അമേരിക്കയിലും ചൈനയിലും ആവശ്യം കുറഞ്ഞു, വജ്രമേഖലയില്‍ തൊഴിൽ പോയത് 22,000 പേര്‍ക്ക്

ഇപ്പോള്‍ കഥ മറ്റൊന്നാണ്. പോളിഷ് ചെയ്യാത്ത വജ്രം എത്തുന്നതിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടപ്പോള്‍ മറ്റൊരു തൊഴില്‍ നഷ്ടത്തിന്റെ കഥയാണ് ഈ മേഖലയ്ക്ക് പറയാനുള്ളത്. കഴിഞ്ഞ ഏതാനം മാസങ്ങളായി 20,000-22,000 തൊഴില്‍ നഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Update: 2023-01-06 06:14 GMT


യുക്രെയ്ന്‍ യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം അടുക്കാറാകുമ്പോള്‍ ഇതിന്റെ അലയൊലികള്‍ ലോകത്ത് സമസ്തമേഖലയിലും പ്രതിഫലനമുണ്ടാക്കി. യുക്രെയ്ന്‍ യുദ്ധം നേരിട്ട് ബാധിച്ച പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് വജ്രം.രാജ്യത്തെ പ്രധാന വജ്ര വ്യവസായ കേന്ദ്രമായ സൂറത്തില്‍ 4,000 ഡയമണ്ട് കട്ടിംഗ്, പോളിഷിംഗ് യൂണിറ്റുകളിലായി 8,00,000 -ത്തോളം പേരാണ് തൊഴില്‍ ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള പോളിഷ് ചെയ്യാത്ത വജ്രം കൂടുതലായും എത്തുന്നത് റഷ്യയില്‍ നിന്നുമാണ്.


റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് റഷ്യയ്ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം മേയ് -ജൂണ്‍ കാലയളവില്‍ വജ്ര വ്യവസായ മേഖലയിലെ 250,000-ത്തോളം തൊഴിലാളികള്‍ക്ക് നീണ്ട അവധി നല്‍കുന്നതിലേക്ക് നയിച്ചിരുന്നു. വജ്ര ഉത്പാദനവും, കയറ്റുമതിയും കുറഞ്ഞതോടെ കഴിഞ്ഞ വര്‍ഷം ജൂണ്‍-ജൂലൈ കാലയളവില്‍ ഈ മേഖലയില്‍ വലിയതോതിലുള്ള തൊഴില്‍ നഷ്ടവുമുണ്ടായി.

ഇപ്പോള്‍ കഥ മറ്റൊന്നാണ്. പോളിഷ് ചെയ്യാത്ത വജ്രം എത്തുന്നതിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടപ്പോള്‍ മറ്റൊരു തൊഴില്‍ നഷ്ടത്തിന്റെ കഥയാണ് ഈ മേഖലയ്ക്ക് പറയാനുള്ളത്. കഴിഞ്ഞ ഏതാനം മാസങ്ങളായി 20,000-22,000 തൊഴില്‍ നഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കട്ട് ചെയ്തതും, പോളിഷ് ചെയ്തതുമായ വജ്രത്തിന്റെ ഡിമാന്‍ഡ് പാശ്ചാത്യ രാജ്യങ്ങളിലും, ചൈനയിലും കുറഞ്ഞതോടെയാണ് സൂറത്തിലെ വജ്ര നിര്‍മാണ മേഖല തൊഴില്‍ പ്രതിസന്ധിയിലായത്.. ആഗോളതലത്തില്‍ വിറ്റഴിക്കുന്ന പോളിഷ് ചെയ്ത വജ്രത്തിന്റെ 80 ശതമാനവും സൂറത്തില്‍ നിന്നുള്ളതാണ്. പാശ്ചാത്യ ലോകത്ത് പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും ആഘാതം സൃഷ്ടിച്ചപ്പോള്‍ അവരുടെ പര്‍ച്ചൈസിംഗ് പവറിനെ അത് പ്രതികൂലമായി ബാധിക്കുകയും ഇത്തരം ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാതാവുകയുമായിരുന്നു. കോവിഡിന്റെ പിടിയിലമര്‍ന്ന ചൈന ഇനിയും കരകയറിയിട്ടുമില്ല. ഫലത്തില്‍ സൂറത്തിലെ വജ്ര നിര്‍മാണ ഫാക്ടറികളുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാതായി.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ രാജ്യത്തെ വജ്ര കയറ്റുമതി മന്ദഗതിയിലായിരുന്നുവെന്ന് ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ (ജിജെഇപിസി) ഡേറ്റ സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ കട്ട് ചെയ്തതും, പോളിഷ് ചെയ്തതുമായ ഡയമണ്ടിന്റെ മൊത്തെ കയറ്റുമതി 5.43 ശതമാനമായി കുറഞ്ഞുവെന്നും ഡേറ്റ വ്യക്തമാക്കുന്നു


Tags:    

Similar News