ഖനനം ചെയ്ത ലോഹ ഉൽപ്പാദനത്തിൽ 7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയ ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ നേട്ടം നൽകി.
ജനുവരി 2 ന് റെഗുലേറ്ററി ഫയലിംഗിൽ, ഹിന്ദുസ്ഥാൻ സിങ്ക് തങ്ങളുടെ ഖനനം ചെയ്ത ലോഹ ഉൽപ്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2023ൽ 7 ശതമാനവും കഴിഞ്ഞ പാദത്തേക്കാൾ 8 ശതമാനവും വർധിച്ച് 2,71,000 ടണ്ണിലെത്തിയാതായി അറിയിച്ചു. മികച്ച നിലവാരമുള്ള ലോഹങ്ങളുടെ ഖനനം, റാംപുര അഗുച്ചയിലെ സിന്ദേസർ ഖുർദ് ഖനിയിലെ ഉയർന്ന അയിര് ഉൽപാദനം, എന്നിവ ഉൽപ്പാദനം വർദ്ധിക്കാൻ കാരണമായി.
ഇത് കൂടാതെ, ശുദ്ധീകരിച്ച ലോഹ ഉൽപ്പാദനാവും 7 ശതമാനം വർധിച്ച് 2,59,000 ടണ്ണായി. ഇത് മുൻ വർഷത്തേക്കാളും 1 ശതമാനം ഉയർന്നതാണ്. മെച്ചപ്പെട്ട പ്ലാന്റ് ലഭ്യതയാണ് ശുദ്ധീകരിച്ച ലോഹ ഉൽപ്പാദനാത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. ശുദ്ധീകരിച്ച ലെഡ് ഉൽപ്പാദനം, മുൻ വർഷത്തേക്കാളും 21 ശതമാനം വർധിച്ച് 56,000 ടണ്ണായി.
2024 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ അറ്റാദായം 35 ശതമാനം ഇടിഞ്ഞ് 1,729 കോടി രൂപയായി കമ്പനി രേഖപ്പെടുത്തി. ഇതേ കാലയളവിലെ വരുമാനം 18.5 ശതമാനം താഴ്ന്ന് 6,619 കോടി രൂപയായി. ഇബിഐടിഡിഎ മാർജിൻ 29 ശതമാനം ഇടിഞ്ഞ് 3,139 കോടി രൂപയുമായി.
നിലവിൽ ഉച്ചക്ക് 1.00 മണിക്ക് ഓഹരികൾ 0.61 ശതമാനം ഉയർന്ന് എൻഎസ്ഇ യിൽ 319.25 രൂപയിൽ വ്യാപാരം തുടരുന്നു.