കയറ്റുമതി 9 മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

  • ഇറക്കുമതിയിലും ഇടിവ്, വ്യാപാരക്കമ്മി ഉയര്‍ന്നു
  • കയറ്റുമതിയില്‍ രേഖപ്പെടുത്തിയത് 17 % ഇടിവ്

Update: 2023-08-14 10:57 GMT

ഇക്കഴിഞ്ഞ ജൂലൈയില്‍ രാജ്യത്തിന്‍റെ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു. വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ജൂലൈയിൽ ഇറക്കുമതി 17 ശതമാനം കുറഞ്ഞ് 5292 കോടി ഡോളറായി, കഴിഞ്ഞ വർഷം സമാന മാസത്തില്‍ ഇത് 6380 കോടി ഡോളറായിരുന്നു. ചരക്കു കയറ്റുമതി 2022 ജൂലൈയിലെ 3834 കോടി ഡോളറിൽ നിന്ന് 16 ശതമാനം ഇടിഞ്ഞ് 3225 കോടി ഡോളറായി. രാജ്യത്തിന്‍റെ വ്യാപാരക്കമ്മി ജൂലൈയില്‍ 2067 കോടി ഡോളറായി, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വ്യാപാരക്കമ്മി 2543 ബില്യൺ ഡോളറായിരുന്നു.

മെയ് മാസത്തിലെ 2210 കോടി ഡോളറിനെ അപേക്ഷിച്ച് ജൂണിൽ വ്യാപാരക്കമ്മി 2013 കോടി ഡോളറായി കുറഞ്ഞു. ജൂണിലെ കണക്കുകളെ അപേക്ഷിച്ച് ജൂലൈയില്‍ വ്യാപരക്കമ്മി ഉയര്‍ന്നിരിക്കുകയാണ്. ജൂണിൽ ചരക്ക് ഇറക്കുമതി 5310 കോടി ഡോളറും ചരക്ക് കയറ്റുമതി  3287 കോടി ഡോളറും ആയിരുന്നു. 

നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ വരെയുള്ള കണക്ക് പ്രകാരം കയറ്റുമതി 14.5 ശതമാനം ഇടിഞ്ഞ് 13622 കോടി ഡോളറിലെത്തി. ഇക്കാലയളവിലെ ഇറക്കുമതി 13.79 ശതമാനം കുറഞ്ഞ് 21320 കോടി ഡോളറിലെത്തി.

ഇലക്ട്രോണിക് സാധനങ്ങൾ, ഇരുമ്പയിര്, മരുന്നുകൾ, ഫാർമ തുടങ്ങിയ മേഖലകളാണ് കയറ്റുമതിയെ പ്രധാനമായും നയിച്ചത്. ഏപ്രിൽ-ജൂലൈ മാസങ്ങളിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി 11.41 ശതമാനം കുറഞ്ഞു.ഇക്കാലയളവില്‍ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിൽ 3.68 ശതമാനം കുറവുണ്ടായി.

Tags:    

Similar News