'x' സൗജന്യം നിര്‍ത്തിയേക്കും; ചെറിയ തുക വാങ്ങുമെന്ന് മസ്ക്

Update: 2023-09-19 10:50 GMT

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‍‍ഫോമായ എക്സ് (ട്വിറ്റര്‍) ദീര്‍ഘകാലം സൗജന്യമായി തുടരില്ലെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഒരു തത്സമയ സംവാദത്തിൽ, എക്സ് ഉടമ ഇലോണ്‍ മസ്ക് ഇക്കാര്യം സൂചിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്. "ബോട്ടുകളുടെ വലിയ സൈന്യത്തെ" നേരിടാനുള്ള ചെലവിലേക്കായി എക്സ് ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസ സബ്‍സ്ക്രിഷന്‍ അടിസ്ഥാനത്തില്‍ തുക ഈടാക്കുന്നതാണ് ആലോചിക്കുന്നത്. എത്ര തുകയാണ് ഈടാക്കുക എന്നത് മസ്ക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ "ചെറിയ തുക" എന്നാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

പ്ലാറ്റ്‍‍ഫോമില്‍ കൃത്രിമത്വം കാണിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ബോട്ടുകളെ നേരിടുന്നത്, സുതാര്യമായ സോഷ്യല്‍ മീഡിയ അനുഭവത്തിന് അനിവാര്യമാണെന്ന് മസ്ക് പറയുന്നു. ഇത് ആദ്യമായല്ല എക്‌സിന് നിരക്ക് ഈടാക്കുന്നതിനുള്ള ആശയം മസ്‍ക് മുന്നോട്ടുവെക്കുന്നത്.. 2022-ൽ, ട്വിറ്റര്‍ ഏറ്റെടുത്ത വേളയില്‍ തന്നെ അദ്ദേഹം ഇക്കാര്യം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്ഥിരീകരണത്തിനായി ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുന്നതിലൂടെ ബോട്ടുകളെയും വ്യാജ അക്കൌണ്ടുകളെയും വലിയ പരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് മസ്‌ക് വളരെക്കാലമായി വാദിക്കുന്നു.

ഇപ്പോള്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പണമടച്ചുള്ള സബ്‍സ്ക്രിപ്ഷനിലൂടെ എക്സ് പ്രീമിയം നടപ്പിലാക്കിയിട്ടുണ്ട്. എക്സ് പ്രീമിയം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പോസ്റ്റുകളും ദൈർഘ്യമേറിയ പോസ്റ്റുകളും കാണാനാകും എന്നതുള്‍പ്പയെയുള്ള കൂടുതൽ സവിശേഷതകൾ ലഭ്യമാണ്. ട്വിറ്ററിന് ഏറ്റെടുത്തത് മുതല്‍ നിരവധി പരിഷ്കരണങ്ങള്‍ കമ്പനിക്കകത്തും പ്ലാറ്റ്‍ഫോമിലും ഇലോണ്‍ മസ്ക് നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് പ്ലാറ്റ്‍ഫോമിന്‍റെ പേര് തന്നെ എക്സ് എന്നതിലേക്ക് മാറ്റിയത്. 

എക്സിന് ഇപ്പോൾ 550 ദശലക്ഷം പ്രതിമാസ ഉപയോക്താക്കൾ ഉണ്ട്, ഇവര്‍ പ്രതിദിനം 100 ദശലക്ഷം മുതൽ 200 ദശലക്ഷം വരെ പോസ്റ്റുകൾ സൃഷ്ടിക്കുന്നുവെന്നും മസ്‍ക് കൂട്ടിച്ചേർത്തു. 

Tags:    

Similar News