ലിഥിയം പര്യവേക്ഷണത്തിനായി അര്‍ജന്റീനയുമായി കരാറൊപ്പുവച്ച് ഇന്ത്യ

  • ഏകദേശം 200 കോടി രൂപയാണ് പദ്ധതിച്ചെലവ്
  • അര്‍ജന്റീനയിലെ കാറ്റമാര്‍ക്കയില്‍ ഒരു ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കും
  • ലിഥിയം ട്രയാംഗിള്‍' ന്റെ ഭാഗമാണ് അര്‍ജന്റീന

Update: 2024-01-16 09:57 GMT

ന്യൂഡെല്‍ഹി: ലിഥിയം പര്യവേക്ഷണത്തിനും ഖനനത്തിനുമായി ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡും (കാബില്‍) അര്‍ജന്റീനയിലെ കാറ്റമാര്‍ക്ക പ്രവിശ്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭവും തമ്മില്‍ കരാര്‍ ഒപ്പിട്ടു. കാറ്റമാര്‍ക്ക ഗവര്‍ണറുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഇന്ത്യാ ഗവണ്‍മെന്റ് കമ്പനിയുടെ ആദ്യ ലിഥിയം പര്യവേക്ഷണവും ഖനന പദ്ധതിയും ആണിത്. ഇതോടെ 5 ലിഥിയം ബ്രൈന്‍ ബ്ലോക്കുകളുടെ പര്യവേക്ഷണവും വികസനവും ഉടന്‍ ആരംഭിക്കും.

അര്‍ജന്റീനയിലെ കാറ്റമാര്‍ക്കയില്‍ ഒരു ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കാനും കാബില്‍ തയ്യാറെടുക്കുകയാണ്.

ഏകദേശം 200 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കുന്നത്.

ഈ കരാറിലൂടെ, ലിഥിയം ധാതുക്കളുടെ കണ്ടെത്തല്‍, വാണിജ്യ ഉല്‍പ്പാദനം എന്നിവയെ വിലയിരുത്തുന്നതിനും, പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള 5 ബ്ലോക്കുകള്‍ക്കായി കാബില്‍ പ്രത്യേക അവകാശം നേടിയിട്ടുണ്ട്. ഇത് ഇന്ത്യയിലേക്ക് ലിഥിയം സോഴ്സിംഗ് ചെയ്യുന്നതിനുള്ള അന്വേഷണത്തെ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ലിഥിയം പര്യവേക്ഷണം, വേര്‍തിരിച്ചെടുക്കല്‍ എന്നിവയ്ക്ക് സാങ്കേതികതയും കൊണ്ടുവരും.

ലോകത്തിലെ മൊത്തം ലിഥിയം വിഭവങ്ങളുടെ പകുതിയിലേറെയും ഉള്ള ചിലി, ബൊളീവിയ എന്നിവയ്ക്കൊപ്പം 'ലിഥിയം ട്രയാംഗിള്‍' ന്റെ ഭാഗമാണ് അര്‍ജന്റീന. കൂടാതെ രണ്ടാമത്തെ വലിയ ലിഥിയം റിസോഴ്സുകളും 3-ാമത്തെ വലിയ ലിഥിയം റിസര്‍വുകളും ലോകത്തിലെ നാലാമത്തെ വലിയ ഉല്‍പ്പാദനവും അര്‍ജന്റീനയിലുണ്ട്.

ഈ തന്ത്രപരമായ നീക്കം ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ഖനന മേഖലയുടെ സുസ്ഥിര വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും.

Tags:    

Similar News