ജിഡിപി വളർച്ച 7.8%; പ്രതീക്ഷയിലും താഴെ
പ്രതീക്ഷകൾക്കൊപ്പം എത്താതെ ഇന്ത്യയുടെ ഒന്നാം പാദ ജിഡിപി വളർച്ച
പ്രതീക്ഷകൾക്കൊപ്പം എത്താതെ ഇന്ത്യയുടെ ഒന്നാം പാദ ജിഡിപി വളർച്ച. ഏപ്രിൽ - ജൂൺ പാദത്തിൽ ജിഡിപി 7.8 ശതമാനം വളർന്നു. ജനുവരി - മാർച്ചിൽ 6.1 ശതമാനവും 2022 ഏപ്രിൽ - ജൂണിൽ 13.1 ശതമാനവും ആയിരുന്നു വളർച്ച. എട്ടു ശതമാനം വളർച്ചയാണു റിസർവ് ബാങ്ക് പ്രതീക്ഷിച്ചത്.
2020-ലും 21-ലും ഒന്നാം പാദത്തിൽ കോവിഡ് മൂലം ഉൽപാദനവും മറ്റു സാമ്പത്തികപ്രവർത്തനങ്ങളും തടസപ്പെട്ടിരുന്നു. അതിനാലാണ് 2022-ൽ ഒന്നാം പാദ വളർച്ച ഇരട്ടയക്കത്തിലായത്.
ഒന്നാം പാദത്തിൽ കേന്ദ്ര സർക്കാരിന്റെ മൂലധനച്ചെലവുകൾ കൂട്ടിയത് വളർച്ചയ്ക്ക് ആക്കം കൂട്ടി എന്നാണു വിലയിരുത്തൽ. 59 ശതമാനമാണു വർധന. സംസ്ഥാനങ്ങളും ആദ്യപാദത്തിൽ മൂലധനനിക്ഷേപം കൂട്ടി. 76 ശതമാനം വർധന. മൊത്തം മൂലധനച്ചെലവ് ഏപ്രിൽ -ജൂണിൽ 1.75 ലക്ഷം കോടി രൂപയിൽ നിന്ന് 2.79 ലക്ഷം കോടി രൂപയായി.
സേവന മേഖലയിലെ വളർച്ചയും വർധിച്ചു എന്നാണു നിഗമനം. രാജ്യത്തു വളർച്ചയുടെ ചാലകശക്തി ജിഡിപിയുടെ 60 ശതമാനം നൽകുന്ന സേവനമേഖലയാണ്.
മുന്നോട്ട് എങ്ങനെ?
ഒന്നാം പാദ വളർച്ച ഇങ്ങനെ തൃപ്തികരമാണെങ്കിലും വരുന്ന പാദങ്ങളിൽ കാര്യങ്ങൾ പ്രതീക്ഷ പോലെ നടക്കില്ലെന്നാണ് റോയിട്ടേഴ്സ് സർവേയിൽ പങ്കെടുത്തവരുടെ വിശകലനം. രണ്ടാം പാദത്തിൽ 6.2%, മൂന്നിൽ 6%, നാലിൽ 5.5% എന്നിങ്ങനെയാകും വളർച്ച. റിസർവ് ബാങ്കിന്റെ നിഗമനത്തേക്കാൾ കുറവാണിത്. രണ്ടാം പാദത്തിൽ 6.5%, മൂന്നിൽ 6%, നാലിൽ 5.7% എന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷ. വാർഷിക ജിഡിപി വളർച്ച റിസർവ് ബാങ്ക് കാണുന്ന 6.5 ൽ നിന്ന് 6.2 ശതമാനമായി കുറയും എന്നാണ് ഇതിനർഥം. ഇക്കണോമിക് ടൈംസ് സർവേയും 6.2 ശതമാനത്തിലാണ് എത്തിയത്.