ലോകകപ്പില്‍ തൊഴിലവസരങ്ങള്‍ ഉയർത്തി ഗിഗ് ഇക്കോണമി

  • ലോകകപ്പിന്റെ വരവ് ലക്ഷത്തിലധികം ഗിഗ് ഇക്കണോമി ജോലികളാണ് കൊണ്ടുവരുന്നതെന്ന് റിക്രൂട്ട്‌മെന്റ് സേവനദാതാക്കള്‍
  • താല്‍ക്കാലിക ജോലികള്‍ക്കാരുടെ ആവശ്യം ഗണ്യമായി വര്‍ധിക്കുന്നു
  • ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട് തുടങ്ങിയ ഇ- കൊമേഴ്‌സ് കമ്പനികളുടെ ഉത്സവകാല മെഗാ സെയില്‍ മേളകള്‍ക്ക് തുടക്കം

Update: 2023-10-13 09:57 GMT

ക്രിക്കറ്റ് ലോകകപ്പിനു നന്ദി. അതിനു മുമ്പ് ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട് തുടങ്ങിയ ഇ- കൊമേഴ്‌സ് കമ്പനികളുടെ ഉത്സവകാല മെഗാ സെയില്‍ മേളകള്‍ക്കും നന്ദി.

ഇവര്‍ രൂപപ്പെടുത്തുന്ന ഗിഗ് ഇക്കണോമി (ഹ്രസ്വകാലത്തേയ്ക്കു താല്‍ക്കാലിക ജീവനക്കാരെ ജോലിക്കെടുക്കുന്ന, അല്ലെങ്കില്‍ വ്യക്തികള്‍ താല്‍ക്കാലിക ജോലി സ്വീകരിക്കുന്ന സംവിധാനം) ലക്ഷക്കണക്കിന് യുവാക്കള്‍ക്കാണ് തൊഴില്‍ ലഭ്യമാക്കുന്നത്. പ്രത്യേകിച്ചും നൈപുണ്യമില്ലാത്ത തൊഴിലന്വേഷകര്‍ക്ക്. സൊമാറ്റോ, സ്വിഗ്ഗി, ഒല, ഒയോ തുടങ്ങിയ നിരവധി സ്റ്റാര്‍ട്ടപ്പുകളും ഇതിനു നല്‍കിയിട്ടുള്ള സംഭാവനകളും ഗിഗ് സമ്പദ്ഘടനയുടെ രൂപപ്പെടുത്തലിനു വേഗം കൂട്ടിയെന്നു പറയാം. ഇന്റര്‍നെറ്റ്, മൊബൈല്‍ ടെക്നോളജി, സാമ്പത്തിക ഉദാരവത്കരണം, ഇ-കൊമേഴ്സ് വളര്‍ച്ച തുടങ്ങിയവയെല്ലാം ഗിഗ് സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ അവരുടേതായ സംഭാവന നല്‍കിപ്പോരുന്നു.

ലോകകപ്പിൻ്റെ വരവ്

ലോകകപ്പിൻ്റെ വരവ് ലക്ഷത്തിലധികം ഗിഗ് ഇക്കണോമി ജോലികളാണ് കൊണ്ടുവരുന്നതെന്ന് റിക്രൂട്ട്‌മെന്റ് സേവനദാതാക്കള്‍ വ്യക്തമാക്കുന്നു. തൊഴില്‍ മാത്രമല്ല, ഇവര്‍ക്കു ലഭിക്കുന്ന ശമ്പളത്തിലും 40 ശതമാനം വരെ വര്‍ധനയാണ് രേഖപ്പെടുത്തുന്നതെന്നും റിക്രൂട്ടേഴ്‌സ് കൂട്ടിച്ചേര്‍ക്കുന്നു. ടിവി, ഇല്‌ക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് ഗാഡ്ജറ്റുകള്‍ തുടങ്ങിയവയ്ക്ക് വലിയ ഡിമാന്റാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പമാണ് ബിഗ് സെയില്‍ സീസണ്‍ കൂടി എത്തിയിട്ടുള്ളത്. ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്ന അഹമ്മദാബാദ്, ന്യൂഡല്‍ഹി,ബെംഗളൂരു, മുംബൈ, പൂന, ചെന്നൈ,കൊല്‍ക്കത്ത, ഹൈദരാബാദ്,ലക്‌നോ, ധര്‍മ്മശാല തുടങ്ങിയ നഗരങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നു റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നു.

