വായ്പാ നിരക്കില്‍ ഒളിച്ചു കളി വേണ്ട, കണക്കുകള്‍ തുറന്ന് പറയണം: ആര്‍ബിഐ

Update: 2024-02-08 10:14 GMT

ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയ്ക്കു പുറമേ മറ്റ് ചാര്‍ജുകളിലും സുതാര്യത പുലര്‍ത്തണമെന്ന് ആര്‍ബിഐ. വായ്പയ്ക്ക് ഈടാക്കുന്ന എല്ലാ നിരക്കുകളുടെയും വിവരങ്ങള്‍ കീ ഫാക്ട് സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പലിശ നിരക്കുകള്‍ക്കു പുറമേ ഈടാക്കുന്ന മറ്റ് നിരക്കുകള്‍ കൂടി കീ ഫാക്ട് സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഉപഭോക്താക്കള്‍ക്ക് യഥാര്‍ത്ഥ വാര്‍ഷക പലിശ നിരക്ക് അറിയാന്‍ സഹായകമാകുമെന്നാണ് ആര്‍ബിഐയുടെ അഭിപ്രായം. പലപ്പോഴും പലിശ നിരക്കായി ഒറു തുക പറയുകയും പിന്നീട് വാര്‍ഷിക നിരക്കിലേക്ക് എത്തുമ്പോള്‍ തുകയില്‍ മാറ്റം വരികയും ചെയ്യാറുണ്ട്. ഇത് പലപ്പോഴും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാറുമുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ ഈ നിര്‍ദ്ദേശം.

ഡിജിറ്റല്‍ വായ്പാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ നിര്‍ദ്ദേശം ബാധകമാണ്. ഇടപാടുകള്‍ കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. പ്രാധാനപ്പെട്ട വിവരങ്ങളടങ്ങിയ കീ ഫാക്ട് സ്റ്റേറ്റ്‌മെന്റ് നല്‍കണമെന്ന് ഒരു വിഭാഗം വായ്പാദാതാക്കള്‍ക്ക് ആര്‍ബിഐ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ നിര്‍ദ്ദേശത്തില്‍ എല്ലാ റീട്ടെയില്‍, എംഎസ്എംഇ വായ്കളെയും ആര്‍ബിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായ്പയെക്കുറിച്ചുള്ള എല്ലാ നിബന്ധനകളും വ്യവസ്ഥകളും, ചാര്‍ജുകള്‍, പലിശ നിരക്ക് എന്നിവയെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് അറിവ് നല്‍കുന്ന രേഖയാണ് കെഎഫ്എസ് എന്നും അറിയപ്പെടുന്ന കീ ഫാക്ട് സ്റ്റേറ്റ്‌മെന്റ്. ഒരു വായ്പ എടുക്കുന്നതിന് മുമ്പ് മികച്ച തീരുമാനം എടുക്കുന്നതിന് സഹായിക്കുന്ന ലളിതവും മനസ്സിലാക്കാന്‍ എളുപ്പമുള്ളതുമായ രേഖയാണിത്.

Tags:    

Similar News