ധനസഹായം വെട്ടിക്കുറച്ചത് വരുമാനത്തെ ബാധിച്ചു; ആദ്യപാദത്തില്‍ കേരളത്തിന്‍റെ കടമെടുക്കലില്‍ 172% ഉയര്‍ച്ച

  • കേന്ദ്രത്തില്‍ നിന്നുള്ള വിഹിതത്തില്‍ 82% ഇടിവ്
  • കേരളത്തിന്‍റെ നികുതി സമാഹരണത്തില്‍ 13% വര്‍ധന
  • റവന്യൂ വരുമാനത്തില്‍ 16 % ഇടിവ്
;

Update: 2023-07-26 05:40 GMT
172% increase in Keralas borrowing in the first quarter
  • whatsapp icon

സംസ്ഥാനത്തിന്‍റെ  കടമെടുക്കലില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച മുറവിളികള്‍ ശക്തമായി നിലനില്‍ക്കുമ്പോഴും കേരളത്തിന്‍റെ വായ്പയെടുക്കല്‍ ആദ്യപാദത്തില്‍ ഗണ്യമായി ഉയര്‍ന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  

2023 -24ന്‍റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) 14, 422 കോടി രൂപയുടെ വായ്പയാണ് സംസ്ഥാനം എടുത്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ മൊത്തം കടമെടുക്കല്‍ വെറും 5,301.74 കോടി രൂപയായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതായത് 172 ശതമാനത്തിന്‍റെ വര്‍ധനയാണ് ആദ്യപാദത്തിലെ കടമെടുക്കലില്‍ ഉണ്ടാത്.  നടപ്പു സാമ്പത്തിക വര്‍ഷം 40,171.91 കോടിയുടെ വാർഷിക ബജറ്റ് എസ്റ്റിമേറ്റാണ് വായ്പയെടുക്കലിന്‍റെ കാര്യത്തില്‍ സംസ്ഥാനം മുന്നോട്ടുവെച്ചിട്ടുള്ളത്. 

സംസ്ഥാനങ്ങളുടെ കടമെടുക്കലില്‍ വിപണിയില്‍ നിന്നുള്ള വായ്പകള്‍ മാത്രമല്ല ഉള്‍ക്കൊള്ളുന്നത്. എങ്കിലും വിപണി വായ്പകള്‍ കടമെടുപ്പിന്റെ ഒരു പ്രധാന ഭാഗമാണ്. സംസ്ഥാന വികസന വായ്പകൾ (എസ്‍ഡിഎല്‍) വിൽക്കുന്നതിലൂടെയാണ് വിപണി വായ്പകള്‍ സമാഹരിക്കുന്നത്. 

കുത്തനെയിടിഞ്ഞ് കേന്ദ്ര വിഹിതം

കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ ഓഫ് ഇന്ത്യ (സിഎജി) പുറത്തുവിട്ട ഒരു പൊതു രേഖ വെളിപ്പെടുത്തുന്നത്, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 26,253.96 കോടി രൂപയായിരുന്നു എന്നാണ്. അതായത് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 31,347.30 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനം കുറഞ്ഞു. എന്നാൽ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാകുന്നത്, റവന്യൂ വരുമാനത്തിലെ ഈ കുറവിന് കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേട് അല്ലെന്നാണ്.  മറിച്ച്, ഇത്തവണ കേന്ദ്രത്തിൽ നിന്നുള്ള ധനസഹായത്തിലും വിഹിതങ്ങളിലും വലിയ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

2022-23ന്‍റെ ആദ്യ പാദത്തിൽ ധനസഹായവും വിഹിതവുമായി കേന്ദ്രത്തിന് സംസ്ഥാനത്തിന് മൊത്തം ലഭിച്ചത് 10,390.10 കോടി രൂപയാണെങ്കില്‍,  നടപ്പു സാമ്പത്തിക വർഷം ഇതേ കാലയളവിൽ ലഭിച്ചത് 1,868.74 കോടി രൂപ മാത്രമാണ്. അതായത് 82 ശതമാനത്തിലധികം കുറഞ്ഞു.

വാസ്‌തവത്തിൽ, ഇക്കഴിഞ്ഞ ആദ്യ പാദത്തിൽ സംസ്ഥാനം സമാഹരിച്ച നികുതി വരുമാനം 21,210.77 കോടി രൂപയായി ഉയരുകയാണ് ഉണ്ടായിട്ടുള്ളത്. മുന്‍ വർഷം ഇതേ കാലയളവിലെ 18,830.21 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനം കൂടുതലാണ് ഇത്.

Tags:    

Similar News