കരകയറാതെ ചൈന; തുടര്‍ച്ചയായ നാലാം മാസവും ഫാക്റ്ററി പ്രവര്‍ത്തനങ്ങളില്‍ ഇടിവ്

  • ഉപഭോഗം വര്‍ധിപ്പിക്കാന്‍ 20 ഇന കര്‍മ പദ്ധതി പ്രഖ്യാപിച്ചു
  • ജൂണിനെ അപേക്ഷിച്ച് മാനുഫാക്ചറിംഗ് പിഎംഐ ഉയര്‍ന്നും
  • നോണ്‍ മാനുഫാക്ചറിംഗ് പിഎംഐ ജൂണിനെ അപേക്ഷിച്ച് കുറഞ്ഞു

Update: 2023-07-31 07:26 GMT

കൊറോണയ്ക്ക് ശേഷമുള്ള വീണ്ടെടുപ്പില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രയാസങ്ങള്‍ തുടരുകയാണെന്ന് വ്യക്തമാക്കുന്ന ഡാറ്റകളാണ് ജൂലൈ കടന്നുപോകുമ്പോഴും ലഭിക്കുന്നത്. ചൈനയുടെ ഫാക്റ്ററി പ്രവർത്തനം ജൂലൈയിൽ തുടർച്ചയായ നാലാം മാസവും ചുരുങ്ങി. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (എൻബിഎസ്) കണക്കനുസരിച്ച്, ജൂലൈയില്‍ ഔദ്യോഗിക മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍റക്സ് (പിഎംഐ) 49.3-ൽ എത്തി. ഫാക്റ്ററി ഉല്‍പ്പാദനം സംബന്ധിച്ച പ്രധാന അളവുകോലാണ് മാനുഫാക്ചറിംഗ് പിഎംഐ.

50ല്‍ താഴെയുള്ള പിഎംഐ സങ്കോചത്തെയും 50 മുകളിലുള്ളത് വികസനത്തെയുമാണ് സൂചിപ്പിക്കുന്നത്. ജൂലൈയിലും 50ല്‍ താഴെയാണെങ്കിലും ജൂണിലെ 49.0 കണക്കിനേക്കാൾ അൽപ്പം മികച്ച നിലയിലേക്ക് റീഡിംഗ് എത്തിയിട്ടുണ്ട്. ബ്ലൂംബെർഗ് സർവേയില്‍ വിപണി വിദഗ്ധര്‍ വിലയിരുത്തിയതിനെ അപേക്ഷിച്ചും മെച്ചപ്പെട്ട പ്രകടനമാണ് നടന്നിട്ടുള്ളത്. ഫാക്റ്ററി ഉല്‍പ്പാദനത്തിന്‍റെ മൊത്തത്തിലുള്ള നിലവാരം മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നാണ് എൻ‌ബി‌എസ് സ്റ്റാറ്റിസ്റ്റിഷ്യൻ ഷാവോ ക്വിൻ പ്രസ്താവനയിൽ പറഞ്ഞത്.

ഉപഭോക്തൃ ചെലവിടല്‍ മന്ദഗതിയിലായതിനാൽ, കോവിഡിന് ശേഷമുള്ള വീണ്ടെടുക്കൽ വേഗം മെച്ചപ്പെടുത്തുന്നതില്‍ ചൈന പ്രയാസം നേരിടുകയാണ്.  സേവന, നിർമ്മാണ മേഖലകളിലെ ബിസിനസ്സ് വികാരം അളക്കുന്ന നോൺ- മാനുഫാക്ചറിംഗ് പിഎംഐ ജൂണിലെ 53.2 ൽ നിന്ന് ജൂലൈയിൽ 51.5 ആയി കുറഞ്ഞു. മൂലധന വിപണി സേവനങ്ങളിലെയും റിയൽ എസ്റ്റേറ്റിലെയും പ്രവർത്തനം ചുരുങ്ങിയതാണ് ഇതിന് പ്രധാന കാരണം. 

ഉപഭോഗം വര്‍ധിപ്പിക്കാന്‍ കര്‍മ പദ്ധതി

ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള 20 ഇന പദ്ധതി തിങ്കളാഴ്ച ചൈനീസ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.  ഭവന ആവശ്യകത, സാംസ്കാരിക- ടൂറിസം മേഖല, ഇലക്ട്രിക് വാഹനങ്ങൾ പോലുള്ള ഹരിത ഉപഭോഗം എന്നിവയ്ക്കുള്ള പിന്തുണ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇതിന്‍റെ ഭാഗമാണ്. ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നി വീണ്ടെടുപ്പിന് വേഗം കൈവരിക്കണമെന്ന് കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു.

 “നിലവിൽ, ചൈനയുടെ സമ്പദ്‌വ്യവസ്ഥ പുതിയ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടുന്നു. ഇത് പ്രധാനമായും ആഭ്യന്തര ആവശ്യകതയുടെ അഭാവം, ചില സംരംഭങ്ങളുടെ പ്രവർത്തനത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകൾ, പ്രധാന മേഖലകളിലെ വെല്ലുവിളികളും മറഞ്ഞിരിക്കുന്ന അപകടസാധ്യതകളും, അതുപോലെ തന്നെ ശുഭകരമല്ലാത്ത ബാഹ്യ അന്തരീക്ഷം എന്നിവയിൽ നിന്നാണ്,” പോളിറ്റ്ബ്യൂറോ വിലയിരുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 

ഓട്ടോ മൊബൈല്‍, ഇലക്ട്രോണിക്‌സ്, ഗാർഹിക ഉൽപ്പന്നങ്ങള്‍ എന്നിവയുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിലാണ് സർക്കാർ പ്രധാനാമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടൂറിസം മേഖലയിലെ ഉപഭോഗത്തിലും വീണ്ടെടുപ്പിന്‍റെ വേഗം ഉയര്‍ത്തുന്നതിനായി ചൈന പ്രതീക്ഷവെക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രഖ്യാപനവും ചൈന കഴിഞ്ഞയാഴ്ച നടത്തി. 

2023 രണ്ടാം പാദത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയത് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിലും താഴെയുള്ള വളര്‍ച്ചയാണ്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 6.3 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉണ്ടായത് എന്നാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നത്. 

Tags:    

Similar News