കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചത് കയറ്റുമതിയിലും തൊഴില്‍ സൃഷ്ടിയിലും
22 ലക്ഷം തൊഴിലവസരം പുതിയതായി ലഭിക്കുമെന്ന് വാണിജ്യമന്ത്രാലയം
കയറ്റുമതിയിലും തൊഴില്‍ സൃഷ്ടിക്കുന്നതിലുമാണ് കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് വാണിജ്യ മന്ത്രാലയം. 22 ലക്ഷം തൊഴിലവസരം പുതിയതായി ലഭിക്കുമെന്ന വിലയിരുത്തലാണ് മന്ത്രാലയത്തിനുള്ളത്.
കേന്ദ്രീകൃത ഉല്‍പ്പന്ന പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ ശ്രദ്ധാ കേന്ദ്രമെന്നാണ് വാണിജ്യ മന്ത്രാലയ സെക്രട്ടറി വിമല്‍ ആനന്ദ് വ്യക്തമാക്കിയത്. പദ്ധതിയില്‍ പാദരക്ഷ, തുകല്‍ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വായ്പാ ലഭ്യത വര്‍ദ്ധിപ്പിച്ചു. ഇതിന്റെ പ്രതിഫലനം കേന്ദ്രീകൃത ഉല്‍പ്പന്ന പദ്ധതിയിലുണ്ടാവുമെന്നാണ് കരുതുന്നത്.
4 ലക്ഷം കോടി രൂപയുടെ വിറ്റുവരവ്. 1.1 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമാണ് പദ്ധതിയുടെ ഭാഗമായി ലഭിക്കുക. ഒപ്പം നികുതി വെട്ടിക്കുറച്ചിട്ടുണ്ട്.
വെറ്റ് ബ്ലൂ ലെതറിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ പൂര്‍ണ ഇളവാണ് നല്‍കിയത്. ചെറുകിട കയറ്റുമതിക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിന് ക്രസ്റ്റ് ലെതറിനെ 20 ശതമാനം കയറ്റുമതി തീരുവയില്‍ നിന്ന് ഒഴിവാക്കിയതും അദ്ദേഹം എടുത്തുപറഞ്ഞു.
രാജ്യത്തെ ജനസംഖ്യ വര്‍ദ്ധനവിനെ എങ്ങനെ സാമ്പത്തിക വ്യവസ്ഥയ്ക്ക് പിന്തുണ നല്‍കുന്ന തലത്തിലേക്ക് വളര്‍ത്തിയെടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചെതന്നും അദ്ദേഹം വ്യക്തമാക്കി.