ്‍സൂണ്‍ വളരെ മികച്ചതായിരുന്നു, ഏതാനും പ്രദേശങ്ങള്‍ ഒഴികെ ഇന്ത്യയിലുടനീളം വ്യാപിച്ചു. അതിനാല്‍, എല്ലാവര്‍ക്കും കാര്‍ഷിക മേഖലയെക്കുറിച്ച് ശുഭാപ്തിവിശ്വാസമാണുള്ളത്്, അദ്ദേഹം അഭിപ്രായപ്പെട്ടു.
''ഈ സാഹചര്യത്തില്‍, ആര്‍ബിഐ പ്രവചിക്കുന്ന 7.2 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് വരും പാദങ്ങളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആത്മവിശ്വാസമുണ്ട്,'' ഗവര്‍ണര്‍ ഉറപ്പിച്ചു പറഞ്ഞു.