ചുവട് മാറ്റവുമായി ബാങ്ക് ഓഫ് ജപ്പാൻ : 40000 മറികടന്ന് നിക്കേ 225
- പലിശ നിരക്ക് ഉയർത്തി ജപ്പാൻ.
- ഹ്രസ്വകാല പലിശ നിരക്കുകളിൽ വർധന
- യിൽഡ് കർവ് നിയന്ത്രണ നയം ബാങ്ക് അവസാനിപ്പിച്ചു
- 2007 ന് ശേഷം ആദ്യമായാണ് നിരക്കുകളിൽ വർധന
17 വർഷങ്ങൾക്ക് ശേഷം ആദ്യമായി പലിശ നിരക്ക് ഉയർത്തി ജപ്പാൻ. ജാപ്പനീസ് സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ജപ്പാൻ മാർച്ചിലെ ധനനയ കമ്മിറ്റി യോഗത്തിലാണ് പലിശ നിരക്ക് വർധിപ്പിച്ചത്. 2007 ന് ശേഷം ആദ്യമായാണ് നിരക്കുകൾ -0.1% ൽ നിന്ന് 0% മുതൽ 0.1% വരെ ഉയർത്തിയത്.ഈ വർഷം ആദ്യം വേതനത്തിൽ വർദ്ധനവ് ഉണ്ടാകുന്നു എന്ന സൂചനയെ തുടർന്നാണ് ഇത്തരത്തിലൊരു നയമാറ്റം ബാങ്ക് സ്വീകരിച്ചത്. ഇതോടെ നിലവിൽ ലോകത്തിലെ ഏക നെഗറ്റീവ് പലിശ നിരക്ക് വ്യവസ്ഥയ്ക്കാണ് അവസാനമായത്. നിരക്ക് വർധനയ്ക്ക് തുടക്കം കുറിച്ചെങ്കിലും മറ്റ് സെൻട്രൽ ബാങ്കുകളെ പോലെ ശക്തമായ രീതിയിലുള്ള പലിശ നിരക്ക് വർധനവ് ഉണ്ടാകില്ലായെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ലോകത്തിലെ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായ ജപ്പാൻ, നിലവിൽ ടെക്‌നിക്കലി മാന്ദ്യത്തിലാണ്. സമ്പദ്‌വ്യവസ്ഥയിലെ ദുർബലമായ വളർച്ച കണക്കിലെടുക്കുമ്പോൾ തൽക്കാലം അനുയോജ്യമായ സാമ്പത്തിക സാഹചര്യങ്ങൾ നിലനിർത്തുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനത്തിൽ അറിയിച്ചത്. ഹ്രസ്വകാല പലിശ നിരക്കുകളാണ് ഉയർത്തിയത്. 2016 മുതൽ ജപ്പാനിൽ നെഗറ്റീവ് നിരക്ക് വ്യവസ്ഥ നിലവിലുണ്ടായിരുന്നു .
ധനനയത്തിലും ചരിത്രപരമായ ചുവടു മാറ്റമാണ് ബാങ്ക് നടത്തിയത്.യിൽഡ് കർവ് നിയന്ത്രണ നയം ബാങ്ക് അവസാനിപ്പിച്ചു. സോവറിൻ ബോണ്ടുകളുടെ വിൽപ്പനയിലൂടെയും വാങ്ങുന്നതിലൂടെയും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും കൂടാതെ അല്ലെങ്കിൽ സാമ്പത്തിക വ്യവസ്ഥയിൽ പലിശ നിരക്ക് നിയന്ത്രിക്കുന്നതിനുമായിരുന്നു ഈ നയം 2016 സെപ്റ്റംബർ മുതൽ ഉപയോഗിച്ചു വന്നത്.ദീർഘകാല പലിശ നിരക്കുകളിൽ പെട്ടെന്നുള്ള വർധനവുണ്ടായാൽ മറ്റ് നടപടികളോടൊപ്പം , ജാപ്പനീസ് ഗവണ്മെന്റ് ബോണ്ടുകൾ വാങ്ങുന്നതിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കും.ഈ നടപടികളെ തുടർന്ന് ഏഷ്യൻ വിപണികളിൽ ശക്തമായ മുന്നേറ്റം നടത്താൻ ജാപ്പനീസ് സൂചികയായ നിക്കേ 225 സാധിച്ചു. ഇൻട്രാ ഡേയിൽ 40,003.60 വരെ ഉയരുകയും 0.66 % നേട്ടത്തോടെയുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.