ബിഗ് ബില്യണ്‍ സെയില്‍സ്

ഓരോ വര്‍ഷവും ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ വന്‍ ഇ- കൊമേഴ്സ് കമ്പനികള്‍ ബിഗ് ബില്യണ്‍ സെയില്‍സ് പ്രഖ്യാപിക്കാറുണ്ട്. ഇപ്പോള്‍ ഒക്ടോബര്‍ 15വരെ ഫ്ളിപ്കാര്‍ട്ടും ആമസോണും പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മറ്റ് വീട്ട് ആവശ്യവസ്തുക്കള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങി ആകര്‍ഷകമായ നിരക്കില്‍ ഹോട്ടല്‍ മുറികളും ഫ്ളൈറ്റ് ടിക്കറ്റുകളും വരെ ബുക്ക് ചെയ്യാം. ലോകകപ്പ് ക്രിക്കറ്റ് കാലത്ത് ഹോട്ടല്‍ മുറികളുടേയും ഫ്ളൈറ്റ് ടിക്കറ്റുകളുടേയും ആവശ്യം ഗണ്യമായി വര്‍ധിക്കും.

കഴിഞ്ഞ വര്‍ഷം ഫ്ളിപ്കാര്‍ട്ട് ഇത്തരത്തിലുള്ള മെഗാസെയിലിലൂടെ വിറ്റഴിച്ചത് 550 കോടി ഡോളറിന്റെ (ഏകദേശം 46000 കോടി രൂപ) ഉത്പന്നങ്ങളാണ്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍സ് 2023 ഒക്ടോബര്‍ എട്ടിന് ആരംഭിച്ചിട്ടുണ്ട്.2022-നെ അപേക്ഷിച്ച് രണ്ടര ഇരട്ടി വില്‍പ്പനയാണ് ആദ്യ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ളത്.

ഇവയോടൊപ്പം ലോകകപ്പ് ക്രിക്കറ്റും കൂടി എത്തിയതോടെ താല്‍ക്കാലിക ജോലികള്‍ക്കാരുടെ ആവശ്യം ഗണ്യമായി വര്‍ധിക്കുകയാണെന്ന് ഈ മേഖലയിലെ റിക്രൂട്ടിംഗ് കമ്പനികള്‍ അഭിപ്രായപ്പെടുന്നു.

രാജ്യത്ത് ഇപ്പോള്‍ 1.10 കോടി ഗിഗ് തൊഴില്‍ശക്തിയാണുള്ളതെന്ന് നീതി ആയോഗ് 2022-ല്‍ കണക്കാക്കിയിരുന്നു. 2030-ഓടെ ഇവരുടെ എണ്ണം 2.35 കോടിയായി ഉയരുമെന്നാണ് നീതി ആയോഗിൻ്റെ വിലയിരുത്തല്‍. ഇതില്‍ 31 ശതമാനത്തിന് തൊഴില്‍ നൈപുണ്യമില്ല. നാല്‍പ്പത്തിയേഴു ശതമാനത്തിന് കുറഞ്ഞ തൊഴില്‍ നൈപുണ്യമുള്ളവരും ഇരുപത്തി രണ്ടു ശതമാനം ഉയര്‍ന്ന തൊഴില്‍ നൈപുണ്യമുള്ളവരുമാണ്. ദീര്‍ഘകാലത്തില്‍ ഗിഗ് തൊഴില്‍ ശക്തിയുടെ എണ്ണം ഒമ്പതുകോടിയായി ഉയരുമെന്നാണ് ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ( ബിസിജി) വിലയിരുത്തല്‍.

ഗിഗ് സമ്പദ്ഘടനയിലെ തൊഴില്‍ ശക്തിയുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തി വരികയാണ്. ഇതിലൂടെ തൊഴില്‍ നൈപുണ്യം കുറഞ്ഞവരുടെ വരുമാനവും തൊഴില്‍ അന്തരീക്ഷവും മെച്ചപ്പെടുത്താമെന്നു സര്‍ക്കാര്‍ കരുതുന്നു. ഇന്ത്യന്‍ ജിഡിപിയിലെ ശക്തിയായി ഇവരെ ഉയര്‍ത്തുകയാണ് ലക്ഷ്യം. ഗിഗി സമ്പദ്ഘടനയെ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ഇടമായി മാറ്റുവാനും ലക്ഷ്യമിടുന്നു.

സംഘടിത തൊഴില്‍ മേഖലയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെ ഗിഗ് സമ്പദ്ഘടന സഹായിക്കുമെന്നും വെഞ്ചര്‍ കാപ്പിറ്റലിസ്റ്റു സ്്ഥാപനമായ വെഞ്ചറീസ്റ്റ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശരത് പറയുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തൊട്ടാകെ ഉയര്‍ന്നുവരുന്നത് ഗിഗ് സമ്പദ്ഘടനയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് ബിഡിഒ ഇന്ത്യ പാര്‍ട്ണറും ഡീല്‍ അഡൈ്വസറി സര്‍വീസസ് തലവനുമായ സമിര്‍ സേത് പറയുന്നു.

Tags:    

Similar News