പണവിചാരം: കണക്കുകൾ തെറ്റുമ്പോൾ
- വിലക്കയറ്റത്തെ താൽക്കാലികമായി കാണുന്ന സമീപനത്തിൽ അപകടം ചില്ലറയല്ല
- എല്ലാ പരിധികളും കടന്നു വില കയറിപ്പോഴാണു 2022ല്‍ റിസർവ് ബാങ്ക് അനങ്ങിയത്
എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റി. ജൂലൈയിൽ ചില്ലറ വിലക്കയറ്റം 7.44 ശതമാനത്തിലേക്കു കുതിച്ചു കയറി. തീർന്നില്ല. ഓഗസ്റ്റിലെ നിരക്ക് ഏഴു ശതമാനത്തോളം വരുമെന്ന് വിലനിലവാരം മുന്നറിയിപ്പ് നൽകുന്നു.
അപ്പോൾ എന്തു സംഭവിക്കും?
ഒന്നും സംഭവിക്കില്ല. അഥവാ ഒന്നും ചെയ്യാൻ പോകുന്നില്ല. ഓഗസ്റ്റ് പത്തിനു പണനയം വിശദീകരിച്ചപ്പാേൾ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അതു പറഞ്ഞതാണ്.
കയറും, പിന്നെ താഴും
അദ്ദേഹം പറഞ്ഞു: "മേയിൽ 4.31 ശതമാനം എന്ന താഴ്ന്ന നിലയിൽ എത്തിയ വിലക്കയറ്റം ജൂണിൽ ഉയർന്നു. പച്ചക്കറി വിലകൾക്കൊപ്പം ജൂലൈ - ഓഗസ്റ്റിൽ വിലക്കയറ്റം കുതിച്ചു കയറും. പച്ചക്കറി വില താമസിയാതെ താഴും. എന്നാൽ താളം തെറ്റിയ കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ എൽ നിനോ പ്രതിഭാസവും ആഗോള ഭക്ഷ്യവിലകളും സശ്രദ്ധം നിരീക്ഷിക്കേണ്ടിയിരിക്കുന്നു... ഈ സാഹചര്യത്തിൽ പണനയ കമ്മിറ്റി നിരക്കുകളിൽ മാറ്റം വരുത്തുന്നില്ല. ഒപ്പം സാഹചര്യം ആവശ്യപ്പെട്ടാൽ ഉചിതമായ നടപടിക്ക് കരുതിയിരിക്കും... വിലക്കയറ്റം നാലുശതമാനത്തിൽ ഒതുക്കാനും വിലക്കയറ്റ പ്രതീക്ഷകൾ വരുതിയിലാക്കാനുമുള്ള പ്രതിബദ്ധത കമ്മിറ്റി ആവർത്തിക്കുന്നു."
ചുരുക്കം ഇതാണ്. "തൽക്കാലം പലിശ കൂട്ടുകയില്ല. പച്ചക്കറി വിലക്കയറ്റം താൽക്കാലികമാണ്. വേറേ പ്രശ്നങ്ങൾ ഉണ്ടായാൽ അപ്പോൾ നടപടി എടുക്കും."
ഇണങ്ങുന്ന നയം
അൽപം ഫ്ലാഷ് ബായ്ക്ക്. 2022 ഏപ്രിൽ എട്ടിനു പണനയ കമ്മിറ്റി തീരുമാനം വിശദീകരിച്ചപ്പാേൾ ദാസ് പറഞ്ഞു: "നിരക്കുകൾ മാറ്റുന്നില്ല. വരും നാളുകളിൽ വളർച്ചയെ തുണച്ചുകൊണ്ട് വിലക്കയറ്റം ലക്ഷ്യ നിരക്കിനു താഴെ നിൽക്കുന്നുവെന്ന് ഉറപ്പുവരുത്തും".
കോവിഡ് കാലത്തു നഷ്ടപ്പെട്ട വളർച്ച വീണ്ടെടുക്കാൻ രാജ്യം പണിപ്പെട്ടിരുന്ന സമയം. പലിശ കൂട്ടിയാൽ വ്യവസായങ്ങൾ തളരും എന്നു സർക്കാർ കണക്കാക്കി. സർക്കാർ നയത്തോട് ഇണങ്ങുന്ന നിലപാട് റിസർവ് ബാങ്ക് കൈക്കാെണ്ടു എന്നു വ്യാഖ്യാനിക്കാം.
വേറൊന്നു ശ്രദ്ധിക്കുക. 2022 മാർച്ച് 12-ന് ചില്ലറ വിലക്കയറ്റ കണക്ക് വന്നിരുന്നു. അതനുസരിച്ച് ഫെബ്രുവരിയിലെ വിലക്കയറ്റം 6.07 ശതമാനം. ഏപ്രിൽ 12 - ന് മാർച്ചിലെ കണക്ക് വന്നു. 6.95 ശതമാനം. അപ്പോഴും ഒന്നും ചെയ്തില്ല.
പരിധി വിട്ടപ്പാേൾ
മേയ് ആദ്യം റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി അടിയന്തര യോഗം ചേർന്നു. നാലാം തീയതി തീരുമാനം പ്രഖ്യാപിച്ചു. റീപോ നിരക്ക് 0.40 ശതമാനം കൂട്ടി. എന്തിനെന്നു ദാസ് : "വളർച്ചയെ തുണച്ചുകൊണ്ട് വിലക്കയറ്റം ലക്ഷ്യ നിരക്കിനു താഴെ നിൽക്കുന്നുവെന്ന് ഉറപ്പുവരുത്താൻ".
മേയ് 12 ന് ഏപ്രിലിലെ ചില്ലറവിലക്കയറ്റ കണക്ക് വന്നു. നിരക്ക് 7.79 ശതമാനം. എല്ലാ പരിധികളും കടന്നു വില കയറിപ്പോയി എന്നായപ്പാേഴാണു റിസർവ് ബാങ്ക് അനങ്ങിയത്. മാർച്ചിൽ തന്നെ യുഎസ് ഫെഡറൽ റിസർവ് ബോർഡ് പലിശ നിരക്ക് കൂട്ടിയിരുന്നു.
ചരിത്രം ആവർത്തിക്കുകയാണോ?
2022 ആദ്യം കോവിഡനന്തര ഡിമാൻഡ് വർധനയും ചരക്കുനീക്ക പ്രശ്നങ്ങളുമാണ് ''താൽക്കാലികമായ' വിലക്കയറ്റത്തിനു കാരണമെന്ന് യുഎസ് ഫെഡും ഇന്ത്യയുടെ റിസർവ് ബാങ്കും പറഞ്ഞിരുന്നു. പക്ഷേ മാസങ്ങൾക്കകം അതു താൽക്കാലികമല്ല എന്നു മനസിലായി. ഇപ്പോഴത്തെ വിലക്കയറ്റം തക്കാളിയുടെ മാത്രം പ്രശ്നമല്ല എന്ന് മനസിലാക്കാൻ എത്ര മാസമെടുക്കും എന്നതാണു ചോദ്യം.
ഇന്ത്യയിൽ മഴ കുറഞ്ഞ മേഖലകൾ മാത്രം കണക്കിലെടുത്താൽ പോരാ വിലക്കയറ്റ പ്രവചനത്തിന്. ഇറക്കുമതിയെ ഗണ്യമായി ആശ്രയിക്കുന്ന പയർ -പരിപ്പ് ഇനങ്ങളും ഭക്ഷ്യ എണ്ണകളും ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലെ കാലാവസ്ഥ കൂടി നോക്കണം. സ്വയംപര്യാപ്തത ഉള്ള അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയവയുടെ കാര്യത്തിൽ പോലും ആഭ്യന്തര വിപണിയിലെ ലഭ്യതയും ആവശ്യവുമല്ല വില എന്താകണമെന്നു തീരുമാനിക്കുന്നത്.
വിലക്കയറ്റത്തെ താൽക്കാലികമായി കാണുന്ന സമീപനത്തിൽ അപകടം ചില്ലറയല്ല. ഏതാണു താൽക്കാലികം, ഏതാണു നീണ്ടു നിൽക്കുന്നത് എന്നു പ്രവചനമത്സരം നടത്തേണ്ട. താൽക്കാലിക കാരണങ്ങളാൽ രൂപപ്പെട്ട വിലക്കയറ്റവും ചില സമയങ്ങളിൽ നീണ്ടു നിൽക്കും. ഇന്ത്യ ഇനി കുറേ നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കും ലോക്സഭാ തെരഞ്ഞെടുപ്പിലേക്കും നീങ്ങുകയാണ്. പണപ്പെരുപ്പം പിടിച്ചു നിർത്താൻ പ്രയാസമാകും.
വരുന്നതു ദുസൂചനകൾ
മേയിൽ 4.31ഉം ജൂണിൽ 4.87ഉം ശതമാനം (രണ്ടും പുതുക്കിയ കണക്ക്) ആയിരുന്നു ചില്ലറ വിലക്കയറ്റം. ഇതു പെട്ടെന്ന് 7.44 ആയതു താൽക്കാലികം ആണെന്ന വിലയിരുത്തൽ ഗൗരവമായി പുന:പരിശോധിക്കേണ്ടി വരും. ഒന്നു രണ്ടു മാസം കൊണ്ട് പച്ചക്കറിവിലകൾ താഴും എന്നു റിസർവ് ബാങ്ക് കരുതുന്നു. എന്നാൽ ധാന്യങ്ങൾ, പയറുവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ക്ഷീരാേൽപന്നങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റം പെട്ടെന്നു ശമിക്കുന്നതായ സൂചന ഇല്ല.
ജൂലെെയിലെ മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം പ്രതീക്ഷിച്ചത്ര കുറഞ്ഞില്ല. തലേ മാസം 4.12 ശതമാനം കുറഞ്ഞ സ്ഥാനത്ത് 1.36 ശതമാനം മാത്രം കുറവ്. വരും മാസങ്ങളിൽ ചില്ലറ വിലക്കയറ്റം വർധിച്ച തോതിൽ തുടരുമെന്നാണ് ഇതിലെ സൂചന.
വിലക്കയറ്റം സംബന്ധിച്ച റിസർവ് ബാങ്ക് നിലപാട്. "അർജുനന്റെ നോട്ടം പോലെ അതീവജാഗ്രത പുലർത്തും. ആവനാഴിയിലെ അസ്ത്രങ്ങൾ യഥാസമയം ഉപയോഗിക്കും" എന്നതാണ്. പക്ഷേ അർജുനൻ മനസ് വയ്ക്കും വരെ വിലക്കയറ്റം വരുതിയിൽ നിൽക്കുമോ?
കേന്ദ്രബാങ്കുകൾ നിരക്കു നിർണയിക്കാൻ സ്വീകരിക്കാറുള്ള ടെയ്ലർ നിയമം (Taylor Rule) പാലിച്ചാൽ ഈ മാസം നിരക്ക് കൂട്ടണ്ടേതായിരുന്നു എന്നു കാണാം. പക്ഷേ ദാസ് മടിച്ചു നിന്നു. ഓഹരിവിപണിയെ തൃപ്തിപ്പെടുത്തുകയാണോ ന്യൂഡൽഹിയുടെ പ്രീതി നിലനിർത്തുകയാണോ ഇതിലെ ലക്ഷ്യം?